ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വീണ്ടും നടുക്കി ക്രൂരമായ കൂട്ടബലാത്സംഗം. കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാറിലുള്ള കഫേയിൽ രാത്രി വൈകി നടന്ന പാർട്ടിക്കിടെ 22-കാരിയായ യുവതി സഹപ്രവർത്തകരാൽ കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തിൽ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റ് മൂന്ന് പ്രതികൾ ഒളിവിലാണെന്നും ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.
കാർക്കാർഡൂമയിലെ ക്രോസ് റിവർ മാളിലുള്ള ഒരു കഫേയിലെ ജീവനക്കാരിയാണ് അതിജീവിതയായ 22-കാരി. ഇതേ കഫേയിൽ ഒപ്പം ജോലി ചെയ്യുന്നവരാണ് കേസിലെ പ്രതികളും. തിങ്കളാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. യുവതി ഉൾപ്പെടെ എട്ട് സഹപ്രവർത്തകർ ചേർന്ന് പ്രീത് വിഹാറിലെ ‘സൽത്തനത്ത് കഫേ’യിൽ (Saltanate Cafe) പാർട്ടിക്കായി ഒത്തുകൂടുകയായിരുന്നു. രാത്രി 11.30-ഓടെ കഫേയുടെ പ്രവർത്തന സമയം കഴിഞ്ഞ് അടച്ചെങ്കിലും, സംഘത്തിലൊരാളുടെ കൈവശം കഫേയുടെ താക്കോൽ ഉണ്ടായിരുന്നു.
ഇതേത്തുടർന്ന് സംഘം കഫേ വീണ്ടും തുറക്കുകയും ഉള്ളിൽ വെച്ച് മദ്യപാനവും നൃത്തവും തുടരുകയുമായിരുന്നു.പുലർച്ചെ 3.30-ഓടെയാണ് സംഘം കഫേയിൽ നിന്ന് പുറത്തിറങ്ങിയത്. പാർട്ടിക്കിടെ സംഘത്തിലുണ്ടായിരുന്ന രണ്ട് യുവാക്കൾ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. മറ്റ് സഹപ്രവർത്തകർ പ്രതികൾക്ക് എല്ലാവിധ ഒത്താശയും ചെയ്തു നൽകിയതായും യുവതി ആരോപിച്ചു
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാല് പുരുഷന്മാർക്കും രണ്ട് സ്ത്രീകൾക്കും എതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കൂട്ടബലാത്സംഗത്തിന് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പ്രതികളെ പോലീസ് പിടികൂടിയത്. കഫേയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഒളിവിൽ പോയ മറ്റ് മൂന്ന് പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന് പോലീസ് വ്യക്തമാക്കി.












