2035-ഓടെ ലോകത്തെ മുസ്‌ലിം ജനസംഖ്യ ക്രിസ്ത്യൻ ജനസംഖ്യയെ മറികടക്കുമെന്ന പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ക്രിസ്ത്യൻ വിശ്വാസികളോട് അസാധാരണമായ ആഹ്വാനവുമായി മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് രംഗത്ത്. വിവാഹം കഴിച്ച് കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്നും, അവരെ പള്ളിയിൽ വളർത്തി അമേരിക്കയെ സ്നേഹിക്കാൻ പഠിപ്പിക്കണമെന്നുമാണ് കരോലിൻ ലീവിറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രമുഖ ഗവേഷണ സ്ഥാപനമായ പ്യൂ റിസർച്ച് സെന്ററും (Pew Research Center) പോളണ്ടിലെ സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഓഫ് പോപ്പുലേഷൻ ആൻഡ് റിലീജിയനും ചേർന്ന് നടത്തിയ പഠനത്തെക്കുറിച്ചുള്ള വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് സമൂഹമാധ്യമമായ എക്സിൽ (X) പങ്കുവെച്ചുകൊണ്ടായിരുന്നു അവരുടെ ഈ പ്രതികരണം. “വിവാഹം കഴിക്കൂ, കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകൂ, അവരെ പള്ളിയിൽ വളർത്തൂ, അമേരിക്കയെ സ്നേഹിക്കാൻ പഠിപ്പിക്കൂ” എന്നായിരുന്നു ലീവിറ്റിന്റെ കുറിപ്പ്.
പുതിയ ജനസംഖ്യാ കണക്കുകൾ പ്രകാരം 2035-ഓടെ ലോകത്തെ മുസ്‌ലിം ജനസംഖ്യ 257 കോടിയിലെത്തുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗമായ ക്രിസ്ത്യൻ ജനസംഖ്യയെ മുസ്‌ലിം ജനസംഖ്യ മറികടന്നേക്കും. 2020-ലെ കണക്കുകൾ പ്രകാരം ലോകത്തെ ക്രിസ്ത്യൻ ജനസംഖ്യ 227 കോടിയും മുസ്‌ലിം ജനസംഖ്യ 202 കോടിയുമായിരുന്നു. ഇരു മതവിഭാഗങ്ങളുടെയും ജനസംഖ്യ വരും വർഷങ്ങളിൽ വർദ്ധിക്കുമെങ്കിലും, മുസ്‌ലിം ജനസംഖ്യ താരതമ്യേന വേഗത്തിൽ ഉയരുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
മറ്റ് പ്രധാന മതവിഭാഗങ്ങളിലെ സ്ത്രീകളെ അപേക്ഷിച്ച് മുസ്‌ലിം സ്ത്രീകൾക്ക് ശരാശരി കൂടുതൽ കുട്ടികളുണ്ടാകുന്നതാണ് (ഉയർന്ന പ്രത്യുൽപ്പാദന നിരക്ക്) ഈ ജനസംഖ്യാ വ്യത്യാസത്തിന് പ്രധാന കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ഇതിനുപുറമെ, മുസ്‌ലിം ജനസംഖ്യയിൽ യുവാക്കളുടെ എണ്ണം കൂടുതലാണെന്നതും ജനസംഖ്യാ വളർച്ചയുടെ വേഗത കൂട്ടുന്നു. ആഗോളതലത്തിൽ മതപരിവർത്തനത്തേക്കാൾ ഉപരിയായി ജനനനിരക്കും മരണനിരക്കുമാണ് ജനസംഖ്യാ ഘടനയിലെ ഈ മാറ്റത്തിന് പിന്നിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നത്.
പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകനായ മാർസിൻ സ്റ്റോണിയാക്കും ഈ വസ്തുത ശരിവെക്കുന്നുണ്ട്. ജനസംഖ്യാ വളർച്ചയിൽ ‘കുഞ്ഞുങ്ങളാണ് ഏറ്റവും പ്രധാന ഘടകം’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, മതവിശ്വാസമില്ലാത്തവരുടെ (Religiously unaffiliated) എണ്ണം പാശ്ചാത്യ രാജ്യങ്ങളിൽ വർദ്ധിക്കുന്നതും ക്രിസ്ത്യൻ ജനസംഖ്യാ വളർച്ചയുടെ വേഗത കുറയാൻ കാരണമാകുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കരോലിൻ ലീവിറ്റിന്റെ എക്സ് പോസ്റ്റിന് പിന്നാലെ അമേരിക്കൻ രാഷ്ട്രീയ-സാമൂഹിക വൃത്തങ്ങളിൽ ഈ വിഷയത്തിൽ വലിയ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കുമാണ് തുടക്കമായിരിക്കുന്നത്.












