മരണശേഷം ഇന്ത്യന്‍ മണ്ണില്‍ സംസ്‌കരിക്കണം; ഒടുവില്‍ ഓസ്‌ട്രേലിയന്‍ പൗരന്റെ ആഗ്രഹം പൂര്‍ത്തികരിച്ച് ബന്ധുക്കള്‍

Published by
Brave India Desk

 

പാട്ന: മരണശേഷം തന്നെ ഇന്ത്യന്‍ മണ്ണില്‍ സംസ്‌കരിക്കണമെന്ന ഓസ്ട്രേലിയന്‍ വയോധികന്റെ അവസാനത്തെ ആഗ്രഹം സഫലമാക്കി ബന്ധുക്കള്‍. സിഡ്‌നി സ്വദേശിയായ ഡൊണാള്‍ഡ് സാംസിനെയാണ് (91)ക്രിസ്ത്യന്‍ ആചാര പ്രകാരം മുന്‍ഗറില്‍ സംസ്‌കരിച്ചിരിക്കുന്നത്. മരിക്കുന്നതിന് മുന്‍പ് സാംസെഴുതിയ വില്‍പ്പത്രത്തില്‍ അവസാനത്തെ ആഗ്രഹമായി ഇത് സൂചിപ്പിച്ചിരുന്നു. ഇതനുസരിച്ചാണ് ബന്ധുക്കള്‍ അദ്ദേഹത്തിന്റെ മൃതദേഹം ഇന്ത്യയില്‍ സംസ്‌കരിക്കാന്‍ തയ്യാറായത്.

ഇന്ത്യയില്‍ 12-ാം സന്ദര്‍ശനം നടത്താനെത്തിയതായിരുന്നു സാംസ്. 42 ഓസ്ട്രേലിയന്‍ സഞ്ചാരികള്‍ക്കൊപ്പമാണ് അദ്ദേഹം ക്രൂയിസ് കപ്പലില്‍ പാട്‌നയില്‍ എത്തിയത്. യാത്രയ്ക്കിടയില്‍ തളര്‍ന്നുവീണ സാംസിനെ മുന്‍ഗറിലെ നാഷണല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ജില്ലാ ഭരണകൂടവും മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തുടര്‍ന്ന് ഓസ്ട്രേലിയന്‍ എംബസിയുടെയും ഭാര്യ ആലീസ് സാംസിന്റെയും അനുമതി പ്രകാരം സംസ്‌കാരം നടത്തുകയായിരുന്നു.

ഡൊണാള്‍ഡ് സാംസ് ഓസ്ട്രേലിയന്‍ ഹൈക്കമാന്‍ഡില്‍ നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥനായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് സാംസിന്റെ പിതാവ് അസമില്‍ ജോലി ചെയ്തിരുന്നുവെന്ന് ആലീസ് പങ്കുവച്ചു. പിതാവിനോടുള്ള ആദരസൂചകമായി, സാംസ് ഇന്ത്യയിലേക്ക് പോകുമ്പോഴെല്ലാം അസം സന്ദര്‍ശിക്കുമായിരുന്നു.

 

 

Share
Leave a Comment