തിരുവനന്തപുരം: ഭാവി വരനായി കണ്ടയാൾ വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ മനോവിഷമത്തിൽ യുവതി ജീവനൊടുക്കി. നെടുമങ്ങാട് വലിയമല കുര്യാത്തി ശ്രീകൃഷ്ണ വിലാസത്തിൽ ശ്രീകുമാറിന്റെ മകൾ ആതിരാ ശ്രീകുമാറിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
2022 നവംബർ 13 ന് ആണ് ആതിരയും പനയംമുട്ടം സ്വാതിഭവനിൽ സോനുവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. 2023 ഏപ്രിൽ 30 നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞ് വിവാഹമുറപ്പിച്ച ശേഷം യുവതിയുടെ കുടുംബത്തിൽ നിന്ന് പല ആവശ്യങ്ങൾ പറഞ്ഞു ലക്ഷങ്ങൾ കൈക്കലാക്കിയ യുവാവ് ഒടുവിൽ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ഉണ്ടായിരുന്നു എന്നായിരുന്നു സോനു ആതിരയോടും കുടുംബത്തോടും പറഞ്ഞിരുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആണ് ആതിര ജോലി നോക്കിയിരുന്നത്.
പെണ്ണിനെ മാത്രം മതിയെന്ന് പറഞ്ഞ് വിവാഹമുറപ്പിച്ച സേനു, പിന്നീട് ആതിരയ്ക്ക് ലഭിക്കുന്ന ശമ്പളം ചോദിച്ച് വാങ്ങി തുടങ്ങി. ഇതിന് പുറമേ, ആതിരയുടെ സഹോദരനിൽ നിന്നും ബന്ധുക്കളിൽ നിന്നും പല ആവശ്യങ്ങൾ പറഞ്ഞു പലപ്പോഴായി ലക്ഷങ്ങളാണ് സോനു കൈക്കലാക്കിയത്. തുടർന്നും സോനു പണം ആവശ്യപ്പെട്ടപ്പോൾ ആതിരയുടെ കുടുംബത്തിന് സംശയം ഉയർന്നു.
തന്നെക്കുറിച്ച് ആതിരയുടെ കുടുംബം അന്വേഷിക്കുന്നു എന്ന് മനസ്സിലാക്കിയ സോനു ആതിരയും വീട്ടുകാരെയും ഫോണിൽ വിളിച്ചു കല്യാണത്തിൽ നിന്ന് പിന്മാറുകയാണ് എന്ന് അറിയിച്ചു. സോനു വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ മാനസികമായി ഏറെ തളർന്ന യുവതി പിന്നീട് ജോലിക്ക് പോകാതെ വീട്ടിൽ ഇരിപ്പായി. പിന്നാലെയാണ് ജീവനൊടുക്കിയത്.












