വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ നില അതീവ ഗുരുതരമായി തുടരുന്നു. മാർപാപ്പ ബോധവാനാണെന്നും ശ്വാസകോശ അണുബാധ ഉള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിൽ ഓക്‌സിജൻ കൊടുക്കുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്.
മാർപാപ്പയുടെ ആരോഗ്യ നില സംബന്ധിച്ച് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആരോഗ്യനില ഗുരുതരമാണെന്നും ദിവസം തോറും ആരോഗ്യനില വഷളായതായും ആണ് റിപ്പോർട്ട്. ആസ്ത്മയുടെ ഭാഗമായ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാവിലെയോടെ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഉയർന്ന അളവിൽ ഓക്‌സിജൻ നൽകേണ്ടി വന്നുവെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞു.
കടുത്ത ശ്വാസ തടസത്തെ തുടർന്നാണ് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 88 വയസുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. ശ്വാസകോശ അണുബാധയിൽ കുറവുണ്ടായതായി ചികിത്സക്കിടെ വത്തിക്കാൻ അറിയിച്ചിരുന്നു.
അതേസമയം തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് വിശ്വാസികളോട് ഫ്രാൻസിസ് മാർപാപ്പ അഭ്യർത്ഥിച്ചു. റോമിലെ ഗമെല്ലി ആശുപത്രിയിലെ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും സന്ദേശങ്ങൾ അയച്ചവർക്കും മാർപാപ്പ നന്ദി അറിയിച്ചു. മാർപാപ്പയുടെ നില അതീവ ഗുരുതരമായി തുടരുമ്പോഴാണ് മാർപാപ്പയുടെ സന്ദേശം ഇന്ന് വത്തിക്കാൻ പുറത്ത് വിട്ടത്.
Discussion about this post