ശ്രീ ഗുരുനാനാക്ക് ദേവ് ജിയുടെ പ്രകാശ് പുരബ് ദിനത്തിൽ ശിരോമണി അകാലിദൾ ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് (എൻഡിഎ) തിരിച്ചെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബിജെപിയും അകാലിദളും വീണ്ടും ഒന്നിക്കുന്നത്. പഞ്ചാബിന്റെയും പഞ്ചാബികളുടെയും ക്ഷേമമാണ് മുൻഗണനയെന്നും ഇത് സ്വാഭാവിക സഖ്യമാണെന്നും മോദി സമൂഹമാധ്യമത്തിൽ കുറിച്ചു. അടൽ ബിഹാരി വാജ്പേയി, എൽ കെ അദ്വാനി, സർദാർ പ്രകാശ് സിംഗ് ബാദൽ എന്നിവർ വളർത്തിയെടുത്ത ഈ സഖ്യം കാലപ്പഴക്കത്തെ അതിജീവിച്ചതാണെന്നും പഞ്ചാബിലെ ജനങ്ങളുടെ പ്രിയപ്പെട്ട തിരഞ്ഞെടുപ്പായി സഖ്യം മാറുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വരാനിരിക്കുന്ന 2027-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒരുമിച്ച് മത്സരിക്കാൻ തീരുമാനിച്ചതായി ന്യൂഡൽഹിയിൽ ചേർന്ന സംയുക്ത വാർത്താസമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു.
ബിജെപി അധ്യക്ഷൻ നിതിൻ നബിൻ, അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ എന്നിവർക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് സഖ്യം അമിത് ഷാ സ്ഥിരീകരിച്ചത്. പഞ്ചാബിലെ മുഴുവൻ 117 സീറ്റുകളിലും സഖ്യം ഒന്നിച്ചു മത്സരിക്കുമെന്നും അകാലിദൾ ‘ജ്യേഷ്ഠ സഹോദരന്റെ’ റോളിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജ്യേഷ്ഠ സഹോദരനായി വരുന്ന പാർട്ടിയിൽ നിന്നായിരിക്കും മുഖ്യമന്ത്രിയെന്നും എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്നും അമിത് ഷാ വ്യക്തമാക്കി. സഖ്യം കേവലം രാഷ്ട്രീയ കൂട്ടുകെട്ടല്ലെന്നും വൈകാരിക ബന്ധമാണെന്നും സുഖ്ബീർ സിംഗ് ബാദൽ വിശേഷിപ്പിച്ചു. പഞ്ചാബിന്റെയും രാജ്യത്തിന്റെയും സിഖ് സമൂഹത്തിന്റെയും താല്പര്യത്തിനായാണ് ഈ സഖ്യമെന്നും സമാധാനവും സാഹോദര്യവും നിലനിർത്താൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രത്തിന്റെ മൂന്ന് കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് 2020 സെപ്റ്റംബറിലാണ് അകാലിദൾ 24 വർഷം നീണ്ട ബിജെപി സഖ്യം അവസാനിപ്പിച്ചത്. പിന്നീട് നിയമങ്ങൾ പിൻവലിച്ചെങ്കിലും 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും വെവ്വേറെയാണ് മത്സരിച്ചത്. സീറ്റ് വിഭജന ചർച്ചകൾ ഉടൻ ആരംഭിക്കുമെന്ന് ബിജെപി അധ്യക്ഷൻ നിതിൻ നബിൻ അറിയിച്ചു. അതേസമയം 2027-ലെ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയെയും കോൺഗ്രസിനെയും നേരിടാനാണ് പുതിയ സഖ്യം ഒരുങ്ങുന്നത്. സഖ്യ പ്രഖ്യാപനത്തിന് പിന്നാലെ കർഷക സമര വിവാദം ഉയർത്തിക്കാട്ടി ആം ആദ്മി പാർട്ടിയും കോൺഗ്രസും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.












