ദുഷ്ടജനനിഗ്രഹത്തിനും ലോകസംരക്ഷണത്തിനും വേണ്ടി ഭഗവാന്‍ മഹാവിഷ്ണു ദശാവതാരങ്ങളും മറ്റനേകം അംശാവതാരങ്ങളും സ്വീകരിച്ചിട്ടുണ്ട്. ദശാവതാരങ്ങളില്‍ ആറാമത്തേത് പരശുരാമാവതാരമാണ്. ലോകമൊട്ടുക്കുമുള്ള ക്ഷത്രിയരെയാകെ കിടിലം കൊള്ളിച്ച ഉഗ്രപ്രഭാവാനായ ഈ മഹര്‍ഷിവര്യന്റെ ജനനത്തിന് കാരണവും ക്ഷത്രിയര്‍ തന്നെയാണ്.
ദുഷ്ടന്മാരും അഹങ്കാരികളുമായ രാജാക്കന്മാരുടെ ഹീനകൃത്യങ്ങള്‍ മൂലം മനംനൊന്ത ഭൂമിദേവി പിതാവായ ബ്രഹ്മാവിനെ ശരണം പ്രാപിച്ചു.
”പിതാവേ, ദുഷ്ട രാജാക്കന്മാരില്‍നിന്ന് എന്നെ രക്ഷിക്കാന്‍ അവിടുന്ന് എന്തെങ്കിലും ഉപായം കണ്ടെത്തണം. മനുഷ്യാധമന്മാരുടെ ദുര്‍ഭരണം ഇനിയുമെനിക്ക് സഹിക്കാന്‍ കഴിയില്ല.”
ബ്രഹ്മദേവന്‍ അല്പനേരമാലോചിച്ചു.
”ധരിത്രീ, ഇതിനൊരു പരിഹാരം കാണാന്‍ ശക്തനായി ഒരാളേയുള്ളൂ. വരൂ, നമുക്ക് ഭഗവാന്‍ വിഷ്ണുവിനെക്കണ്ട് കാര്യമുണര്‍ത്തിക്കാം.”
ബ്രഹ്മദേവനോടൊത്ത് ഭൂമിദേവി വൈകുണ്ഠത്തിലെത്തി. ഭൂമിദേവിയുടെ ദുഃഖം മനസ്സിലാക്കിയ വിഷ്ണു അനുകമ്ബാകുലനായി.
”ദേവി വിഷമിക്കേണ്ടാ; നാം ജമദഗ്‌നി മഹര്‍ഷിയുടെ പുത്രനായി അവതരിച്ച് ദുഷ്ട രാജാക്കന്മാരെ നിഗ്രഹിച്ചുകൊള്ളാം. ദേവി സമാധാനമായി പൊയ്‌ക്കൊള്ളുക.”
വിഷ്ണുഭഗവാന്റെ ഉറപ്പുകിട്ടിയതോടെ സന്തുഷ്ടയായ ഭൂമിദേവി മടങ്ങി. ബ്രഹ്മാവ് സത്യലോകത്തിലേക്കും പോയി.
ഉഗ്രപ്രതാപിയായ മഹര്‍ഷിയായിരുന്നു ജമദഗ്നി. ഋചീക മഹര്‍ഷിക്ക് സത്യവതിയില്‍ ജനിച്ച ക്ഷാത്രതേജസ്സുള്ള പുത്രനായിരുന്നു ജമദഗ്നി മഹര്‍ഷി. ഇക്ഷ്വാകുവംശത്തിലെ പ്രസേനജിത്ത് രാജാവിന്റെ സുന്ദരിയായ മകള്‍ രേണുകയെ അദ്ദേഹം വിവാഹം കഴിച്ചു. നര്‍മ്മദാനദിക്കരയില്‍ ആശ്രമമുണ്ടാക്കി ജമദഗ്നിയും ഭാര്യയും അവിടെ സസുഖം ജീവിച്ചു. അവര്‍ക്ക് വസുമാന്‍, വസു, വസുഷേണന്‍, ഋമണ്വാന്‍ എന്ന നാല് പുത്രന്മാരുണ്ടായി. രേണുക അഞ്ചാമതും ഗര്‍ഭിണിയായി.
മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമനെയാണ് അവര്‍ ഇത്തവണ പ്രസവിച്ചത്.
രാമന്‍ എന്നാണ് മാതാപിതാക്കള്‍ അഞ്ചാമത്തെ പുത്രനെ വിളിച്ചിരുന്നത്. ഭൃഗുവംശത്തില്‍ ജനിച്ചതുകൊണ്ട് ഭാര്‍ഗ്ഗവരാമന്‍ എന്നും അദ്ദേഹം അറിയപ്പെട്ടു. മാതാപിതാക്കളുടെ കണ്ണിലുണ്ടിയായി രാമന്‍ വളര്‍ന്നു. ബ്രാഹ്മണകുമാരനായാണ് വളര്‍ന്നതെങ്കിലും വേദാദ്ധ്യായനത്തേക്കള്‍ ധനുര്‍വ്വിദ്യയിലാണ് രാമന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നത്.
ധനുര്‍വിദ്യ കൂടുതലഭ്യസിക്കണമെന്നുള്ള മോഹത്തോടെ രാമന്‍ ഹിമാലയത്തില്‍ച്ചെന്ന് ശ്രീപരമേശ്വരനെ കഠിനമായി തപസ്സു ചെയ്തു.
വര്‍ഷങ്ങളോളം തപസ്സു നീണ്ടുനിന്നു. രാമന്റെ മനോബലവും നിഷ്ഠയും കണ്ട് ശിവന്‍ തൃപ്തനായി. രാമന്റെ അവതാരോദ്ദേശ്യം ശിവന്‍ ഗ്രഹിച്ചു. അസുരന്മാര്‍ ദേവന്മാരോട് യുദ്ധം ചെയ്തുകൊണ്ടിരുന്ന സമയമായിരുന്നു അത്. ശക്തി സംഭരിച്ചെത്തിയ അസുരന്മാരെ പരാജയപ്പെടുത്താന്‍ കഴിയാതെ ഇന്ദ്രനും കൂട്ടരും ശിവനെ അഭയം പ്രാപിച്ചു. ശിവന്‍ രാമനെ അരികില്‍ വിളിച്ച് ഇങ്ങനെ പറഞ്ഞു:
”രാമാ, ധനുര്‍വിദ്യ പ്രകടിപ്പിക്കാന്‍ നിനക്ക് നല്ലൊരവസരം തരികയാണ് നാം. ദേവന്മാര്‍ക്ക് തുണയായി, നീ അസുരന്മാരോട് യുദ്ധം ചെയ്തു ജയിച്ചു വരിക.”
രാമന്‍ ദേവന്മാരോടൊപ്പം യുദ്ധക്കളത്തിലിറങ്ങി. ഘോരമായയുദ്ധം നടന്നു. അസ്ത്ര പ്രയോഗവിദ്യയാല്‍ രാമന്‍ അസുരന്മാരെ തോല്‍പ്പിച്ചോടിച്ചു. സംപ്രീതനായ ശിവന്‍, രാമനെ അനുഗ്രഹിച്ചു. ദിവ്യങ്ങളായ അസ്ത്രങ്ങളും ഒരു പരശുവും ശിവന്‍ രാമന് സമ്മാനിച്ചു. ശിവനില്‍നിന്ന് പരശു (മഴു) ലഭിച്ചനാള്‍ മുതല്‍ രാമന്റെ പേര് ‘പരശുരാമന്‍’ എന്നായിത്തീര്‍ന്നു.
നര്‍മ്മദാനദിയുടെ തീരത്തായിരുന്നു ജമദഗ്നി മഹര്‍ഷിയുടെ ആശ്രമം. ഒരിക്കല്‍ മുനിപത്‌നി രേണുക ജലമെടുക്കുവാന്‍ നര്‍മ്മദാ നദീതീരത്തേക്ക് പോയി. അവിടെ കാര്‍ത്ത വീര്യാര്‍ജ്ജുനനും ഭാര്യമാരും കുളിക്കുന്നുണ്ടായിരുന്നു. അടുത്ത കടവിലാകട്ടെ, ചിത്രസേനന്‍ എന്ന ഗന്ധര്‍വനും ഒരു അപ്‌സരസ്ത്രീയും അവിടെ ജലക്രീഡയിലേര്‍പ്പെട്ടിരിക്കുന്നു.
രണ്ട് കടവുകളിലും കുളിക്കാരുള്ളതുകൊണ്ട് ജലമെടുക്കുവാന്‍ രേണുകയ്ക്ക് കഴിഞ്ഞില്ല. എന്നുമാത്രമല്ല, രണ്ട് ദമ്പതികളുടെയും സന്തോഷകരമായ ജലക്രീഡ കണ്ട് രേണുക നിന്നുപോവുകയും ചെയ്തു. ദാഹിച്ചുവലഞ്ഞ് ആശ്രമത്തിലെത്തിയ ജമദഗ്നി ഭാര്യയെ കാണാതെ കോപാകുലനായി. വളരെ നേരം കഴിഞ്ഞാണ് രേണുക ജലവുമായെത്തിയത്.
വൈകുവാനുള്ള കാരണം ചോദിച്ചറിഞ്ഞതോടെ മുനിയുടെ കോപം ഇരട്ടിയായി. അദ്ദേഹം പുത്രന്മാരെ വിളിച്ച് അമ്മയെ കൊന്നുകളയുവാന്‍ ആവശ്യപ്പെട്ടു. ഏതെങ്കിലും മക്കള്‍ക്ക് അങ്ങനെ ചെയ്യുവാന്‍ ധൈര്യം വരുമോ? മൂത്ത നാല് മക്കളും അച്ഛന്റെ ആജ്ഞ അനുസരിക്കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ ഇളയപുത്രന്‍ പരശുരാമന്‍ അച്ഛനെ അനുസരിക്കാന്‍ തീരുമാനിച്ചു. അച്ഛനായ ജമദഗ്നി നിര്‍ദ്ദേശിച്ചതുപോലെ പെറ്റമ്മയായ രേണുകയെ പരശുരാമന്‍ കൊന്നുകളഞ്ഞു!
പരശുരാമന്‍ മഹാവിഷ്ണുവിന്റെ അവതാരമായിരുന്നു. ഭൂലോകമാകെ ദുഷ്ടക്ഷത്രിയരുടെ ആക്രമണങ്ങളാല്‍ വലയുന്ന കാലമായിരുന്നു അത്. ക്ഷത്രിയരുടെ അഹങ്കാരം ശമിപ്പിക്കുവാനാണ് ഭഗവാന്‍ വിഷ്ണു, ജമദഗ്‌നിയുടെയും രേണുകയുടെയും പുത്രനായി അവതരിച്ചത്. ഭഗവത് അവതാരമായതുകൊണ്ട് പരശുരാമന് ജ്ഞാനദൃഷ്ടി ഉണ്ടായിരുന്നു. അതുകൊണ്ടാണ് അച്ഛന്റെ ആജ്ഞയ്ക്ക് വഴങ്ങി അമ്മയെ വധിച്ചത്.
മാതൃഘാതകനെന്ന് ഇനിമേല്‍ താന്‍ അറിയപ്പെടും. എത്ര ധൈര്യമുണ്ടെങ്കിലും തല വേര്‍പെട്ട് രക്തത്തില്‍ കുളിച്ചു പിടയുന്ന അമ്മയുടെ ശരീരം ഏത് പുത്രന് നോക്കിനില്‍ക്കാനാകും? ചെയ്തുപോയ മഹാപരാധത്തിന്റെ ഞെട്ടലില്‍ പരശുരാമന്‍ തളര്‍ന്നുപോയി. അദ്ദേഹം പാപഭാരവും ദുഃഖവും കൊണ്ട് ബോധരഹിതനായി നിലംപതിച്ചു. ഈ കാഴ്ചകളെല്ലാം കണ്ട ജമദഗ്നിയുടെ കോപം ആറിത്തണുത്തു. തന്റെ പുത്രന്‍ അച്ഛന്റെ ആജ്ഞ അനുസരിക്കാന്‍ കാണിച്ച ധൈര്യത്തിലും മാതാവിനോടുള്ള അപാര സ്‌നേഹത്തിലും പ്രീതനായ മുനി മകന്റെ മുഖത്ത് ജലം തളിച്ചുണര്‍ത്തി ആശ്വസിപ്പിച്ചു.
പരശുരാമന് ഇഷ്ടവരം നല്‍കാന്‍ ജമദഗ്നി തയ്യാറായി. പരശുരാമന് ഒരു വരമേ വേണ്ടിയിരുന്നുള്ളൂ. തന്റെ അമ്മയെ പുനര്‍ജീവിപ്പിക്കുക! മകന്റെ ആവശ്യം കേട്ട് മുനി കൂടുതല്‍ സന്തോഷിക്കുകയും രേണുകയെ ജീവിപ്പിക്കുകയും ചെയ്തു.
പരശുരാമന്റെ ജീവിതകാലത്തെ പ്രശസ്തനായ രാജാവ് കാര്‍ത്തവീര്യാര്‍ജ്ജുനനായിരുന്നു. ഈ രാജാവിനെ ആപവന്‍ എന്ന മുനി ശപിച്ചതിന്റെ ഫലമായാണ് പരശുരാമാവതാരം ഉണ്ടായതുതന്നെ. ഒരിക്കല്‍ അഗ്നിദേവന്‍ വിശന്നുവലഞ്ഞ് കാര്‍ത്തവീര്യാര്‍ജ്ജുനന്റെ കൊട്ടാരത്തിലെത്തി.
രാജാവ് ബഹുമാനപൂര്‍വ്വം അഗ്നിദേവനെ സ്വീകരിച്ചു. ”അങ്ങേക്കുവേണ്ടി ഈയുള്ളവന്‍ എന്താണ് ചെയ്യേണ്ടത്?” തൊഴുകൈയോടെ രാജാവ് ചോദിച്ചു. താന്‍ വിശന്നു തളര്‍ന്നിരിക്കുന്നതായും അടുത്തുള്ള വനം അഗ്നിക്കിരയാക്കി വിശപ്പടക്കണമെന്നും അഗ്നിദേവന്‍ ആവശ്യപ്പെട്ടു. കൂടുതലൊന്നും ആലോചിക്കാതെ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ അതിന് അനുമതി നല്‍കുകയും ചെയ്തു.
കാട്ടിലെ എണ്ണമറ്റ നിരാലംബരായ ജീവികളെയും തപസ്സു ചെയ്യുന്ന മഹര്‍ഷിമാരെയും കുറിച്ച് രാജാവ് ആഘോചിക്കുകപോലും ചെയ്തില്ല. ഈ വനവാസികളില്‍ ഒരാളായിരുന്നു. ആപവമഹര്‍ഷി.
കാട് അഗ്നി ഭക്ഷിച്ചു തുടങ്ങിയതോടെ കാട്ടുമൃഗങ്ങളും പക്ഷികളും വെന്തു ചാകുവാന്‍ തുടങ്ങി. ആപവമഹര്‍ഷിയുടെ തപോവനവും കാട്ടുതീയില്‍പ്പെട്ടു. ശരീരം മുഴുവന്‍ പൊള്ളലേറ്റ ആ മുനിവര്യന്‍ കാര്‍ത്തവീരാര്‍ജ്ജുനനെ ശപിച്ചു. വിഷ്ണു ഭഗവാന്‍ മനുഷ്യനായവതരിച്ച് നിന്നെ വധിക്കട്ടെ എന്നായിരുന്നു മുനിയുടെ ശാപം. ശാപം നിറവേറ്റാനുള്ള ജന്മമായിരുന്നു പരശുരാമന്റേത്.
ഒരിക്കല്‍ കൈലാസത്തില്‍ ശിവപാര്‍വ്വതിമാര്‍ ഉറക്കത്തിലായിരുന്ന സമയത്ത് പരശുരാമന്‍ ഗുരുവിനെക്കാണാന്‍ അവിടെയെത്തി. അപ്പോഴവിടെ കാവല്‍ നിന്നിരുന്നത് ശിവപുന്മാരായ ഗണപതിയും മുരുകനുമായിരുന്നു. അച്ഛന്‍ ഉറക്കമാണെന്നും ഇപ്പോള്‍ ആര്‍ക്കും പ്രവേശനമില്ലെന്നും ഗണപതി പറഞ്ഞു. ഗണപതിയും രാമനും തമ്മില്‍ സംഘട്ടനമായി. കോപാകുലനായ രാമന്‍, ശിവന്‍ അനുഗ്രഹിച്ചു നല്‍കിയ മഴുകൊണ്ട് ഗണപതിയുടെ നേര്‍ക്ക് ആഞ്ഞുവെട്ടി. ആ വെട്ടുകൊണ്ട് ഗണപതിയുടെ ഇടത്തേക്കൊമ്ബ് മുറിഞ്ഞുപോയി.
ഇതറിഞ്ഞ പാര്‍വ്വതിദേവി വളരെ കോപാകുലയായി. ഒടുവില്‍ ഭഗവാന്‍ മഹാവിഷ്ണു തന്നെ നേരില്‍ പ്രത്യക്ഷപ്പെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഗുരുവിന് പുത്രനെപ്പോലെയാണ് ശിഷ്യന്മാരുമെന്ന് ശ്രീപരമേശ്വരദേവന്‍ പാര്‍വ്വതിദേവിയെ ഓര്‍മ്മിപ്പിച്ചു.
അക്കാലത്തൊരിക്കല്‍ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ സൈന്യസമേതം ജമദഗ്നി മഹര്‍ഷിയുടെ ആശ്രമം സന്ദര്‍ശിച്ചു. വിശപ്പും ദാഹവും കൊണ്ട് തളര്‍ന്നാണ് രാജാവും കൂട്ടരും അവിടെയത്തിയത്. ജമദഗ്നിമഹര്‍ഷി അവരെ യഥാവിധി സ്വീകരിച്ചു. കുളി കഴിഞ്ഞ് ഭക്ഷണം കഴിക്കാമെന്ന് മഹര്‍ഷി രാജാവിനോട് പറഞ്ഞു. ഇതുകേട്ട് കാര്‍ത്തവീരാര്‍ജ്ജുനന്‍ അത്ഭുതപ്പെട്ടു. തനിക്കും ഈ വന്‍ സൈന്യത്തിനും ഭക്ഷണം തരുവാന്‍ ഈ ആശ്രമത്തില്‍ എന്താണുള്ളത്? പക്ഷേ, അതിവിശിഷ്ടമായ ഭക്ഷണമാണ് രാജാവിനും സൈന്യത്തിനും ലഭിച്ചത്. ജമദഗ്നി മഹര്‍ഷിയുടെ പക്കലുള്ള അത്ഭുതപശുവായ സുശീലയുടെ കഴിവുകൊണ്ടാണ് ഇത് സാധ്യമായത്!
ഭക്ഷണവും വിശ്രമവും കഴിഞ്ഞ് മടങ്ങിയ രാജാവിന് ആ പശുവിനെ സ്വന്തമാക്കണമെന്ന അതിമോഹമുണ്ടായി. അഹങ്കാരിയായ രാജാവ് തന്റെ സൈനികരെ ജമദഗ്നി മഹര്‍ഷിയുടെ ആശ്രമത്തിലേക്കയച്ചു. മുനിയും പത്‌നിയും കേണപേക്ഷിച്ചിട്ടും രാജകിങ്കരന്മാര്‍ പശുവിനെ ബലമായി പിടിച്ചുകൊണ്ടുപോയി. പശുവിന്റെ പിന്നാലെ ജമദഗ്നിയും വരുന്നതു കണ്ട സൈനികര്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചു കൊന്നു.
വിവരമറിഞ്ഞ പരശുരാമന്‍ അവിടേക്ക് പാഞ്ഞുചെന്നു. അടിയേറ്റു മരിച്ച അച്ഛന്റെ ശവശരീരത്തിനടുത്ത് മുനിജനം ദുഃഖിതരായി നോക്കിനിന്നു. അദ്ദേഹം അവരെക്കടന്ന് ശവശരീരത്തിന്റെ അടുത്തേക്ക് ചെന്നു. പരശുരാമനെ കണ്ടതോടെ രേണുകയുടെ ദുഃഖം അണപൊട്ടിയൊഴുകി.
”അച്ഛനോടുള്ള സ്‌നേഹംകൊണ്ട് അമ്മയെ വധിച്ച രാമനിതാ വന്നിരിക്കുന്നു. അടിയേറ്റു മരിച്ച അച്ഛന്റെ ശവം കാണാന്‍.” രേണുക ഭര്‍ത്താവിന്റെ നിര്‍ജ്ജീവ ശരീരത്തില്‍ കെട്ടിപ്പിടിച്ച് അലമുറയിട്ടു. പരശുരാമനെ നോക്കി അവര്‍ ഉറക്കെ മാറത്തടിച്ച് കരഞ്ഞു.
തന്റെ അമ്മ ഇരുപത്തിയൊന്ന് തവണ നെഞ്ചത്തടിച്ച് നിലവിളിക്കുന്നത് പരശുരാമന്‍ ഹൃദയം തകര്‍ന്ന് നോക്കിനിന്നു. ഒരു സാധുമഹര്‍ഷിയെ ഇത്രയും നികൃഷ്ടമായി കൊല ചെയ്ത കാര്‍ത്തവീര്യനെയും ക്ഷത്രിയവംശത്തെ ആകെത്തന്നെയും ഇരുപത്തിയൊന്നു തവണ കൂട്ടക്കൊല ചെയ്യുമെന്ന് പരശുരാമന്‍ ശപഥം ചെയ്തു. ഉള്ളില്‍ നുരഞ്ഞുപൊന്തിയ പ്രതികാരദാഹവുമായി അദ്ദേഹം മാഹിഷ്മതീ നഗരത്തിലേക്ക് കുതിച്ചു.
ദുഷ്ട ക്ഷത്രിയ വംശത്തെ ഒന്നാകെ ഉന്മൂലനാശം വരുത്തണമെന്ന തീരുമാനം പരശുരാമനെടുത്തത് ആ നിമിഷത്തിലാണ്. ദുഷ്ട രാജാക്കന്മാരുടെ ഭരണംകൊണ്ട് നാടു നശിക്കുന്നതും പ്രജകള്‍ നരകിക്കുന്നതും കണ്ടുമടുത്ത പരശുരാമന് സ്വന്തം അനുഭവം കൂടിയായപ്പോള്‍ എല്ലാ ദുരിതങ്ങള്‍ക്കും ഒരവസനം കണ്ടെത്തിയേ മതിയാകൂ എന്ന ചിന്തയായി. അഗ്നിവര്‍ഷം പോലെ ഹേഹയ രാജധാനിയെ ആഞ്ഞടിച്ച പരശുരാമന്‍ കാര്‍ത്ത വീര്യാര്‍ജ്ജുനനേയും ക്ഷത്രിയവംശത്തെ ആകെത്തന്നെയും ഇരുപത്തിയൊന്ന് തവണ കൊന്നൊടുക്കി. വധിക്കപ്പെട്ട ക്ഷത്രിയരാജാക്കന്മാരുടെ രക്തം അഞ്ചുകുളങ്ങളില്‍ നിറച്ചുവച്ചു. ഇവയാണ് ‘സമന്തപഞ്ചകങ്ങള്‍’ എന്നറിയപ്പെടുന്ന പുണ്യസ്ഥലങ്ങള്‍.
പരശുരാമന്‍ പിതാവിന്റെ മരണാനന്തര കര്‍മ്മങ്ങള്‍ നടത്തിയത് സമന്തപഞ്ചകത്തില്‍ വച്ചാണ്. മറ്റു നാല് സഹോദരന്മാര്‍ പിതാവിന്റെ ബലികര്‍മ്മങ്ങള്‍ ജലംകൊണ്ട് നടത്തിയപ്പോള്‍ പരശുരാമന്‍ സമന്തപഞ്ചകത്തില്‍ വച്ച് ക്ഷത്രിയരുടെ രക്തംകൊണ്ട് പിതൃതര്‍പ്പണം നടത്തി. പിതൃക്കള്‍ അത് സ്വീകരിച്ചു.
ദുഷ്ട ക്ഷത്രിയരാജാക്കന്മാരുടെ വധം നടന്നതോടെ പരശുരാമന്റെ അവതാര ഉദ്ദേശ്യം അവസാനിച്ചു. താന്‍ നടത്തിയ നിരവധി ക്ഷത്രിയഹത്യകള്‍ക്ക് പരിഹാരമായി ഒരു മഹായാഗം സമന്തപഞ്ചകത്തില്‍വച്ച് പരശുരാമന്‍ നടത്തുകയുണ്ടായി. യാഗത്തിന്റെ ഋത്വിക്ക് കശ്യപനായിരുന്നു. യാഗത്തിന്റെ അവസാനം തന്റെ സമ്ബാദ്യങ്ങളെല്ലാം ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു. കശ്യപനെ സ്വര്‍ണ്ണവേദിയിലിരുത്തി പൂജിച്ചാദരിച്ചശേഷം പരശുരാമ ഇങ്ങനെ പറഞ്ഞു:
”മഹര്‍ഷേ, ഇന്നുവരെ ഞാന്‍ കീഴടക്കിയ ക്ഷത്രിയന്മാരില്‍ നിന്ന് പിടിച്ചെടുത്ത ഭൂമി മുഴുവന്‍ ഇതാ ഞാനങ്ങേയ്ക്ക് ദാനം ചെയ്യുന്നു. സ്വീകരിച്ചാലും.”
കശ്യപന്‍ ദാനം സ്വീകരിച്ചു തൃപ്തനായി.
”പരശുരാമാ, ഭൂമി മുഴുവന്‍ ദാനം ചെയ്തതോടെ അതെല്ലാം ഇപ്പോള്‍ എനിക്ക് സ്വന്തമായിക്കഴിഞ്ഞു. ഇനി അങ്ങ് എന്റെ ഭൂമിയില്‍ വസിക്കുന്നത് ശരിയല്ല. ഇനി ദക്ഷിണ സമുദ്രതീരത്തെവിടെയെങ്കിലും പോയി പാര്‍ത്തുകൊള്ളുക.
”ശരി അവിടുത്തെ ഇഷ്ടംപോലെ തന്നെയാവട്ടെ.”
പരശുരാമന്‍ യാത്രയായി. ഭാരതത്തിന്റെ തെക്കേയറ്റത്തെത്തിച്ചേര്‍ന്നു അദ്ദേഹം. അലമുറയിടുന്ന സമുദ്രത്തിലേക്ക് നോക്കിനിന്നു. എന്നിട്ടിങ്ങനെയപേക്ഷിച്ചു.
”വരുണദേവാ, ഞാന്‍ പിടിച്ചടക്കിയ ഭൂമിയും മറ്റു സമ്ബാദ്യങ്ങളും കശ്യപനും ബ്രാഹ്മണര്‍ക്കും ദാനം ചെയ്തു ഞാന്‍ നിര്‍ദ്ധനനായിക്കഴിഞ്ഞു. നമുക്ക് പാര്‍ക്കാന്‍ അവിടുന്ന് കുറച്ചു ഭൂമി നല്‍കിയാലും.”
”ഭാര്‍ഗ്ഗവരാമാ, നിന്റെയപേക്ഷ നാം സ്വീകരിക്കുന്നു. നിന്റെ കൈയിലുള്ള മഴു സമുദ്രത്തിലേക്കെറിഞ്ഞു കൊള്ളൂ. അത് വീഴുന്നിടം വരെയുള്ള ഭൂമി അങ്ങേയ്ക്ക് സ്വന്തമായിരിക്കും.”
വരുണന്‍ പ്രത്യക്ഷനായി പരശുരാമനെ അനുഗ്രഹിച്ചു. പരശുരാമന്‍ മഴുവെടുത്ത് സര്‍വ്വശക്തിയുമെടുത്ത് സമുദ്രത്തിലേക്കെറിഞ്ഞു. മഴു ചെന്നു വീണ ഭാഗം വരെയുള്ള സമുദ്രം പിറകോട്ടു മാറി കര ഉയര്‍ന്നുവന്നു. ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരിവരെയുള്ള ഈ ഭൂവിഭാഗമാണ് പില്‍ക്കാലത്ത് കേരളമായി രൂപം പ്രാപിച്ചത്.
ഈ ഭൂമിയും ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തശേഷം പരശുരാമന്‍ തപസ്സു ചെയ്യാനായി സപ്തകുല പര്‍വ്വതങ്ങളിലൊന്നായ മാഹേന്ദ്രഗിരിയിലേക്ക് പോയി.
ശ്രീരാമനെയും ശ്രീകൃഷ്ണനെയും പരശുരാമന്‍ അനുഗ്രഹിച്ചിട്ടുണ്ട്. സീതാസ്വയംവരശേഷം മടങ്ങുന്ന ശ്രീരാമാദികളോട് കോപത്തോടെ അടുക്കുന്ന പരശുരാമന്‍ ഒടുവില്‍ അനുഗ്രഹം നല്‍കിയാണ് മടങ്ങുന്നത്. കുരുവംശത്തിലെ പല സുപ്രധാന സംഭവങ്ങള്‍ക്കും സാക്ഷിയായിരുന്നു പരശുരാമനെന്ന് മഹാഭാരതം വ്യക്തമാക്കുന്നു.
ശ്രീകൃഷ്ണനും ബലരാമനും പലപ്പോഴും പരശുരാമനെക്കണ്ട് അനുഗ്രഹം വാങ്ങിയിട്ടുണ്ട്. അത്രകണ്ട് ബഹുമാന്യനായ മഹര്‍ഷിയായിരുന്നു പരശുരാമന്‍. മുനിവേഷധാരിയായ ഈ അവതാരപുരുഷന്‍ മഹാവിഷ്ണുവിന്റെ മറ്റവതാരങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തനാണ്. ചിരഞ്ജീവിയായ മഹാവിഷ്ണുവിന്റെ അവതാരമാണ് പരശുരാമന്‍. ഇന്നും ആ തപോധനന്‍ എവിടെയോ കഠിനതപസ്സില്‍ കഴിയുകയാണ്.
പ്രധാനപ്പെട്ട പരശുരാമ ക്ഷേത്രങ്ങള്‍
കേരളത്തിലെ പുരാതന ക്ഷേത്രങ്ങളില്‍ ഒന്ന്. തിരുവനന്തപുരത്ത് തിരുവല്ലം പരശുരാമക്ഷേത്രം. തിരുവനന്തപുരം വിഴിഞ്ഞം റൂട്ട്. തിരൂര്‍ തൃക്കണ്ടിയൂരിലും പരശുരാമന്‍ ഉപദേവനാണ്. കോതമംഗലത്തിനടത്ത് തൃക്കാരിയൂരില്‍ പരശുരാമന് ക്ഷേത്രമുണ്ട്. മഹാരാഷ്ട്രയിലെ ചിത്പാവണ്‍ ബ്രാഹ്മണരുടെ പരദേവത പരശുരാമനാണ്. മഹാരാഷ്ട്രയിലെ ചിപ്പ്‌ലമിനടുത്ത് ഫെഡയല്‍ കുന്നിന് മുകളില്‍ പരശുരാമക്ഷേത്രമുണ്ട്. ഇവിടെ അമ്മ രേണുകാദേവിയുടെയും പ്രതിഷ്ഠയുണ്ട്. കര്‍ണ്ണാടകയിലെ ഹിരൈനഗളുരിലും പരശുരാമക്ഷേത്രമുണ്ട്. ഉടുപ്പിക്ക് 13 കിലോമീറ്റര്‍ കിഴക്കുഭാഗത്ത് ചന്ദ്രഗുട്ടിയില്‍ രേണുകാദേവിക്ക് ക്ഷേത്രമുണ്ട്. ചക്കനായകഹള്ളിയില്‍ ദാരുകൊണ്ടുള്ള പരശുരാമ പ്രതിഷ്ഠയുണ്ട്. പഞ്ചാബിലെ കാംഗ്രയില്‍ പരശുരാമക്ഷേത്രമുണ്ട്.
നമ്മുടെ ഭവനങ്ങളില്‍ എന്നും ശാന്തിയും സമാധാനവും നിലനില്‍ക്കുവാന്‍ പരശുരാമസ്വാമി ക്ഷേത്ര ദര്‍ശനവും വഴിപാടുകളും നടത്തുക. നമ്മുടെ പിതൃക്കളുടെ കോപത്താല്‍ ഉണ്ടാകുന്ന സന്താനനാശം, രോഗപീഡ, നാനാതരത്തിലുള്ള അനര്‍ത്ഥങ്ങള്‍, കുടുംബജനങ്ങളില്‍ ഐക്യക്കുറവ്, കലഹം മുതലായ ദോഷങ്ങള്‍ക്ക് പരിഹാരമായി പാര്‍വ്വണാദി ശ്രാദ്ധങ്ങള്‍, തിലഹവനം, ബ്രാഹ്മണഭോജനം, ക്ഷേത്രപിണ്ഡം, ബലികര്‍മ്മങ്ങള്‍ മുതലായവ ചെയ്യുക. പിതൃക്കളുടെ കോപത്താല്‍ ഉണ്ടാകാവുന്ന സമസ്തദോഷങ്ങളുടെയും പരിഹാരത്തിനായി പരശുരാമസ്വാമി ക്ഷേത്രദര്‍ശനത്തിലൂടെയും വഴിപാടുകളിലൂടെയും ഫലപ്രാപ്തി നേടാം. പരശുരാമക്ഷേത്രങ്ങളില്‍ തിലഹവനവും മറ്റു വഴിപാടുകളും യഥാശക്തി നടത്തുക.
പിതൃക്കള്‍ പ്രീതരാകും. കുടുംബജനങ്ങളില്‍ സന്തതി, ഐശ്വര്യാദികള്‍, കുടുംബസുഖം മുതലായവ അനുഭവിക്കുവാന്‍ ഇടയാകും. ഇക്കൊല്ലത്തെ പരശുരാമജയന്തി 2020 ഡിസംബര്‍ 31-ന് കൊല്ലവര്‍ഷം 1196 ധനുമാസം 16-ാം തീയതി വ്യാഴാഴ്ച. മഹാവിഷ്ണുവിന്റെ ഉഗ്രപ്രഭാവത്തോടുകൂടിയ മനുഷ്യാവതാരം പരശുരാമസ്വാമിയെ പൂജിക്കുന്നതിലൂടെ നമ്മുടെ ഭവനങ്ങളില്‍ ശാന്തിയും സമാധാനവും എന്നും നിലനില്‍ക്കും.
ശത്രുക്കള്‍ക്ക് ക്ഷിപ്രനാശമുണ്ടാകുന്നതിന് പരശുരാമമന്ത്രം ജപിക്കുക.
പരശുരാമമന്ത്രം
ബ്രഹ്മാഃ ഋഷിഃ
അത്യനുഷ്ടുപ്ച്ഛന്ദഃ
ശ്രീപരശുരാമോ മഹാവിഷ്ണുര്‍ദേവതാഃ
മൂലമന്ത്രം: ഓം നമോ ഭഗവതേ പരശുരാമായ ദുഷ്ടക്ഷത്രവന
ച്ഛിദേമമശത്രൂന്‍ ജഹിജഹി മാം രക്ഷരക്ഷ
ഹും ഫള്‍ സ്വാഹാ.
ശത്രുദോഷശമനത്തിനുവേണ്ടി പരശുരാമസ്വാമിയെ ഭക്തിയോടെ മനസ്സില്‍ ധ്യാനിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് മുകളില്‍ പറഞ്ഞ മന്ത്രം 1008 ഉരു വീതം ഒരു മണ്ഡലകാലം ജപിക്കുക. ശത്രുക്കള്‍ക്ക് ക്ഷിപ്രനാശം സംഭവിക്കുന്നതാണ്. പരശുരാമ മന്ത്രം ജപിക്കുന്ന ഭക്തര്‍ക്ക് ശത്രുക്കളുണ്ടാവില്ല.
Leave a Comment