പത്താൻകോട്ട്: പഞ്ചാബിലെ പത്താൻകോട്ട് ജില്ലയിൽ അന്താരാഷ്ട്ര അതിർത്തി വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്ഥാൻ സ്വദേശിയെ അതിർത്തിരക്ഷാ സേന (BSF) വെടിവെച്ചുകൊന്നു. വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ പത്താൻകോട്ടിലെ ബാമിയാൽ സെക്ടറിലെ പഹാദ്പൂർ ബോർഡർ ഔട്ട്‌പോസ്റ്റിന് സമീപം ഉജ്ജ് നദിക്കരയിലാണ് സംഭവം. നുഴഞ്ഞുകയറ്റക്കാരൻ ഏകദേശം 120 മീറ്ററോളം ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് കടന്നതായി റിപ്പോർട്ടുകളുണ്ട്. ഡിഎസ്പി (റൂറൽ) രാജീന്ദർ സിംഗ് മൻഹാസ് സംഭവം സ്ഥിരീകരിച്ചു.
ഇരുട്ടിന്റെ മറവിൽ അതിർത്തി കടന്ന് ഇന്ത്യൻ ഭാഗത്തേക്ക് നീങ്ങുന്ന സംശയാസ്പദമായ നീക്കം പഹാദ്പൂർ ഔട്ട്‌പോസ്റ്റിലുണ്ടായിരുന്ന ബിഎസ്എഫ് ജവാന്മാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ജവാന്മാർ ഉടൻ തന്നെ നിലയുറപ്പിക്കുകയും മുന്നറിയിപ്പ് നൽകി തടയാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ മുന്നറിയിപ്പുകൾ അവഗണിച്ച് മുന്നോട്ട് നീങ്ങിയതോടെയാണ് ബിഎസ്എഫ് വെടിയുതിർത്തതും നുഴഞ്ഞുകയറ്റക്കാരൻ കൊല്ലപ്പെട്ടതും. സംഭവത്തിന് പിന്നാലെ അതിർത്തി മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
മഞ്ഞുകാലത്തിന്റെ തുടക്കത്തോടെ കനത്ത മൂടൽമഞ്ഞും കാഴ്ചക്കുറവും മുതലെടുത്ത് നുഴഞ്ഞുകയറ്റമോ മറ്റ് നിയമവിരുദ്ധ നീക്കങ്ങളോ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പഞ്ചാബ് അതിർത്തിയിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. സെൻസിറ്റീവ് മേഖലയായ ബാമിയാൽ സെക്ടറിൽ സുരക്ഷാസേന നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.
പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വെടിവെച്ചുകൊന്ന് രണ്ട് മാസം തികയുന്നതിന് മുമ്പാണ് പുതിയ സംഭവം. ഒക്ടോബർ രണ്ടിനായിരുന്നു തരൺ തരണിലെ സംഭവം. അന്ന് മൂന്ന് നുഴഞ്ഞുകയറ്റക്കാരാണ് ഇന്ത്യൻ ഭാഗത്തേക്ക് നീങ്ങിയതെന്നും ഒരാൾ പിന്തിരിഞ്ഞോടിയെന്നും ബാക്കിയുള്ള രണ്ട് പേർ ബിഎസ്എഫിന്റെ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയെന്നും തരൺ തരൺ (ഭിക്കിവിന്ഡ്) ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് അതുൽ സോണി വ്യക്തമാക്കിയിരുന്നു.
ജവാന്മാരെ പ്രകോപിപ്പിക്കുകയും ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കണമെന്ന് ആക്രോശിക്കുകയും ചെയ്തതോടെയാണ് അന്ന് ബിഎസ്എഫ് വെടിയുതിർത്തതെന്ന് സെൻട്രി ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നു. എന്നാൽ അന്ന് ഇന്ത്യയുടെ വാദം തള്ളിയ പാകിസ്ഥാൻ, കൊല്ലപ്പെട്ടവർ നിരായുധരായ സാധാരണ പൗരന്മാരാണെന്നും അബദ്ധത്തിൽ അതിർത്തി കടന്നതാണെന്നുമാണ് അവകാശപ്പെട്ടത്. ഇതിനെതിരെ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ ചാർജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.










