തിരുവനന്തപുരം: യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ്സീരിസിൽ അഭിനയിപ്പിച്ചെന്ന പരാതിയിൽ സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റിൽ. തിരുവനന്തപുരം അരുവിക്കര പോലീസാണ് ലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതിയിലാണ് ലക്ഷ്മിയുടെ അറസ്റ്റ്. യുവാവിന്റെ പരാതിയിൽ ഒടിടി പ്ലാറ്റ്ഫോം ഉടമകൾക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.
സംവിധായികയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി. കോടതി ഉപാധികളോടെ ഇവർക്ക് ജാമ്യം അനുവദിച്ചു.എല്ലാ ബുധനാഴ്ചയും വ്യാഴാഴ്ചയും രാവിലെ 9 മണിക്കും 12 മണിക്കും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. ഉദ്യോഗസ്ഥനു മുന്നിൽ ആറ് ആഴ്ചത്തേക്കു ഹാജരാകാനാണ് നിർദേശം നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന തെളിവുകൾ നൽക്കണം. ചോദ്യം ചെയ്യാൻ സമയം കൂടുതൽ വേണമെങ്കിൽ അനുവദിക്കണം. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ 26 യുവാവ് ലക്ഷ്മിക്കെതിരെയും ഒടിടി പ്ലാറ്റ്ഫോമിനെതിരെയും പരാതി നൽകിയത്. സിനിമയിൽ നായകനാക്കാമെന്ന് പറഞ്ഞ് അശ്ലീല സിനിമയിൽ അഭിനയിപ്പിച്ചെന്നായിരുന്നു പരാതി. അശ്ലീല ചിത്രമാണെന്ന് പറയാതെ ചില ഭാഗങ്ങൾ ചിത്രീകരിച്ച ശേഷം കരാറിൽ ഒപ്പുവെപ്പിച്ചു. ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നുവെന്ന് യുവാവിന്റെ പരാതിയിൽ വ്യക്തമാക്കുന്നു.
അരുവിക്കരയിലെ ആളൊഴിഞ്ഞ ഒരു ഫ്ളാറ്റിൽ വച്ചായിരുന്നു സീരീസിന്റെ ചിത്രീകരണം. മൊബൈൽ റേഞ്ച് പോലും സ്ഥലത്തുണ്ടായിരുന്നില്ല. അശ്ലീലചിത്രത്തിൽ അഭിനയിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞതോടെ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംവിധായിക ആവശ്യപ്പെട്ടെന്നും യുവാവ് പറഞ്ഞിരുന്നു. അതേസമയം, 90 ശതമാനം നഗ്നതയാവാമെന്ന് യുവാവുമായി കരാറുണ്ടെന്നാണ് ലക്ഷ്മിയുടെ വാദംം. സീരിസിൽ അഭിനയിച്ച യുവാവ് അടക്കമുള്ള അഭിനേതാക്കൾ കുടുംബാംഗങ്ങളുടെ സമ്മതം വാങ്ങിയതാണെന്നും സംവിധായിക അവകാശപ്പെട്ടിരുന്നു.
ഇതിന് മുൻപ് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് കരാറിൽ ഒപ്പിട്ട ശേഷം ബലം പ്രയോഗിച്ച് യുവതിയുടെ നഗ്ന ചിത്രങ്ങൾ ചിത്രീകരിച്ച കേസിൽ ലക്ഷ്മി ദീപ്തയുടെയും സഹായിയുടെയും മുൻകൂർ ജാമ്യ ഹരജി കോടതി നേരത്തെ തള്ളിയിരുന്നു. നഗ്നചിത്രങ്ങൾ മാറ്റണമെന്ന് യുവതി ആവശ്യപ്പെട്ടിട്ടും പ്രതികൾ തയാറായിരുന്നില്ല.












