തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തക സുജയ പാർവ്വതിയെ പിന്തുണച്ചുകൊണ്ടുള്ള മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുന്നു. കലാകൗമുദിയിലെ കോർഡിനേറ്റിംഗ് എഡിറ്റർ വാദ്യാർ സുനിലാണ് സമൂഹമാദ്ധ്യമത്തിൽ പരസ്യപിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്. സുജയ പാർവ്വതി ഒറ്റയ്ക്കാവില്ല എന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം.
മാദ്ധ്യമ പ്രവർത്തകർ ഇടതു പക്ഷ മേലങ്കിയണിയണം എന്ന് ശഠിയ്ക്കുന്ന ഒരു സമ്പ്രദായം കേരളത്തിൽ മാത്രമാണ് ഉള്ളതെന്ന് അദ്ദേഹം പറയുന്നു. കെ.വി. തോമസ് മാഷ് സി പി എം പരിപാടിക്കു വന്നാൽ പുരോഗമനപരവും ഒരു സി.പി. എമ്മുകാരൻ സ്വന്തം നിലപാട് കോൺഗ്രസിന്റെ പരിപാടിയിൽ പോയി പറഞ്ഞാൽ പുറത്താക്കലും ഇതേ ഇക്കോ സിസ്റ്റത്തിന്റെ ഭാഗമാണ്. മാദ്ധ്യമ പ്രവർത്തകർക്ക് രാഷ്ട്രീയം ഉണ്ടാകുക സ്വാഭാവികമാണ്. ബി.എം. എസ് സംഘടിപ്പിച്ച വനിതാ സമ്മേളനം നിലവിളക്കു കൊടുത്തി സുജയ പാർവ്വതി ഉദ്ഘാടനം ചെയ്തുവെങ്കിൽ അത് അവരുടെ വ്യക്തിപരവും മൗലികാവകാശത്തിൽ പെടുന്നതുമാണ്. അതിനെതിരെ കുരയ്ക്കുന്നവരെ അവഗണിയ്ക്കുക തന്നെയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സുജയ പാർവതി ഒറ്റയ്ക്കാവില്ല. മാദ്ധ്യമ പ്രവർത്തനമെന്നാൽ ഒരു പ്രത്യേക പക്ഷത്തോട് ആഭിമുഖ്യം പുലർത്തുകയും ഇടതുപക്ഷ മേലങ്കിയണിയുകയും വേണമെന്ന് ശഠിയ്ക്കുന്ന ഒരു ഇക്കോ സിസ്റ്റം കേരളത്തിൽ മാത്രമുള്ളതാണ്. ഒരു ജേണലിസ്റ്റ് കോൺഗ്രസോ ലീഗോ ആയാൽ പോലും അയാൾ ലെഫ്റ്റ് ഫണ്ടമെന്റലിസ്റ്റുകളുടെ ആക്രമണത്തിനിരയാകും. (മദ്ധ്യമ സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ പദാവലികൾ ഉപയോഗിച്ച് മുതലക്കണ്ണീരൊഴുക്കുന്നതും ഇക്കൂട്ടർ തന്നെയാണ് എന്നതാണ് രസകരം.)
കെ.വി. തോമസ് മാഷ് സി പി എം പരിപാടിക്കു വന്നാൽ പുരോഗമനപരവും ഒരു സി.പി. എമ്മുകാരൻ സ്വന്തം നിലപാട് കോൺഗ്രസിന്റെ പരിപാടിയിൽ പോയി പറഞ്ഞാൽ പുറത്താക്കലും ഇതേ ഇക്കോ സിസ്റ്റത്തിന്റെ ഭാഗമാണ്. കൃഷി മന്ത്രി ഇസ്രായേലിൽ പൊയ്ക്കൂടാ, ഗുജറാത്ത് എന്ന വാക്കു പോലും ഉച്ചരിച്ചു കൂടാ, ഇന്ത്യയുടെ ബഹുമാന്യ പ്രധാനമന്ത്രിയാണ് മോദി എന്നു പറഞ്ഞു കൂടാ എന്നൊക്കെ ശഠിക്കുന്ന ഇവിടുത്തെ യഥാർത്ഥ ഫാസിസ്റ്റുകൾ നമസ്‌തേ പറയുന്നവനെ പോലും സംഘിയാക്കും. (ചന്ദനക്കുറി ലോക്കൽ കമ്മറ്റി സെക്രട്ടറിമാർ നേരിട്ട് ഇടപെട്ട് മായ്ക്കുന്ന കാലമാണ് എന്ന് ആലപ്പുഴ സംഭവം പറയുന്നു. തൊപ്പിയിട്ടാൽ എല്ലാമായി എന്നും)
മാദ്ധ്യമ പ്രവർത്തകർക്ക് രാഷ്ട്രീയ നിലപാടുകൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. ‘ ടി.പി. വധത്തെക്കുറിച്ച് എന്റെ ബൈ ലൈനിൽ സ്റ്റോറി കൊടുക്കരുത്. പാർട്ടിക്കാർ പിണങ്ങും ‘ എന്നു പറയുന്ന തിണ്ണ നിരങ്ങികളായ ചില ജീർണ്ണലിസ്റ്റുകളെ ഒഴിവാക്കിയാൽ നല്ല ശതമാനം മാദ്ധ്യമ പ്രവർത്തകരും വാർത്തയിൽ സ്വന്തം രാഷ്ട്രീയം കലർത്താത്തവരാണ്. പൊതു സമൂഹത്തിന്റെ ഭാഗമെന്ന നിലയിൽ പല പരിപാടികൾക്കും മാദ്ധ്യമ പ്രവർത്തകരെ ക്ഷണിയ്ക്കാറുണ്ട്. സി.പി. എമ്മിന്റെ പരിപാടികളിൽ മാദ്ധ്യമ പ്രവർത്തകർ അവിഭാജ്യ ഘടകമാണ്. അങ്ങനെ പങ്കെടുക്കുന്ന ജേണലിസ്റ്റുകൾ തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി വ്യക്തമാക്കിയിട്ടുമുണ്ട്. രാജ്യം ഭരിയ്ക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ വേദികളിലേക്ക് മാദ്ധ്യമ പ്രവർത്തകരെ ക്ഷണിച്ചാൽ, പങ്കെടുത്താൽ മാത്രം വലിയ അപരാധമായി ചിത്രീകരിയ്ക്കുന്നത് തനി ഫാസിസ്റ്റ് രീതിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ ബി.എം. എസ് സംഘടിപ്പിച്ച വനിതാ സമ്മേളനം നിലവിളക്കു കൊടുത്തി സുജയ പാർവതി ഉദ്ഘാടനം ചെയ്തുവെങ്കിൽ അത് അവരുടെ വ്യക്തിപരവും മൗലികാവകാശത്തിൽ പെടുന്നതുമാണ്. അതിനെതിരെ കുരയ്ക്കുന്നവരെ അവഗണിയ്ക്കുക തന്നെയാണ് വേണ്ടത്.
എന്നാൽ, ആ പേരിൽ മാദ്ധ്യമ സ്ഥാപനം നടപടി എടുക്കുന്നത് അപഹാസ്യം മാത്രമല്ല, ചാനൽ നടത്താൻ കാശിറക്കുന്നവരുടെ മുഖം വ്യക്തമാക്കുന്നതു കൂടിയാണ്.’ നിങ്ങൾ സംഘിപ്പട്ടം ചാർത്തിത്തരാൻ തീരുമാനിച്ചാൽ, അതേടാ എങ്കിൽ ഞാൻ സംഘി ആയേക്കാം ‘ എന്ന് ശിരസ്സുയർത്തിപ്പറയാൻ ഇനിയും ഒരുപാട് സുജയമാർ മുന്നോട്ടു വരിക തന്നെ ചെയ്യും.
Leave a Comment