ബംഗളൂരു:തെലുങ്കാന നാഗർ കുർണൂൽ ടണൽ ദുരന്തത്തിൽ തൊഴിലാളികൾ കുടുങ്ങി കിടക്കുന്നത് 40 മണിക്കൂറിലേറെയായി . അവരെ പുറത്ത് എത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ് . തൊഴിലാളികളെ പുറത്തെടുക്കാൻ ഇന്ത്യൻ സൈന്യവും എൻഡിആർഎഫും മറ്റ് ഏജൻസികളും തീവ്രമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് .
തുരങ്കത്തിനുള്ളിൽ ചെളി വളരെ ഉയരത്തിൽ കുന്നുകൂടിയിരിക്കുകയാണ്. അതിനാൽ ടണലിന്റെ ഉൾഭാഗത്തേക്ക് പോവാൻ സാധിക്കുന്നില്ല. ഇതിനാലാണ് രക്ഷാപ്രവർത്തനം വൈകുന്നതെന്ന് തെലുങ്കാന മന്ത്രി കൃഷ്ണ റാവു പറഞ്ഞു.
“ഞങ്ങൾക്ക് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല. ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്, പക്ഷേ നടന്ന സംഭവം വളരെ ഗുരുതരമായിരുന്നു. ഓക്സിജൻ തുടർച്ചയായി ഉള്ളിലേക്ക് പമ്പ് ചെയ്യുന്നുണ്ട്. വെള്ളം വറ്റിക്കാൻ മോട്ടോറുകൾ വിന്യസിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എട്ട് പേരാണ് ടണലില്‍ കുടുങ്ങിയിരിക്കുന്നത്. കഴിഞ്ഞദിവസം തുരങ്ക പദ്ധതിയുടെ മുകള്‍ഭാഗം ഇടിഞ്ഞ് വീണാണ് അപകടം നടന്നത്. ദൗത്യം അതീവ ദുഷ്കരമാണെന്ന് സൈന്യം അറിയിച്ചു. മേല്‍ക്കൂരയിലെ വിള്ളല്‍ മൂലം വെള്ളമിറങ്ങിയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.
നാഗർകുർണൂൽ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് ഇടിഞ്ഞത്. തുരങ്കത്തിന്‍റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. നിർമാണം പൂർത്തിയാകാത്തതിനാൽ അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം ഫെബ്രുവരി 18നാണ് തുറന്നത്. വെള്ളം കൊണ്ടുപോയി തുടങ്ങിയതോടെയുണ്ടായ ചോർച്ച പരിഹരിക്കാനാണ് തൊഴിലാളികൾ ഇറങ്ങിയത്. പിന്നാലെ തുരങ്കത്തിന്റെ മുകൾ ഭാഗം ഇടിയുകയായിരുന്നു.
Leave a Comment