മധുര: ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി മാലയിട്ട് സ്കൂളിലെത്തിയ രണ്ട് വിദ്യാർത്ഥികളെ ക്ലാസിൽ കയറ്റാതെ പുറത്ത് ഇരുത്തിയതായി പരാതി. മധുര നാഗമലൈ പുതുക്കോട്ടയിലെ സ്വകാര്യ സ്കൂൾ മാനേജ്‌മെന്റിനെതിരെ കുട്ടികളുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും രക്ഷിതാക്കൾക്ക് തെറ്റിദ്ധാരണ ഉണ്ടായതാണെന്നുമാണ് സ്കൂൾ പ്രിൻസിപ്പലിന്റെ വിശദീകരണം. സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ (DEO) അന്വേഷണം നടത്തി സ്കൂളിന് താക്കീത് നൽകി.
ഏഴാം ക്ലാസിൽ പഠിക്കുന്ന ദർശൻ (12), ആറാം ക്ലാസിൽ പഠിക്കുന്ന നിവിൻ സായ് (11) എന്നീ സഹോദരങ്ങൾക്കാണ് ഈ ദുരനുഭവമുണ്ടായത്. ശബരിമല വ്രതത്തിന്റെ ഭാഗമായി താൻ മക്കളെ മാല ധരിപ്പിച്ചിരുന്നുവെന്നും, സ്കൂൾ യൂണിഫോമിൽ ചെരുപ്പ് ധരിക്കാതെയും നെറ്റിയിൽ ഭസ്മവും കുങ്കുമവും തൊട്ടുമാണ് ഇരുവരും സ്കൂളിൽ പോയിരുന്നതെന്നും പിതാവും ലിഫ്റ്റ് ഓപ്പറേറ്ററുമായ സതീഷ് പാണ്ഡ്യൻ പരാതിയിൽ പറയുന്നു.
ഷൂസ് നിർബന്ധമാണെന്നതും മതപരമായ മാലകൾ, ഭസ്മം, ചന്ദനം എന്നിവ അനുവദിക്കില്ലെന്നുമുള്ള സ്കൂൾ ചട്ടങ്ങൾ ചൂണ്ടിക്കാട്ടി മാനേജ്‌മെന്റും അധ്യാപകരും കുട്ടികളെ ക്ലാസിൽ കയറാൻ അനുവദിച്ചില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ മൂന്ന് ദിവസമായി കുട്ടികളെ ക്ലാസിന് പുറത്ത് ഇരുത്തിയതായും പരാതിയിൽ പറയുന്നു. ഇക്കാര്യം അറിഞ്ഞ് സ്കൂളിലെത്തിയപ്പോൾ മക്കൾ പുറത്ത് ഇരിക്കുന്ന കാഴ്ച കണ്ട് ഞെട്ടിപ്പോയെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി. മറ്റ് രക്ഷിതാക്കളുടെ പരാതികളിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നാഗമലൈ പുതുക്കോട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു.
അതേസമയം, മാതാപിതാക്കളുടെ ആരോപണങ്ങൾ സ്കൂൾ പ്രിൻസിപ്പൽ ജയപാൽ നിഷേധിച്ചു. കുട്ടികൾ ഹോംവർക്ക് പൂർത്തിയാക്കിയിട്ടില്ലാത്തതിനാലും അവധി ആവശ്യപ്പെട്ടതിനാലും മാതാപിതാക്കളെ കൂട്ടി വരാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും, മതപരമായ കാരണങ്ങളാൽ ക്ലാസിൽ പ്രവേശിപ്പിക്കാതിരുന്നിട്ടില്ലെന്നുമാണ് പ്രിൻസിപ്പലിന്റെ വാദം. വിഷയത്തിൽ രക്ഷിതാക്കൾക്ക് തെറ്റിദ്ധാരണ സംഭവിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു.
വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്കൂൾ പ്രിൻസിപ്പലുമായി സംസാരിച്ച് വിവരങ്ങൾ തേടിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ (DEO) കർമ്മേഗം വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ കർശന നിർദ്ദേശങ്ങൾ സ്കൂൾ അധികൃതർക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീർത്ഥാടന കാലത്ത് വിദ്യാർത്ഥികളുടെ വ്രതാനുഷ്ഠാനങ്ങളെയും വിശ്വാസങ്ങളെയും മാനിച്ചുകൊണ്ടുള്ള സമീപനം സ്കൂൾ ഭാഗത്തുനിന്നുണ്ടാകണമെന്ന ആവശ്യവും സമൂഹമാധ്യമങ്ങളിലടക്കം ശക്തമാകുന്നുണ്ട്.










