ഡ്രോണ്‍ പറത്തണമെങ്കില്‍ ലൈസന്‍സ് നിര്‍ബന്ധമാക്കി ഒമാന്‍. രജിസ്ട്രേഷന് വേണ്ടി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സംവിധാനം ഏര്‍പ്പെടുത്തുന്ന ലോകത്തിലെ ആദ്യ രാജ്യമായിരിക്കുകയാണ് ഒമാന്‍. ഡ്രോണ്‍ ഉപയോഗിക്കുന്നവരുടെ രജിസ്ട്രേഷനായി ‘സെര്‍ബ്’ പ്ലാറ്റ്ഫോം അടുത്തിടെയാണ് ഔദ്യോഗികമായി തുടക്കം കുറിച്ചത്. ഇതിന്റെ പ്രധാന ലക്ഷ്യം ഡ്രോണ്‍ ഉപയോഗത്തെ കൂടുതല്‍ സുരക്ഷിതമാക്കുക എന്നതാണ്.
വിനോദ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ ഡ്രോണുകള്‍ ഉപയോഗിക്കുന്നവര്‍ രജിസ്ട്രേഷന്‍ ഉറപ്പുവരുത്തേണ്ടത് നിര്‍ബന്ധമാണ്. ഇത് വഴി ലൈസന്‍സ് കൈവരിക്കാനും സാധിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇനി ഡ്രോണുകളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും ‘സെര്‍ബ്’ പ്ലാറ്റ്ഫോമിലെ രജിസ്ട്രേഷന്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്നാണ് വിവരം.
ഒരു വര്‍ഷത്തേക്ക് ആയിരിക്കും ഡ്രോണ്‍ പറത്തുന്നതിന് ലൈസന്‍സ് നല്‍കുക. മാത്രമല്ല അപേക്ഷകന് 18 വയസ് പൂര്‍ത്തിയായിരിക്കണം. ലൈസന്‍സ് ഇല്ലാതെ ഡ്രോണ്‍ പറത്തിയാല്‍ 500 റിയാല്‍ പിഴ അടക്കേണ്ടി വരും. രാജ്യത്ത് സുരക്ഷിതമല്ലാത്ത രീതിയില്‍ ഡ്രോണുകള്‍ ഉപയോഗിച്ചാല്‍ 600 ഒമാനി റിയാല്‍ വരെ പിഴയൊടുക്കേണ്ടി വരും.
സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതിയില്ലാതെ ഡ്രോണുകളോ അവയുടെ ഭാഗങ്ങളോ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയോ നിര്‍മിക്കുകയോ ചെയ്യുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഒമാനില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കോ സര്‍ക്കാര്‍ പദ്ധതികള്‍ക്കോ ഡ്രോണുകള്‍ ഉപയോഗിക്കുന്നവര്‍ സിവില്‍ ഏവിയേഷന്‍ വിഭാഗം അംഗീകരിച്ച ഏതെങ്കിലും ട്രെയ്‌നിംഗ് സെന്ററുകളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം എന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
പക്ഷേ 250 ഗ്രാമില്‍ കൂടുതല്‍ ഭാരമില്ലാത്ത, ചിത്രമെടുക്കുന്ന ഉപകരണമോ ഡാറ്റാ ശേഖരണത്തിനുള്ള സെന്‍സറുകളോ ഇല്ലാത്തവയും ഇതേ സവിശേഷതകളുള്ള കളിപ്പാട്ട ഡ്രോണുകളും കെട്ടിടത്തിനകത്ത് ഉപയോഗിക്കാനും ഇത്തരം അനുമതി വേണ്ട.
Leave a Comment