ന്യൂഡൽഹി; തിരഞ്ഞെടുപ്പ് അടുത്തതോടെ രാജ്യത്തെ പാർട്ടികളെ കുറിച്ചും ചർച്ച പൊടിപൊടിക്കുകയാണ്. ഇതിൽ സജീവമാണ് ദേശീയപാർട്ടി പദവിയും. സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവി പരുങ്ങലിലാണെന്നാണ് ചർച്ചകൾക്കിടെ ഉയരുന്ന ഒരു കാര്യം.
ദേശീയ പാർട്ടിയെന്ന പദവി സ്ഥിരമായി നിലനിർത്താൻ സിപിഎമ്മിന് കഷ്ടപ്പെടേണ്ടിവരും. തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്‌കർഷിച്ചിട്ടുള്ള 3 മാനദണ്ഡങ്ങളിലൊന്നായ 4 സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി എന്ന അംഗീകാരമാണ് നിലവിൽ സിപിഎമ്മിനു ദേശീയ പാർട്ടി പദവി നൽകുന്നത്. കേരളം, ത്രിപുര, ബംഗാൾ, തമിഴ്‌നാട് എന്നിവയാണ് 4 സംസ്ഥാനങ്ങൾ.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ 26 സീറ്റിന്റെ ആനുകൂല്യത്തിലാണ് ബംഗാളിൽ സംസ്ഥാന പാർട്ടി പദവി കൈമോശം പോവാത്തത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിക്ക് ഒരു സീറ്റും ലഭിച്ചില്ല. 2016 ഓഗസ്റ്റിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ദേശീയ, സംസ്ഥാന പാർട്ടികളുടെ അംഗീകാരം പുനഃപരിശോധിക്കുന്ന കാലാവധി 10 വർഷമായി ക്രമീകരിച്ചു. ഈ ആനുകൂല്യത്തിന്റെ ബലത്തിൽ തൽക്കാലം സിപിഎമ്മിന് 2026 വരെ ദേശീയ പാർട്ടിയായി തുടരാം.
തമിഴ്‌നാട്ടിൽ 2 സീറ്റ് ലഭിച്ചില്ലെങ്കിലും 2029 വരെ സംസ്ഥാന പാർട്ടിയായി തുടരാം. എന്നാൽ ബംഗാളിൽ ഇപ്പോൾ 2 സീറ്റ് നേടാൻ കഴിഞ്ഞില്ലെങ്കിൽ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 9 സീറ്റെങ്കിലും നേടണം. അല്ലെങ്കിൽ ദേശീയ പാർട്ടി പദവി 2026ൽ നഷ്ടമാകും.
Leave a Comment