ലോകത്തിലെ ഏറ്റവും ചെറിയ വിമാനയാത്ര, ദൈര്‍ഘ്യം വെറും 47 സെക്കന്റ്

Published by
Brave India Desk

സാധാരണയായി വിമാനയാത്ര അല്‍പ്പം ദൈര്‍ഘ്യം കൂടിയ സ്ഥലങ്ങളിലേക്ക് ആയിരിക്കുമല്ലോ, അപ്പോള്‍ അതിനനുസരിച്ച് യാത്രയുടെ സമയവും കൂടും. എന്നാല്‍ ഈ പൊതുധാരണ തിരുത്തിക്കുറിച്ച ലോകത്തിലെ ഏറ്റവും ചെറിയ വിമാനയാത്രയുടെ കഥയാണിത്.ഒന്നര മിനിറ്റിനുള്ളില്‍ തീരുന്ന യാത്രകളാണ് ഈ സ്‌കോട്ടിഷ് വിമാനത്തിന്റെ പ്രത്യേകത. ലോഗാന്‍എയറിന്റെ കീഴില്‍ ഓര്‍ക്‌നി ദ്വീപസമൂഹത്തിലെ വെസ്‌ട്രെ ആന്റ് പാപ്പ വെസ്‌ട്രേ ദ്വീപുകളെ ബന്ധിപ്പിക്കുന്ന വിമാന സര്‍വീസാണിത്.

1.7 മൈല്‍ ദൂരം കടലിനു മുകളിലൂടെയാണ് വിമാനത്തിന്റെ സഞ്ചാരം. സ്‌കോട്ട്‌ലന്‍ഡിന്റെ തലസ്ഥാനമായ എഡിന്‍ബര്‍ഗിലെ എയര്‍പ്പോര്‍ട്ടിന്റെ റണ്‍വേ ദൂരത്തിന്റെ അത്രയും മാത്രമാണ് ഈ ദൂരം. 1.14 മിനിറ്റാണ് യാത്ര തീരാനെടുക്കുന്ന മിനിമം സമയം. എന്നാല്‍ കാലാവസ്ഥയും മറ്റ് ഘടകങ്ങളുമൊക്കെ അനുകൂലമാണെങ്കില്‍ വെറും 47 സെക്കന്റ് കൊണ്ട് യാത്ര അവസാനിക്കും.

പത്ത് പാസഞ്ചര്‍ സീറ്റുകള്‍ മാത്രമുള്ള ബ്രിട്ടണ്‍- നോര്‍മന്‍ ബിഎന്‍2ബി ഐലന്‍ഡര്‍ എയര്‍ക്രാഫ്റ്റാണ് ഇത്. മുന്നിലിരിക്കുന്ന യാത്രക്കാര്‍ക്ക് പൈലറ്റ് ചെയ്യുന്നതൊക്കെ കാണാനാകും എന്ന പ്രത്യേകതയുമുണ്ട്. വിമാനത്തില്‍ ഭക്ഷണമടക്കം സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നു. ഫ്‌ലൈറ്റ് അറ്റന്റന്റുമാരുമുണ്ട്. ഇവര്‍ക്ക് സ്വയം പരിചയപ്പെടുത്താനുള്ള സമയം പോലുമുണ്ടാകില്ല എന്നതും തമാശ.

കുഞ്ഞന്‍ ദ്വീപുകളുള്ള ഈ പ്രദേശം വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. പാപ്പ വെസ്‌ട്രെയില്‍ ആകെ 70 ഓളം ആളുകളാണ് താമസിക്കുന്നത്. ഇവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള മാര്‍ഗം ഈ വിമാനസര്‍വീസ് മാത്രമാണ്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും മറ്റുമാണ് ഈ സര്‍വീസ് ഉപയോഗിക്കപ്പെടുന്നത്.

Share
Leave a Comment

Recent News