ജറുസലേം / ടെഹ്റാൻ: പശ്ചിമേഷ്യയെ വീണ്ടും ആശങ്കയുടെ മുൾമുനയിലാക്കി ഇസ്രയേലും ഇറാനും തമ്മിലുള്ള വാക്പോരും സൈനിക മുന്നറിയിപ്പുകളും രൂക്ഷമാകുന്നു. ഇറാൻ നിലവിൽ രാസായുധങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന ഗുരുതര ആരോപണവുമായി ഇസ്രയേൽ കെയർടേക്കർ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് രംഗത്തെത്തി. ഇതിന് പിന്നാലെ, മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ എവിടേക്ക് മാറ്റിയാലും അവ ഇറാന്റെ പ്രഹരപരിധിയിൽ തന്നെയായിരിക്കുമെന്ന് ഇറാൻ സായുധ സേനാ മേധാവി മേജർ ജനറൽ അലി അബ്ദുള്ളാഹി തിരിച്ചടിച്ചു.
ഇറാൻ രാസായുധങ്ങൾ നിർമ്മിക്കുന്ന പ്രക്രിയയിലാണെന്നും എന്നാൽ ഇസ്രയേലിനെ ആക്രമിക്കാനുള്ള ശേഷിയിലേക്ക് അവർ ഇതുവരെ എത്തിയിട്ടില്ലെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. ഇറാനെ ആ ശേഷി കൈവരിക്കാൻ ഇസ്രയേൽ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2025 ജൂണിൽ ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാന്റെ പ്രധാന കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിന് ശേഷം അവർ ആണവ പദ്ധതികൾ പുനരാരംഭിച്ചിട്ടില്ലെങ്കിലും, അതിനുള്ള ശ്രമങ്ങൾ നടത്തുന്നതിന്റെ സൂചനകളുണ്ടെന്ന് കാറ്റ്സ് ആരോപിച്ചു. ഇറാൻ ഇസ്രയേലിനെ ആക്രമിക്കാൻ ഉദ്ദേശിക്കുന്നുവെന്ന് തിരിച്ചറിഞ്ഞാൽ, ഭീഷണി ഒഴിവാക്കാൻ സൈന്യത്തോട് മുൻകൂട്ടി ആക്രമണം നടത്താൻ നിർദ്ദേശിക്കാവുന്നതാണെന്നും, ഇറാൻ ആദ്യം ആക്രമിച്ചാൽ അതൊരു പരാജയമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കൻ സെൻട്രൽ കമാൻഡുമായി (CENTCOM) ചേർന്ന് സംയുക്ത നീക്കത്തിന് തയ്യാറെടുക്കുകയാണെന്നും ഇസ്രയേൽ മന്ത്രി വെളിപ്പെടുത്തി. ഇറാൻ രാസായുധങ്ങൾ പ്രയോഗിക്കാൻ ആലോചിക്കുന്നുവെന്ന രഹസ്യാന്വേഷണ വിവരം അമേരിക്കയ്ക്കും ഗൾഫ് രാജ്യങ്ങൾക്കും ഇസ്രയേൽ കൈമാറിയതായി ഇസ്രയേലി മാധ്യമമായ ‘കാൻ’ (Kan) റിപ്പോർട്ട് ചെയ്തു.
ഇസ്രയേലിന്റെ പ്രസ്താവനകൾക്ക് തൊട്ടുമുമ്പ് ചൊവ്വാഴ്ച ബസീജ് വാരാചരണത്തോടനുബന്ധിച്ച് നടന്ന യോഗത്തിലാണ് ഇറാൻ സൈനിക മേധാവി അലി അബ്ദുള്ളാഹി അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ചത്.അടുത്തിടെയുണ്ടായ യുദ്ധത്തിൽ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായും, അവയിൽ ഭൂരിഭാഗവും ഉപയോഗശൂന്യമായതായും അദ്ദേഹം അവകാശപ്പെട്ടു. പല താവളങ്ങളും പഴയ പ്രവർത്തനക്ഷമതയിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്നും, അതിനാൽ താവളങ്ങൾ വിദൂര പ്രദേശങ്ങളിലേക്ക് മാറ്റാൻ അമേരിക്ക ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എവിടേക്ക് മാറ്റിയാലും അമേരിക്കൻ താവളങ്ങൾ ഇറാൻ സൈന്യത്തിന്റെ മിസൈൽ പരിധിയിൽ തന്നെയായിരിക്കുമെന്ന് അബ്ദുള്ളാഹി താക്കീത് നൽകി.
അതേസമയം, ഹോർമുസ് കടലിടുക്കിൽ തങ്ങളുടെ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും നടപടികളും ഫലം കാണുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. യുദ്ധം തുടങ്ങുന്നതിന് മുമ്പുണ്ടായിരുന്നതിനേക്കാൾ കൂടുതൽ എണ്ണ ഇപ്പോൾ ഹോർമുസ് കടലിടുക്കിലൂടെ കൊണ്ടുപോകുന്നുണ്ടെന്നും,എണ്ണവില വളരെ വേഗത്തിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. നാവിക ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം വേനൽക്കാലത്തെ ചെറിയ ഇടവേള ഒഴികെ ഒരു ഇറാനിയൻ കപ്പലിനെപ്പോലും കടത്തിവിടാൻ അമേരിക്കൻ സൈന്യം അനുവദിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇരുപക്ഷവും നിലപാടുകൾ കടുപ്പിച്ചതോടെ പശ്ചിമേഷ്യയിൽ വീണ്ടുമൊരു സൈനിക ഏറ്റുമുട്ടലിനുള്ള സാധ്യത ശക്തമായിരിക്കുകയാണ്.











