തിരുവനന്തപുരം: സിപിഎമ്മിൽ വലിയ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് വഴിവെച്ച ഇടുക്കി മാങ്കുളത്തെ ‘ഗ്രാൻഡ് ക്ലിഫ്’ റിസോർട്ട് വിവാദത്തിൽ കൂടുതൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. പി. ജയരാജനെതിരെ ഇ.പി. ജയരാജൻ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉന്നയിച്ച ആരോപണങ്ങളുടെ കേന്ദ്രബിന്ദുവായ ഈ റിസോർട്ടിന്റെ ഉദ്ഘാടനത്തിൽ നിന്ന് അന്നത്തെ ടൂറിസം മന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ. മുഹമ്മദ് റിയാസ് അവസാന നിമിഷം വിട്ടുനിന്നിരുന്നു. ഉദ്ഘാടനത്തിനായി റിയാസിനെയായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും കാരണം വ്യക്തമാക്കാതെ അദ്ദേഹം പിന്മാറുകയായിരുന്നു. എന്നാൽ റിയാസ് പിന്മാറിയ ചടങ്ങിൽ പി. ജയരാജൻ പങ്കെടുക്കുകയും ചെയ്തു.
റിസോർട്ടുമായി ബന്ധപ്പെട്ട തർക്കങ്ങളും ദുരൂഹതകളും പാർട്ടി നേതൃത്വത്തിന് നേരത്തെ തന്നെ അറിവുണ്ടായിരുന്നുവെന്ന സൂചനയാണ് റിയാസിന്റെ പിന്മാറ്റത്തിലൂടെ വ്യക്തമാകുന്നത്. ഇതിനുപുറമെ, റിസോർട്ട് വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നാലാമതൊരു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിനുകൂടി അറിയാമായിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. വിവാദങ്ങൾ അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച കെ.എൻ. ബാലഗോപാൽ, ടി.പി. രാമകൃഷ്ണൻ എന്നിവരടങ്ങിയ രണ്ടംഗ കമ്മിഷൻ ആവശ്യപ്പെട്ടാൽ, ഉദ്ഘാടനത്തിൽ നിന്ന് പിന്മാറിയതിന്റെ കാരണങ്ങൾ മുഹമ്മദ് റിയാസ് കമ്മിഷന് മുന്നിൽ വിശദീകരിച്ചേക്കും.
മാങ്കുളത്തെ റിസോർട്ടിൽ പി. ജയരാജന് ഓഹരി പങ്കാളിത്തമുണ്ടെന്നും, സ്വർണ്ണക്കടത്ത്-ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ളവരുമായി ചേർന്നാണ് റിസോർട്ട് നടത്തുന്നതെന്നും ഇ.പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ രേഖാമൂലം പരാതി നൽകിയതോടെയാണ് വിവാദം കത്തിയത്. റിസോർട്ടിന്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ പി. ജയരാജൻ പങ്കെടുത്തതായും ഇ.പി ആരോപിച്ചിരുന്നു. നേരത്തെ കണ്ണൂരിലെ ‘വൈദേകം’ റിസോർട്ടിനെച്ചൊല്ലി ഇ.പിക്കെതിരെ പി. ജയരാജൻ ഉന്നയിച്ച ആരോപണത്തിന് മറുപടിയായാണ് ഇ.പി ഈ വജ്രായുധം പുറത്തെടുത്തത്.
അതേസമയം, റിസോർട്ട് ഉടമയെ മുൻ ബിസിനസ് പങ്കാളി വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിന്റെ അന്വേഷണം വേഗത്തിലാക്കാനുള്ള ഇടപെടൽ മാത്രമാണ് താൻ നടത്തിയതെന്നാണ് പി. ജയരാജന്റെ വിശദീകരണം. ബിസിനസ് പങ്കാളികളായിരുന്ന ഏറ്റുമാനൂർ സ്വദേശി ഷെമി മുസ്തഫയും ചാവക്കാട് സ്വദേശി ജാമിൽ മുഹമ്മദും തമ്മിൽ ദുബായിൽ തുടങ്ങിയ സാമ്പത്തിക തർക്കമാണ് മാങ്കുളം റിസോർട്ടിലേക്ക് നീണ്ടത്. റിസോർട്ടിലെ പങ്കാളിത്തം ഒഴിഞ്ഞ് ഉടമസ്ഥാവകാശം ഷെമിക്ക് കൈമാറിയെങ്കിലും തനിക്ക് 18 കോടി രൂപ തിരിച്ചുകിട്ടാനുണ്ടെന്ന് ജാമിൽ ആരോപിച്ചിരുന്നു.
ഇതിനിടെ 2023 സെപ്റ്റംബറിൽ അടിമാലിയിൽ വെച്ച് ഷെമിയുടെ വാഹനം അപകടത്തിൽപ്പെട്ടു. ഇത് ജാമിൽ നൽകിയ ക്വട്ടേഷനാണെന്നാരോപിച്ച് ഷെമി നൽകിയ പരാതിയിൽ രണ്ട് പേർ അറസ്റ്റിലായിരുന്നു. എന്നാൽ ജാമിലിനെതിരായ പൊലീസ് അന്വേഷണത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും പ്രത്യേക അന്വേഷണ സംഘം (SIT) കേസ് അന്വേഷിക്കട്ടെയെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഷെമി മുസ്തഫയ്ക്ക് അനുകൂലമായി ഇടുക്കിയിലെ ചില പ്രാദേശിക സിപിഎം നേതാക്കളും ഇടപെട്ടതായി ആരോപണങ്ങളുണ്ട്. ഇരു ജയരാജൻമാരും ഉന്നയിച്ച റിസോർട്ട് ആരോപണങ്ങൾ പാർട്ടി കമ്മിഷൻ വിശദമായി അന്വേഷിക്കാനിരിക്കെ, സിപിഎമ്മിനുള്ളിലെ പോര് വരും ദിവസങ്ങളിൽ കൂടുതൽ സങ്കീർണ്ണമാകുമെന്നുറപ്പാണ്.












