ചെസിലെ ലോക ഒന്നാം നമ്പർ താരം നോർവെയുടെ മാഗ്നസ് കാൾസനെ ഫ്രീസ്റ്റെൽ ഗ്രാൻസ്ലാം ചെസ് ടൂർണമെന്റിൽ തോൽപ്പിച്ച് ഇന്ത്യയുടെ കൗമാര താരം ആർ പ്രഗ്നാനന്ദ. വെറും 39 നീക്കങ്ങൾക്കൊടുവിലാണ് 19 കാരനായ ഇന്ത്യൻ താരം വെള്ളക്കരുക്കളുമായി കാൾസനെ തോൽപ്പിച്ചത്. നീക്കങ്ങളിൽ 93.9 ശതമാനം കൃത്യതയുമായി പ്രഗ്നാനന്ദ മികവു തെളിയിച്ചപ്പോൾ, കാൾസനു വിപരീതമായി 84.9 ശതമാനം കൃത്യത മാത്രമേ പുലർത്താനായുള്ളൂ.
ലാസ് വേഗാസിൽ നടക്കുന്ന ടൂർണമെന്റിന്റെ നാലാം റൗണ്ടിലാണ് മാഗ്നസ് കാൾസനെതിരെ പ്രഗ്നാനന്ദയുടെ വിജയം. ഇതോടെ ഗ്രൂപ്പ് വൈറ്റിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്ന പ്രഗ്നാനന്ദ, ക്വാർട്ടർ ഫൈനലിനും യോഗ്യത നേടി. 4.5 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്ന പ്രഗ്നാനന്ദ ക്ലാസിക്കൽ, റാപ്പിഡ്, ബ്ലിറ്റ്‌സ് ഫോർമാറ്റുകളിൽ ലോക ഒന്നാം നമ്പർ താരത്തെ തോൽപ്പിച്ചുവെന്ന നേട്ടവും സ്വന്തമാക്കി.തോറ്റെങ്കിലും ലൂസേഴ്‌സ് ബ്രാക്കറ്റിൽ കാൾസന് ഇനിയും ടൂർണമെൻറിൽ കളിക്കാം. പക്ഷെ ജേതാവാകാനാവില്ല. പരമാവധി മൂന്നാം സ്ഥാനത്ത് മാത്രമെ കാൾസന് എത്താനാകു
ഈ മാസം ആദ്യം ഇന്ത്യൻ താരം ഡി ഗുകേഷിനോടും മാഗ്നസ് കാൾസൻ തോറ്റിരുന്നു.ക്രൊയേഷ്യയിലെ ഗ്രാൻഡ് ചെസ്സ് ടൂർണമെൻറിലെ റാപ്പിഡ് ഫോർമാറ്റിലാണ് ഗുകേഷ് അട്ടിമറി ജയം നേടിയത്. കറുത്ത കരുക്കളുമായി കളിച്ചാണ് ഗുകേഷ് കാൾസനെ അട്ടിമറിച്ചത്. മത്സരത്തിന് മുൻപ് ദുർബലനായ എതിരാളി എന്നാണ് ഗുകേഷിനെ കാൾസൻ വിശേഷിപ്പിച്ചത്. ഇതിന് ചെസ് ബോർഡിൽ മറുപടി നൽകുകയായിരുന്നു ഇന്ത്യയുടെ ലോക ചാമ്പ്യൻ. മത്സരശേഷം ഗുകേഷിൻറെ മികവിനെ കാൾസൻ അംഗീകരിക്കുകയും ചെയ്തു. ഗുകേഷ് തന്നെ ശിക്ഷിച്ചുവെന്നായിരുന്നു കാൾസൻറെ വാക്കുകൾ.
Discussion about this post