ലോർഡ്‌സിൽ നടന്ന മൂന്നാം ടെസ്റ്റിന്റെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സിൽ അവരുടെ ബാറ്റ്‌സ്മാൻമാർ ഒരിക്കലും വിചാരിക്കാത്ത പണിയാണ് ഇന്ത്യൻ ബോളർമാർ കൊടുത്തത്. വാഷിംഗ്‌ടൺ സുന്ദർ (4 വിക്കറ്റ്), ജസ്പ്രീത് ബുംറ (2 വിക്കറ്റ്), മുഹമ്മദ് സിറാജ് (2 വിക്കറ്റ്), ആകാശ് ദീപ് (1 വിക്കറ്റ്), നിതീഷ് കുമാർ റെഡ്ഡി (1 വിക്കറ്റ്) എന്നിവർ എല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ഇംഗ്ലണ്ട് 192 റൺസിൽ ഒതുങ്ങി. മറുപടി ബാറ്റിംഗിൽ ഇന്ത്യയും തകർച്ചയെ നേരിടുമ്പോൾ അവസാന ദിനം ആറ് വിക്കറ്റുകൾ കൈയിൽ ഇരിക്കെ ഇന്ത്യക്ക് ജയിക്കാൻ 135 റൺ കൂടി വേണം. ഇന്നലത്തെ ഇന്ത്യൻ ബോളിങ്ങിൽ ഹീറോ വാഷിംഗ്‌ടൺ സുന്ദർ ആയിരുന്നു. ജോ റൂട്ടിനെയും ജാമി സ്മിത്തിനെയും പുറത്താക്കി സുന്ദർ ഇംഗ്ലണ്ടിന്റെ നട്ടെല്ല് തുടക്കത്തിലേ ഓടിച്ചു. ശേഷം നായകൻ ബെൻ സ്റ്റോക്‌സിനെയും സ്പിന്നർ ഷോയിബ് ബഷീറിനെയും അദ്ദേഹം പുറത്താക്കി.
ഈ നാല് വിക്കറ്റുകളും ബൗൾഡ് ആയിരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. തന്റെ സെലക്ഷനെയും ടീം മാനേജ്മെന്റ് കാണിച്ച വിശ്വാസത്തെയും അദ്ദേഹം ന്യായീകരിച്ചു എന്ന് പറയാം. ബാറ്റിലും അദ്ദേഹം മികച്ച സംഭാവനകൾ ആദ്യ ഇന്നിങ്സിൽ സഹായിച്ചിരുന്നു. ഇന്ന് കളിയുടെ അവസാന ദിവസം താരത്തിന്റെ ഭാഗത്ത് നിന്ന് മികവ് ഇന്ത്യക്ക് അത്യാവശ്യമാണ്.
എന്തായാലും ഇന്നലത്തെ പ്രകടനത്തിന് ശേഷം സുന്ദർ ഒരു അണ്ടർറേറ്റഡ് ബൗളറാണെന്ന് ഇതിഹാസ ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര അണ്ടർറേറ്റഡ് പറഞ്ഞു . “അദ്ദേഹം ഒരു അണ്ടർറേറ്റഡ് ബൗളറാണ്. ബുംറ, സിറാജ്, ജഡേജ, ആകാശ് എന്നിവരുണ്ട്, പക്ഷേ സ്പിന്നർമാരെ അൽപ്പം സഹായിക്കുന്ന ഒരു പിച്ചിൽ വാഷിംഗ്ടൺ സുന്ദർ മികച്ച പ്രകടനം കാഴ്ചവച്ചു. നിങ്ങൾ അദ്ദേഹത്തിന്റെ ബൗളിംഗിനെ വിശ്വസിച്ചാൽ, അദ്ദേഹം വിക്കറ്റുകൾ എടുക്കും,”പൂജാര പറഞ്ഞു.
“ഇന്നലത്തെ ഇന്ത്യൻ ബോളിങ്ങിലെ ഹീറോ അവനായിരുന്നു. നാലാം ദിവസം അദ്ദേഹം പന്തെറിഞ്ഞ രീതി കാണാൻ മികച്ചതായിരുന്നു. അദ്ദേഹത്തിന് ലഭിച്ച സഹായം താരം നന്നായി ഉപയോഗിച്ചു. എതിരാളി ക്യാമ്പിലെ ഏറ്റവും മികച്ച രണ്ട് ബാറ്റ്‌സ്മാൻമാരെ പുറത്താക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. ജോ റൂട്ടും ജാമി സ്മിത്തും മികച്ച ബാറ്റ്‌സ്മാൻമാരാണ്, അവർക്ക് കളിയുടെ ഗതി തന്നെ മാറ്റാൻ കഴിയും, ”പൂജാര കൂട്ടിച്ചേർത്തു.
Discussion about this post