ഓൺലൈനിൽ ദൈവനിന്ദ നിറഞ്ഞ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ യുവാക്കളെ കെണിയിൽപ്പെടുത്തുകയാണെന്ന ആരോപണത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ട് പാകിസ്താൻ കോടതി. നൂറുകണക്കിന് കുടുംബങ്ങളുടെ അപ്പീലിനെ തുടർന്നാണ് കോടതിയുടെ ഉത്തരവ്. രാജ്യത്ത് സമീപവർഷങ്ങളിലായി സോഷ്യൽമീഡിയയിലൂടെയുള്ള ദൈവനിന്ദ വർദ്ധിച്ചുവരികയാണ്. 2022 മുതൽ ഈ ഒരു പ്രവണത കാണുന്നുണ്ട്. എന്നാൽ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി ദൈവനിന്ദ നിറഞ്ഞ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച കേസുകളിൽ അറസ്റ്റിലായവരിൽ ഭൂരിഭാഗവും യുവാക്കളാണ്.ദൈവനിന്ദ കേസുകളിൽ കുറ്റം ആരോപിക്കപ്പെട്ട് 767 പേരാണ് ജയിലിൽ വിചാരണ കാത്ത് കിടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
മുസ്ലീം ഭൂരിപക്ഷമുള്ള പാകിസ്താനിൽ ദൈവനിന്ദ വധശിക്ഷ വരെ ലഭിച്ചേക്കാവുന്ന പ്രകോപനപരമായ കുറ്റമായാണ് കണക്കാക്കുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പോലും പൊതുജനരോഷം ജനിപ്പിക്കുകയും ആൾക്കൂട്ടക്കൊലയിലേക്ക് നയിക്കുകയും, ഇത്തരം കുറ്റങ്ങളിൽപ്പെട്ടവരുടെ കുടുംബത്തെ തന്നെ സമൂഹത്തിൽ നിന്ന് അകറ്റി നിർത്തുന്നതിനും കാരണമാകും.ദൈവനിന്ദ ആരോപിച്ച് സമീപവർഷങ്ങളിൽ നിരവധി യുവാക്കളെ കുറ്റക്കാരായി കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്.
യുവാക്കൾക്കെതിരെ കുറ്റം ആരോപിക്കപ്പെടുന്നത് വർദ്ധിച്ച സാഹചര്യത്തിലാണ് കോടതി സർക്കാർ തലത്തിൽ ഒരു അന്വേഷണം നടത്താൻ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനായി സർക്കാർ 30 ദിവസത്തിനുള്ളിൽ ഒരു അന്വേഷണ കമ്മീഷൻ രൂപീകരിക്കണമെന്നും നാല് മാസത്തിനുള്ളിൽ കമ്മീഷൻ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് സർദാർ ഇജാസ് ഇഷാഖ് ഖാൻ ആണ് ഉത്തരവിറക്കിയത്.
Discussion about this post