ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ വനിതാ കൃഷി ഓഫീസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. പേരൂർക്കട സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്കാണ് എം.ജിഷമോളെ മാറ്റിയത്. തനിക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും, ചികിത്സ വേണമെന്നുമുള്ള ജിഷയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. രണ്ട് ദിവസം മുൻപാണ് എടത്വ കൃഷി ഓഫീസറായ ജിഷമോളെ കള്ളനോട്ട് കേസിൽ കസ്റ്റഡിയിലെടുക്കുന്നത്. ഇന്നലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് പോലീസ് ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നു.
ഈ അപേക്ഷ കോടതി പരിഗണിക്കുമ്പോഴാണ് തനിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും, ചികിത്സ വേണമെന്നും ജിഷമോൾ കോടതിയോട് ആവശ്യപ്പെടുന്നത്. ഈ ആവശ്യം പരിഗണിച്ച് ഒരാഴ്ച ജിഷയെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ വയ്ക്കാനും ചികിത്സ ലഭ്യമാക്കാനും കോടതി നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചയോടെയാണ് ഇവരെ പേരൂർക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്.
കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും കള്ളനോട്ടിന്റെ ഉറവിടം സംബന്ധിച്ച് പോലീസിനെ ജിഷ വട്ടം കറക്കുകയാണെന്നാണ് വിവരം. പരസ്പര വിരുദ്ധമായാണ് ജിഷ സംസാരിക്കുന്നത്. തനിക്ക് കള്ളനോട്ട് കൈമാറിയ മൂന്ന് പേരുടെ പേരുകൾ ജിഷ പോലീസിന് കൈമാറിയിരുന്നു. കോഴിക്കോട്, മലപ്പുറം ഭാഗത്ത് നിന്നുള്ളവരാണ് ഇവർ. ഇവരെ ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തെങ്കിലും ഇവർക്ക് ഈ കേസുമായി ഒരു ബന്ധവുമില്ലെന്ന് പോലീസ് കണ്ടെത്തി. ജിഷ പറയുന്ന ദിവസങ്ങളിൽ ഇവരോ, ജിഷയോ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും മൊബൈൽ ടവർ ലൊക്കേഷനിൽ നിന്ന് തെളിഞ്ഞു.
എന്നാൽ കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റ് മൂന്ന് പേരെ കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവർ മൂന്ന് പേരും ഇപ്പോൾ ഒളിവിലാണെന്നാണ് വിവരം. ജിഷമോൾ നൽകിയ 500 രൂപയുടെ ഏഴ് നോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോളാണ് തട്ടിപ്പ് പുറത്തായത്. നൽകിയത് വ്യാജനോട്ടുകളെന്ന് അറിയാമായിരുന്നെന്ന് ജിഷമോൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.












