കൊച്ചി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപൂർവം പിൻവലിച്ചതാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് രൂക്ഷമായ മറുപടിയും നിർണ്ണായക ചോദ്യങ്ങളുമായി സംവിധായകനും മുൻ സൈനിക ഉദ്യോഗസ്ഥനുമായ മേജർ രവി. രാജീവ് ഗാന്ധി വധക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിനൊപ്പം പ്രവർത്തിച്ച നാഷണൽ സെക്യൂരിറ്റി ഗാർഡ്സ് (NSG) ക്യാപ്റ്റനായിരുന്നു അന്ന് മേജർ രവി. മനോരമ ഓൺലൈനിനോട് പ്രതികരിക്കവെയാണ് അന്നത്തെ സംഭവവികാസങ്ങളെക്കുറിച്ചും അന്വേഷണത്തെക്കുറിച്ചും അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചത്. സുരക്ഷ പിൻവലിച്ചതാണ് കാരണമെങ്കിൽ അതിന് ആരാണ് ഉത്തരവാദിയെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്നും, തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയാൽ രാഹുൽ ഗാന്ധിയുമായി സംവാദത്തിന് തയാറാണെന്നും മേജർ രവി വെല്ലുവിളിച്ചു.
“രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് ഈ ദുരന്തമുണ്ടായത് എന്ന് രാഹുൽ ഗാന്ധി ഇപ്പോൾ പറയുന്നത് ശരിയാണെന്ന് തന്നെ വച്ചോളൂ, പക്ഷേ അതിന് ആരാണ് ഉത്തരവാദി എന്നതാണ് എന്റെ പ്രധാന ചോദ്യം. സുരക്ഷ പിൻവലിച്ചിരുന്നു എന്നാണോ പറയുന്നത്? എനിക്കതിനെക്കുറിച്ച് കൃത്യമായ വിവരമില്ല. കാരണം, അന്ന് വി.പി. സിങ് ആയിരുന്നു പ്രധാനമന്ത്രിയെങ്കിലും ആ സർക്കാർ നിലനിന്നിരുന്നത് കോൺഗ്രസിന്റെ പിന്തുണയോടെയായിരുന്നു. വി.പി.സിങ് ഒരിക്കലും സുരക്ഷ പൂർണ്ണമായി പിൻവലിച്ചിട്ടില്ല. 1991-ൽ പോലും മെഹ്‌റൗളിയിലുള്ള അദ്ദേഹത്തിന്റെ ഫാം ഹൗസിൽ ഞങ്ങൾ എൻ.എസ്.ജി ഉൾപ്പെടെയുള്ള പുറത്തുനിന്നുള്ള സുരക്ഷ നൽകിയിരുന്നു. ഇപ്പോൾ രാഹുൽ ഗാന്ധി അതിനെ ‘സെക്യൂരിറ്റി ലാപ്സ്’ (സുരക്ഷാ വീഴ്ച) എന്നാണ് പറയുന്നത്,” മേജർ രവി വ്യക്തമാക്കി.
അന്ന് ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോൾ ഒരൊറ്റ കോൺഗ്രസ് നേതാവ് പോലും അദ്ദേഹത്തിന് അടുത്തുണ്ടായിരുന്നില്ല എന്നത് വലിയ സംശയം ജനിപ്പിക്കുന്ന കാര്യമാണെന്ന് മേജർ രവി നേരത്തെയും ചൂണ്ടിക്കാട്ടിയിരുന്നു. രാജീവ് ഗാന്ധി കൊല്ലപ്പെടുമെന്ന് അറിഞ്ഞുകൊണ്ടാണോ അന്ന് കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തിൽ നിന്ന് അകലം പാലിച്ചതെന്നും അദ്ദേഹം ചോദിക്കുന്നു.
സോണിയാ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ (Belonging: A Journey of Love) എന്ന പുസ്തകത്തെക്കുറിച്ച് സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്ന് നടത്തിയ സംഭാഷണത്തിലാണ് രാഹുൽ ഗാന്ധി സുരക്ഷാ വിഷയം വീണ്ടും ഉന്നയിച്ചത്. പിതാവിന്റെ സുരക്ഷ പിൻവലിച്ചതിന് പിന്നിൽ പ്രത്യേക ഉദ്ദേശ്യലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും, കൊല്ലപ്പെടാനുള്ള സാഹചര്യം ബോധപൂർവം സൃഷ്ടിക്കപ്പെടുകയായിരുന്നുവെന്നും രാഹുൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വധക്കേസ് അന്വേഷണ സംഘത്തിൽ നേരിട്ട് പങ്കാളിയായിരുന്ന മേജർ രവിയുടെ ഈ തുറന്നുപറച്ചിലും വെല്ലുവിളിയും പുറത്തുവന്നിരിക്കുന്നത്.








