കോട്ടയം: പത്തുവയസ്സുകാരി മുകുന്ദയെ കാണാൻ പശുക്കിടാവുമായെത്തി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കഴിഞ്ഞ ദിവസം ആയിരുന്നു അദ്ദേഹം മുകുന്ദയെ കാണാൻ ആനിക്കോട്ടെ മഹാലക്ഷ്മി ഗോശാലയിൽ എത്തിയത്. ഒപ്പം കൊണ്ടുവന്ന പശുക്കിടാവിനെ മുകുന്ദയ്ക്ക് സമ്മാനിച്ചതോടെ മാസങ്ങൾക്ക് മുൻപ് നൽകിയ വാക്ക് കൂടിയായിരുന്നു അദ്ദേഹം പാലിച്ചത്.
ഗോശാലയിൽ എത്തിയ സുരേഷ് ഗോപിയെ മുകന്ദയും അമ്മ മീരയും ചേർന്ന് ആരതിയുഴിഞ്ഞായിരുന്നു സ്വീകരിച്ചത്. ഇതിന് ശേഷം മുകുന്ദ സുരേഷ് ഗോപിയെയും കൊണ്ട് തന്റെ ഗോശാലയിലേക്ക് പോകുകയായിരുന്നു. തന്റെ അരുമ പശുക്കളെ മുകുന്ദ അദ്ദേഹത്തിന് പരിചയപ്പെടുത്തി നൽകി. ഒാർഗാനിക് ഫാമിംഗിനെക്കുറിച്ചും, ചാണകത്തിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ചും സുരേഷ് ഗോപി മുകുന്ദയുടെ പിതാവ് ഹരിയിൽ നിന്നും ചോദിച്ചറിഞ്ഞു. ഏകദേശം രണ്ട് മണിക്കൂർ നേരം അവിടെ ചിലവഴിച്ച ശേഷം ആയിരുന്നു അദ്ദേഹത്തിന്റെ മടക്കം.
മടങ്ങുന്നതിന് തൊട്ട് മുൻപായിരുന്നു മുകുന്ദയ്ക്ക് പശുക്കിടാവിനെ നൽകിയത്. അപ്പോൾ തന്നെ പശുക്കിടാവിന് പേരുമിട്ടു. രമണി എന്നായിരുന്നു തന്റെ ഗോശാലയിലെത്തിയ പുതിയ കൂട്ടുകാരിയ്ക്ക് പേരിട്ടത്. സുരേഷ് ഗോപി എത്തുന്നതറിഞ്ഞ് മുകുന്ദ അദ്ദേഹത്തിന് വേണ്ടിയും സമ്മാനം കരുതിയിരുന്നു. സ്വന്തമായി വരച്ച അദ്ദേഹത്തിന്റെ ചിത്രമായിരുന്നു മുകുന്ദ സമ്മാനിച്ചത്. അടുത്ത തവണ വരുമ്പോൾ പാൽചുരത്തുന്ന പശുവിനെ തരുമെന്ന് കൂടി മുകുന്ദയ്ക്ക് വാഗ്ദാനം നൽകിയാണ് സുരേഷ് ഗോപി മടങ്ങിയത്.
Leave a Comment