കേരളവർമ്മ പഴശ്ശിരാജ സിനിമയിലെ ക്ലൈമാക്സ് രംഗത്ത് ബ്രിട്ടീഷ് പട്ടാളത്തിന്റെ ഗർവിന് മുന്നിൽ വീഴാതെ തന്റെ അവസാന ശ്വാസം പോകും വരെ പൊരുതിവീണ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം മരിച്ചുകിടക്കുമ്പോൾ ബ്രിട്ടീഷ് പട്ടാളത്തിന്റെ തലപ്പത്തുള്ള ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്തുകൊണ്ട് പറയും- “അയാൾ നമ്മുടെ ശത്രു ആയിരിക്കാം, പക്ഷെ അയാളൊരു നല്ല മനുഷ്യനായിരുന്നു, ഒരു പോരാളി ആയിരുന്നു” കേരളവർമ്മ പഴശ്ശിരാജയിൽ സംഭവിച്ചത് പോലെ ഏതെങ്കിലും ശത്രു ഇത്തരത്തിൽ ബഹുമാനത്തോടെയുള്ള വാക്കുകൾ പറയുമോ?
കായിക ചരിത്രത്തിൽ അനേകം അവസരത്തിൽ നമ്മൾ ഈ കാഴ്ച്ച കണ്ടിട്ടുണ്ട്. റോജർ ഫെഡറർ- റാഫേൽ നദാൽ പോരാട്ടം ഉസൈൻ ബോൾട്ട്- ജസ്റ്റിൻ ഗാറ്റ്ലിൻ പോരാട്ടം ഇതിലൊക്കെ ശത്രുവിന് കൊടുക്കുന്ന ബഹുമാനം നമുക്ക് കാണാൻ ഇടയായിട്ടുണ്ട്. ക്രിക്കറ്റിലും അത്തരത്തിൽ ഫ്രെയിമുകൾ ഉണ്ടായിട്ടുണ്ടെങ്കിലും സമീപകാലത്ത് ഓർത്തിരിക്കാൻ തക്ക ഒരു ഫ്രെയിം ഇന്നത്തെ ഇംഗ്ലണ്ട്- ഇന്ത്യ പോരാട്ടം അവസാനിച്ചു കഴിഞ്ഞപ്പോൾ ക്രിക്കറ്റ് ആരാധകർക്ക് കിട്ടിയിരിക്കുകയാണ്. ലോക ക്രികാട്ടിലെ ഏറ്റവും മികച്ച 2 ഓൾ റൗണ്ടർമാരായ സ്റ്റോക്സ്- ജഡേജ എന്നിവരാണ് ആ നിമിഷത്തിന്റെ ഭാഗമായത്.
എല്ലാത്തിന്റെയും തുടക്കം ഇന്നലെ ടെസ്റ്റിന്റെ നാലാം ദിനമാണ്. ഇന്ത്യയും ഇംഗ്ലണ്ടും ആദ്യ ഇന്നിങ്സിൽ സ്കോർ തുല്യത പാലിക്കുന്നു. ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സ് മറുപടി 192 റൺസിൽ ഒതുങ്ങുന്നു. ഇതോടെ ഇന്ത്യൻ ജയം ഉറപ്പിച്ച ആരാധകരെ നിരാശപ്പെടുത്തി ഇന്ത്യൻ മുൻനിര മടങ്ങിയപ്പോൾ ടീം സ്കോർ 58 – 4 മാത്രമായിരുന്നു. ഇംഗ്ലണ്ട് – ഇന്ത്യ മൂന്നാം ടെസ്റ്റ് അതിന്റെ ആവേശകരമായ ആന്ത്യത്തിലേക്ക് കടക്കുന്ന സമയം ആയിരുന്നു അപ്പോൾ മുതൽ. ടെസ്റ്റിന്റെ നാലാം ദിനം അവസാനിക്കുമ്പോൾ ആറ് വിക്കറ്റുകൾ ബാക്കി നിൽക്കെ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 135 റൺസ്. പിച്ചിന്റെ സാഹചര്യം നോക്കിയാൽ ആർക്കും ആർക്കും ജയിക്കാവുന്ന സാഹചര്യമായിരുന്നു മുന്നിൽ ഉണ്ടായിരുന്നത്. “ഇന്ത്യക്ക് ജയിക്കണം എങ്കിൽ പന്തോ രാഹുലോ വിചാരിക്കണം” ഇതായിരുന്നു കൂടുതൽ ആളുകളും പറഞ്ഞ അഭിപ്രായം. എന്നാൽ ഇന്ന് അഞ്ചാം ദിനത്തിൽ സ്റ്റോക്സ് – ആർച്ചർ സഖ്യത്തിന്റെ ചീറിപാഞ്ഞ പന്തുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിക്കാതെ ഇന്ത്യ തകർന്നു. ആർച്ചർ പന്തിനെ മടക്കിയപ്പോൾ രാഹുലിനെ സ്റ്റോക്സ് വിക്കറ്റിന് മുന്നിൽ കുടുക്കി. ആദ്യ ഇന്നിങ്സിൽ ബാറ്റിംഗിൽ മികവ് കാണിച്ച വാഷിംഗ്‌ടൺ സുന്ദർ ജോഫ്രാക്ക് കൂടി വീണതോടെ 112 – 8 എന്ന നിലയിലേക്ക് വീഴുന്നു.
എന്നാൽ രവീന്ദ്ര ജഡേജ എന്ന ലോകം കണ്ട ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാൾ തന്റെ മികവ് മുഴുവൻ പുറത്തെടുത്ത് പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നു. കൂട്ടായി എത്തിയത് ബുംറ, സമീപകാലത്ത് മിക്ക കളിയിലും പൂജ്യനായി മടങ്ങുന്ന ചരിത്രമുള്ള താരത്തെ 53 പന്തുകൾ സമ്മർദ്ദത്തിലേക്ക് തള്ളിവിടാതെ കളിപ്പിക്കാൻ അയാൾക്കായി. തന്റെ പ്ലാൻ വിട്ട് ബുംറ സ്വന്തം പ്ലാനിൽ കളിച്ചപ്പോഴാണ് 54 ആം പന്തിൽ ഇംഗ്ലണ്ട് ആഗ്രഹിച്ച ആ ഒമ്പതാം വിക്കറ്റ് അവർക്ക് കിട്ടിയത്. അത് നേടിയത് ബെൻ സ്റ്റോക്സ് തന്നെ. ചരുക്കി പറഞ്ഞ രണ്ട് മികച്ച ഓൾ റൗണ്ടർമാരുടെ പോരാട്ടമാണ് ഇന്ന് കണ്ടത്, രണ്ട് പേരും വിട്ടുകൊടുക്കാതെ പോരാടി, ടീമിനായി എല്ലാം നൽകി. സ്റ്റോക്സ് തുടർച്ചയായി ഒരു ക്ഷീണവും ഇല്ലാതെ ഓവറുകൾ എറിഞ്ഞ് കൂട്ടിയപ്പോൾ ജഡേജ മൈൻഡ് ഗെയിമിന്റെ പരകോടിയിൽ ആയിരുന്നു.
എന്തായാലും സിറാജുമൊത്തും മികച്ച കൂട്ടുകെട്ട് സ്ഥാപിച്ച ജഡേജ ജയപ്രതീക്ഷ നൽകിയ സമയത്താണ് സിറാജിന്റെ വിക്കറ്റ് നിർഭാഗ്യത്തിന്റെ രൂപത്തിൽ വീണത്. ഇംഗ്ലണ്ട് ഏറെ ആഗ്രഹിച്ച ജയത്തിന്റെ സന്തോഷത്തിന് ശേഷം സ്റ്റോക്സ് ആദ്യം ചെയ്തത് ജഡേജയെ കെട്ടിപിടിക്കുക എന്നത് ആയിരുന്നു. തന്നെ പോലേ ടീമിനായി എല്ലാം നൽകി അവസാനം പൊരുതി വീണ ജഡേജക്ക് കിട്ടാവുന്ന ഏറ്റവും നല്ല അഭിനന്ദനവും ഇത് തന്നെ ആയിരുന്നു. തുടർച്ചയായി നാല് അർദ്ധ സെഞ്ചുറികളാണ് ജഡേജ ഈ പരമ്പരയിൽ നേടിയിരിക്കുന്നത് എങ്കിൽ ടീമിനായി ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാണിച്ച സ്റ്റോക്സ് ആയിരുന്നു ഇന്നത്തെ മത്സരത്തിലെ താരം.
Discussion about this post