കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന തീരുമാനത്തിൽ ഉറച്ചുനിന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ബില്ലിനെ പരാജയപ്പെടുത്താൻ ഡിഎംകെയുടെ പിന്തുണ തേടി ചെന്നൈയിലെത്തിയ ഇൻഡി സഖ്യ നേതാക്കളുടെ നീക്കം വിജയിച്ചില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരടങ്ങിയ ഉന്നതതല സംഘമാണ് സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയത്. ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ പാർട്ടിയുടെ നിലപാടിൽ മാറ്റമില്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കിയതോടെ ചർച്ച ഫലം കാണാതെ അവസാനിച്ചു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
തമിഴ്‌നാടിന്റെ ലോക്‌സഭാ സീറ്റ് വിഹിതം കുറയ്ക്കില്ലെന്ന കേന്ദ്രത്തിന്റെ ഉറപ്പാണ് ഡിഎംകെയുടെ നിലപാടിന് പിന്നിൽ. ലോക്‌സഭയിൽ തമിഴ്‌നാടിന് നിലവിലുള്ള 7.18 ശതമാനം സീറ്റ് വിഹിതം സംരക്ഷിക്കണമെന്നും 1971-ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള സംസ്ഥാനങ്ങളുടെ നിലവിലെ പ്രാതിനിധ്യ അനുപാതം അടുത്ത 25 വർഷത്തേക്ക് കൂടി നിലനിർത്തണമെന്നുമായിരുന്നു സ്റ്റാലിന്റെ പ്രധാന ആവശ്യങ്ങൾ. ഈ ആവശ്യങ്ങൾ പുതിയ നിർദേശത്തിൽ ഉൾപ്പെടുത്തിയതോടെയാണ് ഡിഎംകെ പിന്തുണ പ്രഖ്യാപിച്ചത്. ലോക്‌സഭയിൽ 22 അംഗങ്ങളും രാജ്യസഭയിൽ എട്ട് അംഗങ്ങളുമുള്ള ഡിഎംകെയുടെ പിന്തുണ ബില്ലിന്റെ കാര്യത്തിൽ കേന്ദ്രസർക്കാരിന് നിർണായകമാണ്. നേരത്തെ ബില്ലിനെ ശക്തമായി എതിർത്ത സ്റ്റാലിൻ കറുത്ത വസ്ത്രം ധരിച്ച് ബില്ലിന്റെ പകർപ്പ് കത്തിച്ചും പ്രതിഷേധിച്ചിരുന്നു. എന്നാൽ പുതിയ നിർദേശങ്ങൾ അംഗീകരിക്കപ്പെട്ടതോടെ നിലപാടിൽ മാറ്റം വരുത്തുകയായിരുന്നു. ഇത് തമിഴ്‌നാടിന്റെയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും രാഷ്ട്രീയ പോരാട്ടത്തിന്റെ വിജയമാണെന്നാണ് ഡിഎംകെയുടെ വാദം.
അതേസമയം, ഡിഎംകെയുടെ തീരുമാനത്തോടെ ഇൻഡി സഖ്യത്തിനുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമായിരിക്കുകയാണ്. മണ്ഡല പുനർനിർണയത്തിന്റെ പേരിൽ സംസ്ഥാനങ്ങൾക്കിടയിലെ രാഷ്ട്രീയ പ്രാതിനിധ്യത്തിൽ അസമത്വം ഉണ്ടാകുമെന്നും ജനസംഖ്യാ നിയന്ത്രണത്തിൽ മുന്നിൽ നിൽക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുമെന്നും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ആശങ്ക പ്രകടിപ്പിക്കുന്നു. ലോക്‌സഭയിലെ അംഗസംഖ്യ 543ൽ നിന്ന് പരമാവധി 850 ആയി ഉയർത്താനും വനിതകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കുന്നതിനുള്ള നടപടികൾ മുന്നോട്ടുകൊണ്ടുപോകാനുമാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. നവംബർ 30ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബിൽ പരിഗണിക്കാനിരിക്കെയാണ് രാഷ്ട്രീയ നീക്കങ്ങൾ ശക്തമായത്. സ്റ്റാലിനെ അനുനയിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇന്ത്യാ സഖ്യത്തിന് മുന്നിലുള്ള വെല്ലുവിളിയും വർധിച്ചു. തമിഴ്‌നാടിന്റെ താൽപര്യങ്ങൾക്കാണ് മുൻഗണനയെന്നും അതിൽ വിട്ടുവീഴ്ചയില്ലെന്നുമുള്ള നിലപാടിലാണ് സ്റ്റാലിൻ.












