17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും

Published by
Brave India Desk

രാജ്യത്തിന്റെ വികസനജൈത്രയാത്രയിൽ മറ്റൊരേടുകൂടി ചേർത്ത് കശ്മീരിലെ ചെനാബ് റെയിൽപ്പാലം ഇതാ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ത്യയുടെ എഞ്ചിനീയറിംഗ് വിസ്മയം ഉദ്ഘാടനം ചെയ്ത് രാഷ്ട്രത്തിന് സമർപ്പിച്ചത്. ചെനാബ് പാലം ചർച്ചയാവുന്നതിനോടൊപ്പം അതിന് പിന്നിൽ അഹോരാത്രം പ്രയത്‌നിച്ചവരെ കുറിച്ചുള്ള വിവരങ്ങളും ചർച്ചയാവുകയാണ്. ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ നന്ദിയോടെ ഇന്ത്യ ഓർക്കേണ്ട പേരാണ് പ്രൊഫസർ ജി മാധവി ലത.

കശ്മീരിലെ ചെനാബ് പാലത്തിന്റെ നിർമാണത്തിൽ 17 വർഷമാണ് മാധവി ലത ചെലവഴിച്ചത്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്സി) പ്രൊഫസറായ മാധവി ലത 17 വർഷത്തോളം ചെനാബ് പാലം പദ്ധതിയിൽ ജിയോ ടെക്നിക്കൽ കൺസൾട്ടന്റായി പങ്കാളികളായി.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടുതന്നെ ചെനാബ് നദിക്ക് മുകളിൽ 359 മീറ്റർ ഉയരത്തിൽ നിർമിച്ച ചെനാബ് പാലം നിർമാണം കടുത്ത വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഐഐഎസ്സി പ്രൊഫസറായ മാധവി 2005 മുതൽ ചെനാബ് പദ്ധതിയുടെ ഭാഗമാണ്. തന്ത്രപ്രധാനമായ സ്ഥലത്തെ ഭൂപ്രകൃതി, പാറകളുടെ ഘടന, പാറകളുടെ ഉറപ്പ്, പ്രദേശത്തെ ശക്തമായ കാറ്റ്, ഭൂമിശസ്ത്രപരമായ പ്രത്യേകതകൾ, കാലാവസ്ഥ, മണ്ണിന്റെ ഘടന എന്നിവ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. ഈ പ്രതിസന്ധികൾ പരിഹരിക്കാനും തിരിച്ചറിയാനും ലതയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സാന്നിധ്യം സഹായകരമായി.

എല്ലാ തടസ്സങ്ങളെയും മറികടക്കാൻ ഡോ. ലതയുടെ സംഘം ‘നിങ്ങൾ പോകുന്നതുപോലെ രൂപകൽപ്പന ചെയ്യുക’ (ഡിസൈൻ ആസ് യു ഗോ)എന്ന സമീപനം സ്വീകരിച്ചു. ആദ്യകാല സർവേകളിൽ വ്യക്തമല്ലാത്ത, പൊട്ടുന്ന പാറകൾ, മറഞ്ഞിരിക്കുന്ന ദ്വാരങ്ങൾ, വ്യത്യസ്തമായ പാറ സവിശേഷതകൾ തുടങ്ങിയ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി തത്സമയം നവീകരിക്കുക എന്നതായിരുന്നു ഇതിനർത്ഥം.എഐഎസ്സിയുടെ സിവിൽ എൻജിനീയറിങ് വകുപ്പിലെ റോക്ക് എൻജിനീയറിങ് വിദഗ്ദ്ധയായ ലത ചെനാബ് പാലത്തിന്റെ രൂപകൽപ്പനയിലും നിർമ്മാണത്തിലും നിർണായക ഉപദേശകയായി.

നിലവിൽ ഐഐഎസ്സിയിൽ എച്ച്എജി പ്രൊഫസറായ മാധവി ലത 1992 ൽ ജവഹർലാൽ നെഹ്റു ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക് പൂർത്തിയാക്കി. വാറങ്കലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എംടെക് വിദ്യാർഥിനിയായിരിക്കെ സ്വർണമെഡൽ കരസ്ഥമാക്കി.2000ൽ ഐഐടി മദ്രാസിൽ നിന്ന് ജിയോ ടെക്‌നിക്കൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് പൂർത്തിയാക്കി. 2021ൽ ഇന്ത്യൻ ജിയോ ടെക്‌നിക്കൽ സൊസൈറ്റിയിൽ നിന്ന് മികച്ച വനിതാ ജിയോ ടെക്‌നിക്കൽ ഗവേഷക അവാർഡ് നേടി. 2022ൽ ഇന്ത്യയിലെ കരുത്തുറ്റ വനിതകളുടെ പട്ടികയിൽ ഇടം നേടുകയും ചെയ്തു.

അതേസമയം ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ബക്കലിനും കൗരിക്കും ഇടയിൽ ചെനാബ് നദിക്കു കുറുകെയാണ് ചെനാബ് ആർച്ച് ബ്രിഡ്ജ് നിർമിച്ചിരിക്കുന്നത്.രംബാനിൽ നിന്ന് ബാരാമുള്ളയിലേക്കുള്ള ട്രെയിൻ സർവീസാണ് ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്നറിയപ്പെടുന്ന ഈ റെയിൽപ്പാലത്തിലൂടെ കടന്നുപോകുക. ഉധംപുർ വഴി ജമ്മുവിനെ ബാരാമുള്ളയും ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന റെയിൽവേ ലൈന്റെ ഭാഗമാണ് ചെനാബ് റെയിൽപ്പാലം. കശ്മീർ റെയിൽവെ പദ്ധതിയിൽ ഉൾപ്പെടുന്ന ഉധംപുർ-ശ്രീനഗർ-ബാരാമുള്ള സെക്ഷന്റെ ഭാഗമായ കത്രയ്ക്കും ബനിഹാലിനും ഇടയിലെ 111 കിലോമീറ്ററിനെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് ഈ പാലം.

എൻജിനീയറിങ് മേഖലയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ നിർമ്മാണങ്ങളിലൊന്ന് എന്നാണ് വിദഗ്ദർ ചെനാബ് റെയിൽപാല നിർമ്മാണത്തിനെ വിശേഷിപ്പിച്ചത്.28,000 കോടി ചെലവിൽ പണിയുന്ന ഉധംപുർ- ശ്രീനഗർ- ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ ഭാഗമായി ഉത്തര റെയിൽവേയ്ക്ക് വേണ്ടി അഫ്കോൺസ് എന്ന മുംബൈ ആസ്ഥാനമായ കമ്പനിയാണ് പാലം പണിതത്. 28,660 മെട്രിക് ടൺ ഉരുക്കാണ് ഈ കൂറ്റൻ പാലത്തിന്റെ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പാലത്തിന്റെ കരുത്തു കൂട്ടുന്നതിന് ആർച്ചിലുള്ള ഉരുക്കു പെട്ടികളിൽ കോൺക്രീറ്റ് നിറച്ചിട്ടുണ്ട്. വലിയ ആഘാതങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള 633 എംഎം സ്റ്റീലിലാണ് നിർമ്മാണം 120 വർഷമാണ് പ്രവചിക്കപ്പെടുന്ന ആയുസ്സ്. മണിക്കൂറിൽ 266 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കുന്ന കാറ്റിനെ വരെ പ്രതിരോധിക്കാൻ പാലത്തിനു സാധിക്കും. റിക്ടർ സ്‌കെയിലിൽ എട്ട് വരെയുള്ള ഭൂചലനത്തെ വരെ പ്രതിരോധിക്കാൻ ഈ പാലത്തിന് സാധിക്കുമത്രേ.

പാലത്തിന്റെ പ്രധാനഭാഗം 467 മീറ്റർ നീളമുള്ള കമാനമാണ്. പാലത്തെ താങ്ങിനിർത്തുന്നതാകട്ടെ 17 തൂണുകളും. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയാണ് പാലത്തിന് മുകളിലൂടെ അനുവദിക്കുക. 1486 കോടിരൂപയാണ് പാലത്തിന്റെ നിർമ്മാണ ചെലവ്.

Share
Leave a Comment

Recent News