2027-ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) വൻ ഭൂരിപക്ഷത്തോടെ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പിയും മറ്റ് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള ഭരണപരമായ വ്യത്യാസം ജനങ്ങൾക്ക് മുന്നിൽ വ്യക്തമാണെന്നും (അന്തർ സ്പഷ്ട് ഹൈ), വികസനത്തിന്റെ പേരിൽ ജനങ്ങൾ വീണ്ടും തങ്ങളെത്തന്നെ തിരഞ്ഞെടുക്കുമെന്ന് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലഖ്നൗവിൽ നടന്ന ‘റൈസിങ് ഭാരത് സമ്മിറ്റിൽ’ നെറ്റ്വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് യോഗി ആദിത്യനാഥ് തന്റെ രാഷ്ട്രീയ നിലപാട് തുറന്നുപറഞ്ഞത്.
കഴിഞ്ഞ ഒമ്പതര വർഷത്തിനിടെ ഉത്തർപ്രദേശിലുണ്ടായ സമഗ്രമായ മാറ്റങ്ങളും വികസന നേട്ടങ്ങളും മുഖ്യമന്ത്രി അഭിമുഖത്തിൽ എടുത്തുപറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിന്റെ മുഖച്ഛായ പൂർണ്ണമായും മാറിയതായും, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ അഴിമതിയില്ലാതെ അർഹരായവരിലേക്ക് നേരിട്ടെത്തിക്കാൻ സാധിച്ചതും ഈ മാറ്റത്തിന്റെ ഭാഗമാണെന്ന് യോഗി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ക്രമസമാധാന നിലയിലുണ്ടായ മാറ്റത്തെക്കുറിച്ച് സംസാരിക്കവെ, ഇന്ന് ഉത്തർപ്രദേശിൽ രാത്രി വൈകിയും ജോലി കഴിഞ്ഞ് ഒരു സ്ത്രീക്ക് യാതൊരു ഭയവുമില്ലാതെ സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാൻ സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻകാലങ്ങളിലുണ്ടായിരുന്ന ഭീതിയുടെയും ഗുണ്ടായിസത്തിന്റെയും അന്തരീക്ഷം പൂർണ്ണമായും മാറ്റാൻ സർക്കാരിന് സാധിച്ചു. ഈ നേട്ടത്തിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വവും മാർഗ്ഗനിർദ്ദേശവുമാണ് ഒന്നാമത്തേത്. രണ്ടാമതായി, കഴിഞ്ഞ ഒമ്പതര വർഷത്തിനിടയിൽ ഉത്തർപ്രദേശിലെ ഭരണസംവിധാനങ്ങളിലോ പോലീസ് നടപടികളിലോ ബി.ജെ.പി പ്രവർത്തകർ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വ്യക്തിപരമായ കാര്യങ്ങൾ നേടിയെടുക്കാൻ ശ്രമിച്ചിട്ടില്ലെന്നും യോഗി അവകാശപ്പെട്ടു.
പ്രതിപക്ഷമായ സമാജ്വാദി പാർട്ടിയെയും ‘ഇന്ത്യ’ സഖ്യത്തെയും രൂക്ഷമായി വിമർശിച്ച യോഗി ആദിത്യനാഥ്, ഇവരുടെ ഭരണകാലത്ത് ഇത്തരത്തിലുള്ള സുരക്ഷിതത്വമോ മികച്ച ഭരണമോ സംസ്ഥാനത്ത് സാധ്യമാകുമായിരുന്നോ എന്നും ചോദിച്ചു. കുടുംബവാഴ്ചയിൽ അധിഷ്ഠിതമായ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി, കോടിക്കണക്കിന് പ്രവർത്തകരുടെ സംഘടനാശക്തിയും പ്രത്യയശാസ്ത്രവുമാണ് ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ബി.ജെ.പിയുടെ അടിത്തറയെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും സുരക്ഷയും വികസനവും ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും, ‘ഡബിൾ എൻജിൻ’ സർക്കാരിന്റെ നേട്ടങ്ങൾ മുൻനിർത്തി ജനങ്ങളെ സമീപിക്കുന്നതിലൂടെ 2027-ലും ചരിത്രവിജയം ആവർത്തിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.












