ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിലെ തട്ടിപ്പുകളും ഡമ്മി ബുക്കിങ്ങുകളും തടയുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രധാന പരിഷ്കാരം നടപ്പിലാക്കുന്നു. ചൊവ്വാഴ്ച രാത്രി മുതൽ നിലവിൽ വരുന്ന പുതിയ സംവിധാനമനുസരിച്ച്, ബുക്ക് ചെയ്ത സ്ലോട്ടുകൾ റദ്ദാക്കിയാൽ വീണ്ടും ബുക്ക് ചെയ്യുന്നതിന് എട്ട് മണിക്കൂർ കാത്തിരിപ്പ് സമയം നിർബന്ധമാക്കിയിട്ടുണ്ട്. കൂട്ടത്തോടെ സ്ലോട്ടുകൾ ബുക്ക് ചെയ്ത ശേഷം റദ്ദാക്കുന്ന പ്രവണത തടയാനും അർഹരായ പുതിയ തീർത്ഥാടകർക്ക് അവസരം ലഭ്യമാക്കാനുമാണ് ഈ നടപടിയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. മുൻവർഷത്തെ അപേക്ഷിച്ച് തീർത്ഥാടകരുടെ എണ്ണത്തിൽ 47 ശതമാനത്തോളം കുറവുണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ചില ഏജൻസികൾ വൻതോതിൽ ഡമ്മി ബുക്കിങ്ങുകൾ നടത്തുന്നതായി കണ്ടെത്തിയത്.
ഏജൻസികൾ മുൻകൂട്ടി സ്ലോട്ടുകൾ തടഞ്ഞുവെക്കുകയും യാത്രക്കാരെ ലഭിക്കാത്ത സാഹചര്യത്തിൽ അവ റദ്ദാക്കാതെ വിടുകയും ചെയ്യുന്നത് സാധാരണ ഭക്തർക്ക് ദർശന അവസരം നഷ്ടപ്പെടാൻ കാരണമായിരുന്നു. ഇതിന് പുറമെ കൂട്ടത്തോടെയുള്ള ബുക്കിങ്ങുകൾ അവസാനിപ്പിക്കാൻ ആധാർ അധിഷ്ഠിത ഒടിപി പരിശോധനയും നേരത്തെ നിർബന്ധമാക്കിയിട്ടുണ്ട്. ബുക്കിങ് ക്രമക്കേടുകൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ എഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സീസണിന്റെ തുടക്കത്തിൽ ഭക്തരുടെ എണ്ണം കുറയ്ക്കാൻ ആസൂത്രിത ശ്രമം നടന്നിട്ടുണ്ടോ എന്ന് സൈബർ ഫോറൻസിക് വിഭാഗം പരിശോധിക്കുകയാണെന്നും ബോർഡ് അറിയിച്ചു.
ആവശ്യമെങ്കിൽ കൂടുതൽ സ്പോട്ട് ബുക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന കാര്യവും ബോർഡിന്റെ പരിഗണനയിലുണ്ട്.
മണ്ഡല-മകരവിളക്ക് തീർത്ഥാടനം ഒരാഴ്ച പിന്നിടുമ്പോൾ സന്നിധാനത്തെ ക്രമീകരണങ്ങളിൽ പൂർണ്ണ സംതൃപ്തിയുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
വെർച്വൽ ക്യൂ വഴിയോ സ്പോട്ട് ബുക്കിങ് വഴിയോ മാത്രം ഭക്തർ എത്തുന്നതിനാൽ തിരക്ക് കൃത്യമായി നിയന്ത്രിക്കാൻ സാധിക്കുന്നുണ്ട്. തിങ്കളാഴ്ച എഴുപത്തയ്യായിരത്തോളം ഭക്തർ ദർശനം നടത്തിയതായും ചൊവ്വാഴ്ച എൺപതിനായിരത്തോളം പേരെ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. നിലയ്ക്കലിൽ പന്ത്രണ്ടായിരം വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും പണമിടപാടുകൾ പൂർണ്ണമായും ഡിജിറ്റൽ ആക്കിയതിലൂടെ വരുമാന ചോർച്ച തടയാൻ കഴിഞ്ഞതായും അധികൃതർ കൂട്ടിച്ചേർത്തു.












