മണ്ഡല പുനർനിർണ്ണയ ബില്ലിനെ എതിർക്കാൻ എൻസിപി (ശരദ് പവാർ വിഭാഗം) അധ്യക്ഷൻ ശരദ് പവാറിനെ പ്രേരിപ്പിക്കാനായി മുംബൈയിലെത്തിയ ഇൻഡി മുന്നണി നേതാക്കൾക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലുള്ള പവാറുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരടങ്ങുന്ന സംഘം കൂടിക്കാഴ്ച നടത്തി. ബില്ലിനെ പിന്തുണയ്ക്കാനുള്ള പാർട്ടിയുടെ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും പവാർ അനുകൂലമായോ പ്രതികൂലമായോ വ്യക്തമായ ഉറപ്പുകളൊന്നും നൽകിയില്ല. ലോക്‌സഭയിൽ എട്ട് എംപിമാരും രാജ്യസഭയിൽ ഒരംഗവുമുള്ള എൻസിപിയുടെ (ശരദ് പവാർ വിഭാഗം) നിലപാട് മാറ്റാൻ കഴിയാത്തത് പ്രതിപക്ഷ നിരയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
നേരത്തെ ചെന്നൈയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനുമായി പ്രതിപക്ഷ നേതാക്കൾ നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. തമിഴ്‌നാടിന്റെ രാഷ്ട്രീയ കരുത്ത് സംരക്ഷിക്കാൻ ബില്ലിനെ പിന്തുണയ്ക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് സ്റ്റാലിൻ വ്യക്തമാക്കിയത്. ഇതിനിടെ, എൻസിപി (ശരദ് പവാർ വിഭാഗം) ബില്ലിനെ പിന്തുണയ്ക്കാൻ ഒരുങ്ങുന്നതിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പ് ശക്തമായിട്ടുണ്ട്. ബില്ലിനെ എതിർക്കണമെന്ന് ആവശ്യപ്പെട്ട് പവാറിന്റെ അനന്തരവനും എംഎൽഎയുമായ രോഹിത് പവാർ പാർട്ടി വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെയ്ക്ക് കത്തയച്ചു. കൂടാതെ വിദർഭ മേഖലയിലെ ജില്ലാ പ്രസിഡന്റുമാരും രണ്ട് സംസ്ഥാന ഭാരവാഹികളും തീരുമാനത്തിൽ പ്രതിഷേധിച്ച് രംഗത്തുവരികയും ചിലർ രാജിവെക്കുകയും ചെയ്തിട്ടുണ്ട്.
നവംബർ 30-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കാനിരിക്കെ 371 ലോക്‌സഭാ എംപിമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം. ഭരണഘടനാ ഭേദഗതി പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം മറികടക്കാൻ ഇത് സർക്കാരിനെ സഹായിക്കും. അതേസമയം, ബില്ലിനെതിരെ വോട്ട് ചെയ്യാൻ ശിവസേന (യുബിടി) തങ്ങളുടെ എംപിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 9.45-ന് പുതിയ പാർലമെന്റ് മന്ദിരത്തിൽ യോഗം ചേർന്ന് തുടർനടപടികൾ ആലോചിക്കാൻ പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചിട്ടുണ്ട്.









