ബിഎംഡബ്ല്യുവുണ്ട് പക്ഷേ 100 രൂപയുടെ ചെടിച്ചട്ടി വാങ്ങാന്‍ കഴിവില്ല, രൂക്ഷവിമര്‍ശനം

Published by
Brave India Desk

 

നോയിഡയില്‍ നിന്നുള്ള ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ബിഎംഡബ്ല്യു കാറില്‍ വന്നിറങ്ങി കടയുടെ പുറത്തുവെച്ചിരുന്ന ചെടിച്ചട്ടി മോഷ്ടിച്ച യുവതിയാണ് വീഡിയോയില്‍. ഒക്ടോബര്‍ 25-ന് അര്‍ധരാത്രി നടന്ന മോഷണത്തിന്റെ വീഡിയോയാണ് ഇപ്പോഴും ചര്‍ച്ചയാകുന്നത്. വീഡിയോയിലുള്ള സ്ത്രീക്കെതിരേ വലിയവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇത്രയും സമ്പന്നയായ ഇവര്‍ക്ക് ഒരു ചെടിച്ചട്ടി വാങ്ങാനുള്ള കഴിവില്ലേ എന്നാണ് നെറ്റിസണ്‍സ് ചോദിക്കുന്നത്.

ഒരു സ്ഥാപനത്തിന്റെ പ്രധാന ഗേറ്റിന് സമീപം ഒരു ചുവന്ന ബിഎംഡബ്ല്യു കാര്‍ പാര്‍ക്കുചെയ്തിരിക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യമുള്ളത്. സ്ത്രീ കടയുടെ പടിയില്‍വെച്ചിരുന്ന ഒരു ചെടിച്ചട്ടി എടുത്ത് കാറിലെ ഡ്രൈവര്‍ സീറ്റിലുള്ള ആളോട് വാഹനത്തിന്റെ ഡോര്‍ തുറക്കാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഇതനുസരിച്ച് ഇയാള്‍ കാറിന്റെ ഡോര്‍ തുറന്നുകൊടുക്കുന്നുണ്ട്. ചെടിച്ചട്ടി എടുത്ത് വാഹനത്തിന്റെ പിന്‍സീറ്റില്‍ വെച്ച ശേഷം യുവതി കോ-ഡ്രൈവര്‍ സീറ്റിലേക്ക് മടങ്ങുന്നുണ്ട്. ലക്ഷങ്ങളോ കോടികളോ വിലയുള്ള ഒരു കാര്‍ വാങ്ങാന്‍ കഴിയുന്നവര്‍ക്ക് 100 രൂപ മുടക്കി ഒരു ചെടിച്ചട്ടി വാങ്ങാന്‍ സാധിക്കില്ലേ എന്നാണ് ഈ വീഡിയോയ്ക്ക് താഴെ പലരും ചോദിക്കുന്നത്.

കള്ളന്മാര്‍ പോലും ഇക്കാലത്ത് ബിഎംഡബ്ല്യുവിലാണ് വരുന്നത് , ചിലര്‍ക്ക് എത്രയുണ്ടെങ്കിലും അവര്‍ക്ക് മോഷ്ടിച്ചെടുക്കുന്നതായിരിക്കും കൂടുതല്‍ സന്തോഷം നല്‍കുകയെന്നാണ് മറ്റു ചിലര്‍ പറയുന്നത്.

 

Share
Leave a Comment

Recent News