വത്തിക്കാൻ സിറ്റി: അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ സ്വകാര്യ ഡയറിക്കുറിപ്പുകൾ ലോകത്തിന് മുന്നിൽ. ‘ദ പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാൻസിസ്’ എന്ന പേരിൽ അഞ്ച് ഭാഷകളിലായി 94 രാജ്യങ്ങളിലാണ് ഈ പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്. 1960-കൾക്ക് ശേഷം ആദ്യമായാണ് ഒരു മാർപാപ്പയുടെ സ്വകാര്യ ഡയറി ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത്. 12 വർഷക്കാലം കത്തോലിക്കാ സഭയെ നയിച്ച ശേഷം 2025 ഏപ്രിലിൽ 88-ാം വയസ്സിൽ അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ 1992 മുതൽ 2024 വരെയുള്ള സുപ്രധാന കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്.
മുപ്പതിലേറെ വർഷക്കാലം കറുത്ത ചട്ടയുള്ള ഡയറിയിൽ ചെറിയ, ചരിഞ്ഞ അക്ഷരങ്ങളിൽ അദ്ദേഹം സ്വന്തം അനുഭവങ്ങളും ചിന്തകളും കുറിച്ചിരുന്നു. താൻ കണ്ടുമുട്ടിയ മനുഷ്യർ, ജീവിതത്തിലെ ഭയങ്ങൾ, തനിക്ക് സംഭവിച്ച പിഴവുകൾ, പിശാചുമായുണ്ടായ കണ്ടുമുട്ടലുകളെന്ന് അദ്ദേഹം വിശ്വസിച്ച അനുഭവങ്ങൾ എന്നിവയെല്ലാം ഈ പുസ്തകത്തിൽ ഉൾപ്പെടുന്നു.
ഡയറിയിലെ ഏറ്റവും ശ്രദ്ധേയവും ചർച്ചയാകുന്നതുമായ ഭാഗങ്ങൾ പിശാചിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ്. 2021-ലെ കുറിപ്പിൽ മൂന്നുതവണ ചെകുത്താനെ ദർശിച്ചതായും ആ പരുപരുത്ത ശബ്ദം കേട്ടതായും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. കാർ യാത്രയ്ക്കിടെയായിരുന്നു ആദ്യ ദർശനം. രണ്ടാമത്തേത് വിശുദ്ധ കുർബാനയ്ക്കിടെ ഗായകസംഘത്തിന് മുകളിൽ നിലയുറപ്പിച്ച നിലയിലും, മൂന്നാമത്തേത് വത്തിക്കാൻ ഉദ്യോഗസ്ഥരുമായുള്ള നിർണ്ണായക യോഗത്തിനിടെയുമായിരുന്നുവെന്ന് ഡയറിയിൽ പറയുന്നു.
റോമൻ കൂരിയയുടെ ഭരണവുമായി ബന്ധപ്പെട്ട ചില സന്ദർഭങ്ങളിലും, സഭയ്ക്കുള്ളിലെ ആഭ്യന്തര പ്രതിസന്ധികൾക്കിടയിലും പിശാചിന്റെ സാന്നിധ്യം അനുഭവിച്ചതായി മാർപാപ്പ കുറിച്ചിട്ടുണ്ടെന്ന് വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അർജന്റീനയിലെ വൈദികനായിരുന്ന കാലം മുതൽ മാർപാപ്പ പദവിയിലെത്തിയ ശേഷമുള്ള നിർണ്ണായക തീരുമാനങ്ങളും, സഭയിലെ പരിഷ്കരണ ശ്രമങ്ങൾക്കിടെ നേരിട്ട എതിർപ്പുകളും ഡയറിയിൽ തുറന്നെഴുതിയിട്ടുണ്ട്.
ജീവിതത്തിന്റെ അവസാന നാളുകളിൽ തനിക്ക് ഏറ്റവും വിശ്വസ്തരായവരോട് ഈ ഡയറി പ്രസിദ്ധീകരിക്കാൻ അദ്ദേഹം അനുമതി നൽകിയിരുന്നു. ലോകമെമ്പാടുമുള്ള വിശ്വാസികൾക്കും ചരിത്രകാരന്മാർക്കും ഒരുപോലെ കൗതുകവും ആശ്ചര്യവും നൽകുന്നതാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഈ ആത്മകഥാപരമായ കുറിപ്പുകൾ.












