കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎം നേതാവ് എം കെ കണ്ണന് വീണ്ടും നോട്ടീസ് അയച്ച് ഇഡി

Published by
Brave India Desk

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി. ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച ഹാജരാകണമെന്നാണ് നിർദ്ദേശം.

ഇത് രണ്ടാം തവണയാണ് കണ്ണനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ മാസം 29 ന് ഇഡി കണ്ണനിൽ നിന്നും മൊഴിയെടുത്തിരുന്നു. ഇതിൽ ചിലതിൽ വലിയ പൊരുത്തക്കേടുകൾ ഉണ്ട്. ഇതിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യൽ. അന്വേഷണത്തോട് കണ്ണൻ സഹകരിക്കുന്നില്ലെന്നും മൊഴികളിൽ പൊരുത്തക്കേട് ഉണ്ടെന്നും നേരത്തെ തന്നെ ഇഡി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് കണ്ണൻ നിഷേധിക്കുകയായിരുന്നു. എപ്പോൾ ഹാജരാകാൻ ആവശ്യപ്പെട്ടാലും ഹാജരാകാൻ തയ്യാറാണെന്നും കണ്ണൻ വ്യക്തമാക്കിയിരുന്നു.

അതേസമയം കേസിൽ മുൻ മന്ത്രി എ.സി മൊയ്തീനെ വീണ്ടും വിളിപ്പിക്കാനും നീക്കമുണ്ട്. കേസിൽ ഒരു തവണ മാത്രമാണ് മൊയ്തീനിൽ നിന്നും ഇഡി മൊഴിയെടുത്തത്. മൂന്ന് തവണ ഹാജരാകാൻ ആവശ്യപ്പെട്ട് മൊയ്തീന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നാലാമത്തെ തവണയാണ് ഇഡിയ്ക്ക് മുൻപിൽ അദ്ദേഹം ഹാജരായത്. ആദായ നികുതി അടച്ചതിന്റെ രേഖകളും ഇഡിയ്ക്ക് മുൻപിൽ അന്ന് സമർപ്പിച്ചിരുന്നു.

Share
Leave a Comment

Recent News