കൊല്ലം: ഭക്ഷണം വച്ചില്ലെന്ന് ആരോപിച്ച് വൃദ്ധമാതാവിനെ മുടിയിൽ പിടിച്ച് വലിച്ച് വിറകുകൊള്ളി കൊണ്ട് തല്ലിച്ചതച്ചെന്ന് കേസ്. സംഭവത്തിൽ മകൻ അറസ്റ്റിൽ കൊല്ലം ആയൂർ തേവന്നൂർ സ്വദേശിനി ദേവകിയ്ക്കാണ് മർദനമേറ്റത്. സംഭവത്തിൽ ഇവരുടെ മകൻ മനോജിനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് വീട്ടിലെത്തിയ മനോജ്, ഭക്ഷണം വച്ചില്ലെന്നാരോപിച്ച് ദേവകിയുമായി വാക് തർക്കമുണ്ടാക്കി, തുടർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. വീടിന്റെ പിറകുവശത്ത് നിന്നും വിറകുകൊള്ളി കൊണ്ടുവന്ന് പൊതിരെ അടിച്ചു. മുടിയിൽ പിടിച്ച് നിലത്തിട്ട് ചവിട്ടുകയും വലിച്ചിഴയ്ക്കുകയും ചെയ്തു.
മകന്റെ ക്രൂരമായ ആക്രമണത്തിൽ ദേവകിയുടെ കൈയ്ക്കുൾപ്പടെ പരിക്കേറ്റു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയാണ് മനോജ്. സ്ഥിരമായി മദ്യപിച്ചെത്തുന്ന മനോജ് അമ്മയെ അസഭ്യം പറയുന്നതും വഴക്കുണ്ടാക്കുന്നതും പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇതോടെ ദേവകിയുടെ വീട്ടിൽ നാട്ടുകാർ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസവും മനോജ് അമ്മയെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതോടെ നാട്ടുകാർ ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് വീട്ടിലെത്തി മനോജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു












