ന്യൂഡല്‍ഹി: ആഗോള ശരാശരി താപവര്‍ധന 1.5 ഡിഗ്രി സെലിഷ്യസ് ആയി നിജപ്പെടുത്താന്‍ കഴിഞ്ഞാലും വരും ദശാബ്ദങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അതിമാരകമായ ഉഷ്ണതരംഗങ്ങള്‍ സ്ഥിരമാകുമെന്നു ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. അമേരിക്കയിലെ ഓക് റിഡ്ജ് നാഷണല്‍ ലബോറട്ടറയിലെ ഗവേഷകര്‍ ഉള്‍പ്പെട്ട സംഘമാണ് അതീവഗുരുതരമായ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
താപനില ഉയരുന്നതും, ഉഷ്ണക്കാറ്റ് രൂക്ഷമാകുന്നതും ഇന്ത്യയിലെ പ്രധാന കാര്‍ഷിക മേഖലകളായ ഉത്തര്‍പ്രദേശ്, ബംഗാള്‍, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇങ്ങിനൊരവസ്ഥ ഉണ്ടായാൽ ഇവിടങ്ങളിലെ തൊഴില്‍ സാഹചര്യം വരെ മാറിമറിയാന്‍ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഭാവി അത്ര സുരക്ഷിതമല്ലെന്ന് വ്യക്തമാക്കുമ്പോളും, ആഗോളതാപനം എത്രത്തോളം കുറയ്ക്കാന്‍ കഴിയുന്നോ അത്രത്തോളം അപകടം ഒഴിവാക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറഞ്ഞു. ആഗോള ശരാശരി താപവര്‍ധന 1.5 ഡിഗ്രി സെലിഷ്യസ് ആയാല്‍ പോലും പല മേഖലകളുടെയും നില വഷളാകും. ശരാശരി താപവര്‍ധന 2 ഡിഗ്രി സെലിഷ്യസ് ആയാല്‍ തൊഴിലാളികളുടെ സുരക്ഷ ഇപ്പോഴുള്ളതിനേക്കാള്‍ രണ്ട് മടങ്ങ് കുറവായിരിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. ഈ സാഹചര്യത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ ഗണ്യമായി കുറയ്ക്കുകയാണ് ഏക പോംവഴി.
വ്യാവസായിക വിപ്ലവത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ആഗോള ശരാശരി താപവര്‍ധന ഒരു ഡിഗ്രി സെലിഷ്യസ് ആണ്. 2040 ആകുമ്പോളേക്കും അത് 1.5 ഡിഗ്രി സെലിഷ്യസ് ആകുമെന്നാണ് ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് ( ഐ പി സി സി ) വ്യക്തമാക്കുന്നത്. എന്നാല്‍ ഈ അര ഡിഗ്രിയുടെ വര്‍ധന പോലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമൊന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
Leave a Comment