വിശ്വവിഖ്യാത സംവിധായകൻ സത്യജിത് റേയുടെ ബംഗ്ലാദേശിലെ കുടുംബവീട് പൊളിച്ചുനീക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ധാക്കയിലെ വീട് പൊളിച്ചുനീക്കുന്നതിന് പകരം പുതുക്കിപ്പണിയാനുള്ള സാധ്യത പരിശോധിക്കണമെന്ന് വിദേശകാര്യമന്ത്രാലയം ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യ- ബംഗ്ലാദേശ് സാംസ്‌കാരിക സഹകരണത്തിന്റെ ചിഹ്നമായി വീട്, സാഹിത്യമ്യൂസിയമായി പുതുക്കിപ്പണിയണമെന്നാണ് ഇന്ത്യ മുന്നോട്ടുവെച്ച നിർദേശം. ഇതിന് ആവശ്യമായ സഹായവും വാഗ്ദാനംചെയ്തു.
സത്യജിത് റേയുടെ മുത്തച്ഛനും പ്രശസ്ത സാഹിത്യകാരനുമായ ഉപേന്ദ്ര കിഷോർ റേ ചൗധരിയുടെ ഉടമസ്ഥതയിലുള്ള മൈമെൻസിംഗിലെ സ്വത്ത് പൊളിച്ചുമാറ്റുന്നത് ഖേദകരമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
1947-ലെ വിഭജനത്തിന് ശേഷമാണ് കെട്ടിടം സർക്കാർ ഉടമസ്ഥതയിലായത്. നിലവിലുള്ളത് പൊളിച്ച് സെമി- കോൺക്രീറ്റ് കെട്ടിടം നിർമിക്കാനുള്ള ഒരുക്കത്തിലാണ് ബംഗ്ലാദേശ് സർക്കാർ.
Discussion about this post