15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് പെട്രോള്‍ നല്‍കില്ല;തീരുമാനവുമായി ഡൽഹി സർക്കാർ

Published by
Brave India Desk

ന്യൂഡല്‍ഹി:  ഡല്‍ഹിയിലെ മലിനീകരണ നിയന്ത്രണ തോത് നിയന്ത്രിക്കുന്നതിനായി പുതിയ തീരുമാനവുമായി ഡൽഹി പരിസ്ഥിതി മന്ത്രാലയം.   15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നല്‍കില്ലെന്ന പുതിയ തീരുമാനം   പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സ അറിയിച്ചു. മാര്‍ച്ച് 31 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും.

പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളെ തിരിച്ചറിയാന്‍ പെട്രോള്‍ പമ്പുകളില്‍ ഗാഡ്‌ജെറ്റുകള്‍ സ്ഥാപിക്കുന്നുണ്ട്. അവയ്ക്ക് ഇന്ധനം നല്‍കില്ല, സിര്‍സ പറഞ്ഞു. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തേയും തീരുമാനത്തെക്കുറിച്ച് അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വാഹനങ്ങളുടെ മലിനീകരണം നിയന്ത്രിക്കുന്നതിന്  കര്‍ശന നടപടികൾ സ്വീകരിക്കുമെന്ന് ബിജെപി സർക്കാർ അറിയിച്ചു.  പഴയ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍, പുകമഞ്ഞ്, ഇലക്ട്രിക് വാഹനങ്ങളിലേയ്ക്കുള്ള മാറ്റം എന്നിങ്ങനെയുള്ള വിഷയങ്ങളും ചർച്ചയിലാണ്.

2025 ഡിസംബറോടെ ഡല്‍ഹിയിലെ പൊതു സിഎന്‍ജി ബസുകളില്‍ ഏകദേശം 90 ശതമാനവും ഘട്ടംഘട്ടമായി നിര്‍ത്തലാക്കുകയും പകരം ഇലക്ട്രിക് ബസുകള്‍ സ്ഥാപിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.ഇന്ധന വിതരണ നിയന്ത്രണങ്ങള്‍ക്ക് പുറമെ ഡല്‍ഹിയിലെ എല്ലാ ബഹുനില കെട്ടിടങ്ങളിലും ഹോട്ടലുകളിലും വാണിജ്യ സമുച്ചയങ്ങളിലും വായു മലിനീകരണ തോത് നിയന്ത്രിക്കുന്നതിന് ആന്റി സ്‌മോഗ് സംവിധാനം സ്ഥാപിക്കും.

Share
Leave a Comment