കിംഗ്സ്റ്റണിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം സൃഷ്‌ടിച്ച നാണക്കേടിനെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. രണ്ടാം ഇന്നിംഗ്സിൽ വെറും 27 റൺസിന് അവർ പുറത്തായി – ടെസ്റ്റ് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ സ്‌കോർ ആണ് അവർ രേഖപ്പെടുത്തിയത്. സബീന പാർക്കിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ, മിച്ചൽ സ്റ്റാർക്ക് ആറ് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, സ്കോട്ട് ബൊളാൻഡ് ഹാട്രിക് നേടി, ഓസ്‌ട്രേലിയയ്ക്ക് 176 റൺസിന്റെ വിജയവും ഫ്രാങ്ക് വോറൽ ട്രോഫി പരമ്പരയിൽ 3-0 ന് വൈറ്റ്‌വാഷും നേടിക്കൊടുത്തു.
തോൽവിയോട് പ്രതികരിച്ചുകൊണ്ട് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ ഇന്ത്യൻ പ്രീമിയർ ലീഗിനെയും (ഐപിഎൽ) മറ്റ് ടി20 ഫ്രാഞ്ചൈസി ലീഗുകളെയും സൂക്ഷ്മമായി പരിഹസിച്ചു. ‘സ്റ്റിക്ക് ടു ക്രിക്കറ്റ്’ പോഡ്‌കാസ്റ്റിൽ, കളിക്കാരുടെ മുൻഗണനകളിലെ മാറ്റത്തെക്കുറിച്ച് ലാറ ഖേദം പ്രകടിപ്പിച്ചു. രാജ്യത്തിന് പ്രാധാന്യം നൽകുന്നതിന് പകരം കളിക്കാർ ലീഗുകൾക്കാണ് ഇന്ന് പ്രാധാന്യം കൊടുക്കുന്നത് എന്നും ലാറ പറഞ്ഞു.
“വെസ്റ്റ് ഇൻഡീസ് ടീമിൽ ഇടം നേടാൻ ഞങ്ങൾ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റും കൗണ്ടി ക്രിക്കറ്റും പോലും കളിച്ചു,” ലാറ പറഞ്ഞു. “ഇപ്പോൾ, ഫ്രാഞ്ചൈസി കരാറുകൾ നേടുന്നതിനുള്ള ഒരു വേദിയായി ടീമിനെ ഉപയോഗിക്കുന്നു. അത് കളിക്കാരുടെ തെറ്റല്ല.” ലാറയുടെ നിരാശയെക്കുറിച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഡേവിഡ് ലോയ്ഡ് സംസാരിച്ചു. അദ്ദേഹം ക്രിക്കറ്റിലെ ‘ബിഗ് ത്രീ’യുടെ സാമ്പത്തിക ആധിപത്യത്തെ കുറ്റപ്പെടുത്തി. “ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് എല്ലാ പണവും എടുക്കുന്നത്. വെസ്റ്റ് ഇൻഡീസ്, ന്യൂസിലൻഡ്, ശ്രീലങ്ക തുടങ്ങിയ ടീമുകൾക്ക് മത്സരിക്കാൻ കഴിയണമെങ്കിൽ കൂടുതൽ പണത്തിന്റെ കാര്യത്തിൽ തുല്യത ഉണ്ടാകണം ” ലോയ്ഡ് വാദിച്ചു.
വെസ്റ്റ് ഇൻഡീസ് ബോർഡ് കൃത്യമായ സമയത്ത് പണം കൊടുക്കാതെ കഷ്ടപ്പെടുത്തുന്നതിനാൽ തന്നെയാണ് താരങ്ങൾ മറ്റുള്ള ലീഗിൽ പോയി കളിക്കാനുള്ള കാര്യമെന്ന് പറയാം.
Discussion about this post