ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ, ഇന്ത്യ തന്നെ ജയിച്ചു കയറും എന്ന് പറഞ്ഞിരിക്കുകയാണ് ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ. 193 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ഇന്നലെ മത്സരത്തിന്റെ നാലാം ദിവസം കളി നിർത്തുമ്പോൾ 4 വിക്കറ്റുകൾ നഷ്ടപ്പെട്ടു. യശസ്വി ജയ്‌സ്വാൾ, കരുൺ നായർ, ശുഭ്മാൻ ഗിൽ, നൈറ്റ് വാച്ച്മാൻ ആകാശ് ദീപ് എന്നിവരെ ഇംഗ്ലീഷ് ബൗളർമാർ ടീം സ്കോർ 58 റൺസ് മാത്രം ബാക്കി നിൽക്കെ മടക്കി അയച്ചു. പരമ്പരയിൽ 2-1 ന് ലീഡ് നേടാനും മത്സരം ജയിക്കാനും ഇന്ത്യയ്ക്ക് ഇന്ന് 135 റൺസ് കൂടി നേടണം.
മത്സരത്തിന്റെ ഫലം സംബന്ധിച്ച് പ്രവചനം നടത്താമോ എന്ന് ചോദിച്ചപ്പോൾ, വാഷിംഗ്ടൺ സുന്ദർ ഇങ്ങനെ പറഞ്ഞു, “തീർച്ചയായും ഇന്ത്യ നാളെ വിജയിക്കും. ഉച്ചഭക്ഷണത്തിന് ശേഷം അത് സംഭവിക്കും. ഇപ്പോഴത്തെ അവസ്ഥയിൽ നമ്മൾ തന്നെ ജയിക്കാനാണ് സാധ്യത.”
അവസാന ദിവസം ഓപ്പണിംഗ് ബാറ്റർ കെ.എൽ. രാഹുൽ 33 റൺസിൽ നിൽക്കുമ്പോൾ ഋഷഭ് പന്ത് ആയിരിക്കും അദ്ദേഹത്തിന് കൂട്ടായി എത്തുക. പക്ഷെ പിച്ചിൽ ഇപ്പോഴും ബോളർമാർക്ക് സഹായം നൽകുമ്പോൾ ഇംഗ്ലണ്ടിനെ എഴുതി തള്ളാനുമാകില്ല എന്ന് തന്നെ പറയണം. ജയ്‌സ്വാളിനെ ജോഫ്ര ആർച്ചർ പുറത്താക്കിയപ്പോൾ, കരുൺ നായരെയും ഗില്ലിനെയും ബ്രൈഡൺ കാർസെ പുറത്താക്കി. ബെൻ സ്റ്റോക്സ് ആണ് ആകാശ് ദീപിന്റെ വിക്കറ്റ് എടുത്തത്.
“പന്ത് അൽപ്പം സോഫ്റ്റ് ആയി നിന്നാൽ കൂടുതൽ റൺസ് വരും. പക്ഷേ ശരിയായ സ്ഥലത്ത് പന്ത് പിച്ച് ചെയ്താൽ സ്കോറിങ് ബുദ്ധിമുട്ടാകും. ഇംഗ്ലണ്ട് ബാറ്റിംഗ് പരിശീലകൻ മാർക്കസ് ട്രെസ്കോത്തിക് ബിബിസിയോട് പറഞ്ഞു. “നാളെ ആരാണ് ഏറ്റവും കൂടുതൽ സമ്മർദ്ദം ചെലുത്തുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ഇത്.”
നേരത്തെ, രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 192 റൺസിന് പുറത്തായി, വാഷിംഗ്ടൺ സുന്ദർ നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി മികവ് കാണിച്ചു.
Discussion about this post