ഇടുക്കി: ചിന്നക്കനാലിലെ ജനവാസ മേഖലകളിൽ ഭീതി വിതയ്ക്കുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ നിർണ്ണായക ദൗത്യമായ ‘മിഷൻ ചക്കക്കൊമ്പൻ’ ആരംഭിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് 100 അംഗ വനംവകുപ്പ് ഉദ്യോഗസ്ഥരും അഞ്ച് വെറ്ററിനറി ഡോക്ടർമാരും അടങ്ങുന്ന ദൗത്യസംഘം വിവിധ ടീമുകളായി തിരിഞ്ഞ് ദൗത്യം തുടങ്ങിയത്. രാവിലെ തന്നെ ദൗത്യത്തിന്റെ ആദ്യ കടമ്പ കടക്കാൻ സംഘത്തിനായി. അതിരാവിലെ 80 ഏക്കർ കോളനിക്ക് സമീപമുള്ള പൊന്നുസ്വാമി എസ്റ്റേറ്റിൽ ചക്കക്കൊമ്പനെ ദൗത്യസംഘം കണ്ടെത്തി.
തുടർന്ന് ആനയിറങ്കൽ അണക്കെട്ടിന് സമീപമെത്തിയ കൊമ്പൻ പിന്നീട് ഡാമിലേക്ക് ഇറങ്ങുകയായിരുന്നു. 80 ഏക്കർ കോളനിയുടെ മറുകരയിലുള്ള തുരുത്ത് ലക്ഷ്യമാക്കിയാണ് ആനയുടെ നീക്കം. കഴിഞ്ഞ ദിവസങ്ങളിലും പകൽ സമയങ്ങളിൽ ചക്കക്കൊമ്പൻ ഈ തുരുത്തിലേക്ക് കയറിപ്പോയിരുന്നു. നിലവിൽ ആനയെ മയക്കുവെടി വെക്കാൻ അനുയോജ്യമായ നിരപ്പായ സ്ഥലത്തേക്ക് എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഡാർട്ടിങ് സംഘം. ആനയെ തുറസ്സായ സ്ഥലത്തേക്ക് നീക്കുന്നതിനായി ദൗത്യസംഘം പലതവണ പടക്കം പൊട്ടിച്ചു. ആനയുടെ ഓരോ നീക്കവും തെർമൽ ഡ്രോണുകളുടെ സഹായത്തോടെ വനംവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
വയനാട് മുത്തങ്ങ എലിഫന്റ് ക്യാമ്പിൽ നിന്നെത്തിച്ച വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളും 20 അംഗ പ്രത്യേക ആർ.ആർ.ടി (RRT) സംഘവും ദൗത്യത്തിന്റെ മുൻനിരയിലുണ്ട്. 301 കോളനിക്ക് സമീപമുള്ള നിരപ്പായ പ്രദേശത്തോ, മുമ്പ് അരിക്കൊമ്പനെ പിടികൂടിയ സിമന്റ് പാലത്തെ നിരപ്പായ മേഖലയിലോ വെച്ച് മയക്കുവെടി വെക്കാനാണ് വനംവകുപ്പിന്റെ പദ്ധതി. സാഹചര്യം അനുകൂലമായാൽ ഇന്ന് തന്നെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് ചിന്നക്കനാൽ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തെ സ്കൂളുകൾക്ക് ഇന്ന് അവധി നൽകുകയും, വിനോദസഞ്ചാരത്തിനും സ്വകാര്യ ഡ്രോണുകൾ പറത്തുന്നതിനും കർശന വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം, റേഡിയോ കോളർ ഘടിപ്പിച്ച് ചക്കക്കൊമ്പനെ ചിന്നക്കനാലിൽ തന്നെ തുറന്നുവിടാനുള്ള വനംവകുപ്പിന്റെ തീരുമാനത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്.കൃഷിയിടങ്ങൾ തകർക്കുകയും ജനജീവിതത്തിന് ഭീഷണിയാവുകയും ചെയ്യുന്ന ആനയെ പ്രദേശത്തുനിന്ന് മാറ്റണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. വരും മണിക്കൂറുകളിൽ ചക്കക്കൊമ്പൻ ദൗത്യസംഘത്തിന്റെ വലയിലാകുമോ എന്ന ആകാംക്ഷയിലാണ് ചിന്നക്കനാൽ നിവാസികൾ.












