ന്യൂഡൽഹി; മഹാകുംഭമേള ഔപചാരികമായി അവസാനിച്ചെങ്കിലും ഉത്തർപ്രദേശിൽ മഹാകുംഭത്തിൻറെ അലയൊലികൾ ഒഴിഞ്ഞിട്ടില്ല. മഹാകുംഭത്തിൽ പുണ്യസ്നാനം നടത്താൻ കഴിയാത്തവർക്ക് അവരവരുടെ വീട്ടുവാതിൽക്കൽ ത്രിവേണി സംഗമജലമെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുണ്യസ്നാനം നടത്താൻ കഴിയാത്തവർക്ക് അവരുടെ വീട്ടുവാതിൽക്കൽ സംഗമജലം ലഭിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഉത്തർപ്രദേശിലെ 75 ജില്ലകളിലും ത്രിവേണി സംഗമജലം വിതരണം ചെയ്യുന്നതിനായി അഗ്നിശമന സേന പ്രത്യേക പദ്ധതിതന്നെ തയ്യാറാക്കിയിരുന്നു. ഇതേത്തുടർന്ന്, മഹാകുംഭിൽ നിന്ന് മടങ്ങിയെത്തുന്ന എല്ലാ ഫയർ ടെൻഡർമാരും അതത് ജില്ലകളിലേക്ക് തീർത്ഥ വെള്ളം കൊണ്ടുപോകും. ഇക്കാര്യം ഉറപ്പാക്കാൻ എഡിജി പത്മജ ചൗഹാൻ ചീഫ് ഫയർ ഓഫീസർ നിർദ്ദേശം നൽകി.
5000 ലിറ്റർ ശേഷിയുള്ള 300 ഓളം ഫയർ ടെൻഡറുകൾ ഘട്ടം ഘട്ടമായി സംഗമജലം കൊണ്ടുപോകാൻ തുടങ്ങി. പുണ്യജലം അതത് ജില്ലാ ഭരണകൂടങ്ങൾക്ക് കൈമാറും, അവിടെ നിന്ന് ഭക്തർക്ക് സൗജന്യമായി വിതരണം ചെയ്യും.
മഹാകുംഭ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിന് മുമ്പായി തന്നെ ,ഫയർമാൻമാർ അവരുടെ ഫയർ ടെൻഡറുകളിൽ വെള്ളം നിറയ്ക്കുമെന്ന് സിഎഫ്ഒ പ്രമോദ് ശർമ്മ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെയും ഓരോ ജില്ലയിലെയും ചീഫ് ഫയർ ഓഫീസറുടെയും സംയുക്ത പരിശ്രമത്തിലൂടെ ജനങ്ങൾക്ക് തീർത്ഥ വെള്ളം വിതരണം ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ നടന്ന മഹാകുംഭമേളയിൽ ഇന്ത്യയിൽ നിന്ന് മാത്രമല്ല വിദേശരാജ്യങ്ങളിൽ നിന്നുപോലും പ്രയാഗ് രാജ് സംഗമസ്ഥാനത്ത് എത്തിയിരുന്നു. 66 കോടിയിലധികം ഭക്തർ പ്രയാഗ്‌രാജിലെ സംഗമ തീരത്ത് എത്തി തീർത്ഥസ്നാനം ചെയ്തുവെന്നാണ് യുപി സർക്കാരിൻരെ ഔദ്യോഗിക കണക്കുകൾ.
Discussion about this post