ഉപരിപഠനത്തിനായി ഇന്ത്യയിലെത്തിയത് തന്റെ ജീവിതത്തിലെ വലിയൊരു ‘തെറ്റായിപ്പോയി’ എന്ന വിചിത്രമായ വെളിപ്പെടുത്തലുമായി സിംബാബ്‌വേ സ്വദേശിയായ യുവാവ്. എന്നാൽ കാര്യം കേട്ട് ഞെട്ടേണ്ട, പരാതികളല്ല മറിച്ച് ഇന്ത്യയോടുള്ള അടങ്ങാത്ത സ്നേഹവും ഇവിടുത്തെ ജീവിതത്തോടുള്ള ഇഷ്ടവുമാണ് കലുമ്പ മ്വാലെ (Kalumba Mwale) എന്ന യുവാവ് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചത്. “ഒരു ഡിഗ്രിക്കായി വന്നതാണ്… ഒടുവിൽ ഇവിടെ തന്നെ തുടരാൻ ആഗ്രഹിച്ചുപോകുന്ന അവസ്ഥയായി,” എന്ന കുറിപ്പോടെ അദ്ദേഹം പങ്കുവെച്ച ഏഴ് കാരണങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
`@kalumba_mwale` എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മ്വാലെ തന്റെ അനുഭവങ്ങൾ കുറിച്ചത്. ഇന്ത്യയിൽ നിന്ന് മടങ്ങിപ്പോകുന്നത് എത്രത്തോളം പ്രയാസകരമാണെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഓരോ പോയിന്റുകളും. കുറഞ്ഞ ചെലവിൽ പുറത്തുനിന്ന് നല്ല ഭക്ഷണം കഴിക്കാൻ കഴിയുന്നത് തന്നെയാണ് അതിൽ പ്രധാനം. ഇന്ത്യയിൽ ഏറെക്കാലം ചെലവഴിച്ചതോടെ വലിയ തുക ചെലവാക്കാതെ വയറുനിറയെ ഭക്ഷണം കഴിക്കുന്ന ശീലമായി. ഇതോടെ നാട്ടിലെ ഭക്ഷണവിലയെക്കുറിച്ച് മറ്റൊരു രീതിയിലാണ് ഇപ്പോൾ ചിന്തിക്കുന്നതെന്നും അദ്ദേഹം തമാശരൂപേണ കുറിക്കുന്നു.
ഇന്ത്യൻ വിഭവങ്ങളോടുള്ള ഇഷ്ടവും മടങ്ങിപ്പോകാൻ തടസ്സമാകുന്ന മറ്റൊരു ഘടകമാണ്. ബിരിയാണി, ബട്ടർ ചിക്കൻ, ദോശ, മോമോസ് തുടങ്ങി വൈവിധ്യമാർന്ന രുചികൾ തന്നെ ഏറെ ആകർഷിച്ചുവെന്നും ഈ രുചികൾ വിട്ടുപോകുന്നത് എളുപ്പമല്ലെന്നും അദ്ദേഹം പറയുന്നു. നിത്യജീവിതത്തിലെ സൗകര്യങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാട് സംവിധാനമായ യുപിഐ (UPI) ആണെന്നും “യുപിഐ എന്നെ പൂർണ്ണമായും ചീത്തയാക്കി കളഞ്ഞു” എന്നും മ്വാലെ രസകരമായി കുറിക്കുന്നു. ചായ കുടിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും യാത്രാ ചെലവുകൾക്കും വരെ ഫോൺ ഉപയോഗിച്ച് നിമിഷനേരം കൊണ്ട് പണമടയ്ക്കാൻ ശീലിച്ച തനിക്ക്, നാട്ടിലെ രീതികളിലേക്ക് മാറുന്നത് വലിയൊരു അനുഭവമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പഠനത്തിനൊപ്പം ഇന്ത്യയിലുടനീളം നടത്തിയ യാത്രകളും പുതിയ സൗഹൃദങ്ങളും മ്വാലെയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. മൂന്ന് വർഷം ഇന്ത്യയിൽ കഴിഞ്ഞിട്ടും ഇനിയും എത്രയോ സ്ഥലങ്ങൾ കാണാനും അറിയാനുമുണ്ടെന്നാണ് അദ്ദേഹത്തിന് തോന്നുന്നത്. വൈവിധ്യമാർന്ന ഭൂപ്രകൃതിയും ചരിത്രപ്രധാനമായ ഇടങ്ങളും പ്രാദേശിക ഉത്സവങ്ങളും പാരമ്പര്യങ്ങളും നിരന്തരം പുതിയ അനുഭവങ്ങൾ സമ്മാനിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെയും, അപ്രതീക്ഷിതമായി മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരെയും പരിചയപ്പെടാനും വ്യത്യസ്ത സംസ്കാരങ്ങളും ഭാഷകളും അടുത്തറിയാനും സാധിച്ചതും വലിയ നേട്ടമായി അദ്ദേഹം കാണുന്നു. പാഠപുസ്തകങ്ങൾക്കപ്പുറമുള്ള ജീവിതപാഠങ്ങളും ആജീവനാന്ത സൗഹൃദങ്ങളും തനിക്ക് നൽകിയത് ഇന്ത്യയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
“ഇന്ത്യ എന്റെ വീട് എന്ന സങ്കൽപ്പത്തെ തന്നെ മാറ്റിമറിച്ചു,” എന്നാണ് അദ്ദേഹം കുറിച്ച ഏറ്റവും വൈകാരികമായ കാര്യം. ഒരു വിദേശ വിദ്യാർത്ഥിയായി എത്തിയെങ്കിലും കാലക്രമേണ ഇന്ത്യ തനിക്ക് ആഴത്തിൽ ബന്ധമുള്ള ഒരിടമായി മാറിയെന്ന് അദ്ദേഹം പറയുന്നു. ഒടുവിൽ താൻ പറഞ്ഞ ‘തെറ്റ്’ എന്നത് ഒരു തമാശ മാത്രമായിരുന്നുവെന്നും, ഇന്ത്യയിൽ പഠിക്കാൻ തീരുമാനിച്ചത് തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്നാണെന്നും വ്യക്തമാക്കിയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. പഠിക്കാൻ വന്ന് അനുഭവങ്ങളും സൗഹൃദങ്ങളും നല്ല ഓർമ്മകളും കൂടെക്കൂട്ടിയ ഈ യുവാവിന്റെ കുറിപ്പ് ഇതിനോടകം നിരവധി പേരാണ് ലൈക്ക് ചെയ്യുകയും പങ്കുവെക്കുകയും ചെയ്തത്.









