ദുരന്ത സമയത്ത് സൈന്യം നടത്തിയത് ഏറ്റവും വലിയ പ്രവര്‍ത്തനം

Published by
Brave India Desk

കേരളത്തില്‍ പ്രളയ ദുരന്തം നടക്കുന്ന സമയത്ത് സൈന്യം നടത്തിയത് ഏറ്റവും വലിയ പ്രവര്‍ത്തനമെന്ന് സേനാവിഭാഗങ്ങള്‍ കണക്കുകൂട്ടുന്നു. രണ്ടാഴ്ചയിലധികമെടുത്താണ് പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചത്. ഇത് കൂടാതെ മെഡിക്കല്‍ സേവനവും സൈന്യം തുടര്‍ന്ന് കൊണ്ട് പോകുന്നുണ്ട്. കര, നാവിക, വ്യോമ, തീരസംരക്ഷണ, ദുരന്തനിവാരണ സേനകളാണ് കേരളത്തില്‍ പ്രവര്‍ത്തിച്ചത്. 40 ഹെലികോപ്റ്റര്‍, 31 വിമാനം, 182 രക്ഷാസംഘങ്ങള്‍, 18 സൈനിക മെഡിക്കല്‍ സംഘങ്ങള്‍, 58 ദേശീയ ദുരന്തനിവാരണ സേനാ സംഘങ്ങള്‍, ഏഴു കമ്പനി കേന്ദ്ര സായുധസേന, നാവികസേന, തീരരക്ഷാ സേനാ കപ്പലുകള്‍, രക്ഷാസന്നാഹങ്ങളുള്ള 500 ബോട്ടുകള്‍ തുടങ്ങിയവയാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിച്ചത്.

സംസ്ഥാന ദുരന്ത് നിവാരണ അതോറിറ്റിയുടെ അഭ്യര്‍ഥന ഓഗസ്റ്റ് എട്ടിന് കേന്ദ്രത്തിന്റെ പക്കല്‍ എത്തിയിരുന്നു. അപ്പോള്‍ തന്നെ ഒരു എ.എന്‍.-32 വിമാനവും എം.ഐ.-17 ഹെലികോപ്റ്ററുമായി വ്യോമസേന കേരളത്തിലേക്ക് ചെന്നിരുന്നു. പലോഡി, ബറേലി, നാഗ്പുര്‍ എന്നിവിടങ്ങളില്‍നിന്നും 26 ഹോലികോപ്റ്ററുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിയിരുന്നു.

വ്യോമസേനയുടെ ഓപ്പറേഷന്റെ പേര് കരുണ എന്നാണ്. വ്യോമസേന 16,843 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഇതില്‍ 15,670 പേരെ ബോട്ട് വഴിയാണ് രക്ഷപ്പെടുത്തിയത്. 1,173 പേരെ വ്യോമമാര്‍ഗമായിരുന്നു രക്ഷപ്പെടുത്തിയത്. കൂടാതെ 248 ടണ്‍ ഭക്ഷണസാധനങ്ങള്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ എത്തിച്ചു. സി-17, സി-130, ഐ.എല്‍.-76, എ.എന്‍.-32 എന്നീ വിമാനങ്ങളായിരുന്നു ഉപയോഗിച്ചത്. 3,107 സൈനികര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു.

അതേസമയം നാവികസേനയുടെ ഓപ്പറേഷന്‍ മദതിന്റെ ഭാഗമായി 92 രക്ഷാസംഘങ്ങള്‍ കേരളത്തിലെത്തിയിരുന്നു. ദക്ഷിണ നാവിക കമാന്‍ഡിനൊപ്പം വെസ്റ്റേണ്‍, ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡുകളും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. ഹെലികോപ്റ്ററുകള്‍ക്ക് പുറമെ മുങ്ങല്‍ വിദഗ്ധരും ജെമിനി ബോട്ടുകളുമുണ്ടായിരുന്നു. 15,000 പേരെയാണ് ഇവര്‍ രക്ഷിച്ചത്. കൂടാതെ യാത്രാവിമാനങ്ങള്‍ക്കായി നാവിക വിമാനത്താവളം തുറന്നുകൊടുക്കുകയും ചെയ്തു.

തീരസംരക്ഷണ സേനയുടെ ഓപ്പറേഷന്‍ രാഹത് ഉപയോഗിച്ച് 3,521 പേരെ രക്ഷപ്പെടുത്തി. കൂടാതെ 7,427 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. 167 ടണ്‍ ദുരിതാശ്വാസവസ്തുക്കള്‍ ഇവര്‍ വിതരണം ചെയ്യുകയും ചെയ്തു. 112 മണിക്കൂറാണ് തീരസംരക്ഷണസേനയുടെ ഡോണിയറും ഹെലോയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പറന്നത്.

Share
Leave a Comment

Recent News