മഞ്ചേരി : സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ചെലവായ തുകയുടെ കുടിശ്ശിക തീർക്കാനാകാതെ പ്രധാനാദ്ധ്യാകൻ. മഞ്ചേരിയിലെ ഒരു എയ്ഡഡ് സ്കൂൾ അദ്ധ്യാപകനാണ് പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്ത് കടക്കെണിയിലായത്. ഇപ്പോൾ സഹപ്രവർത്തകയുടെ സ്വർണമാല പണയം വെച്ചാണ് കുടിശ്ശിക തീർക്കാൻ ശ്രമിക്കുന്നത്.
കഴിഞ്ഞ മൂന്ന് മാസമായി കുട്ടികളുടെ ഉച്ചഭക്ഷണത്തിന് സർക്കാർ ഫണ്ട് നൽകിയിട്ടില്ല. രണ്ടായിരത്തി അഞ്ഞൂറിലേറെ കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. ഇവിടെ ഉച്ചഭക്ഷണത്തിന് മാത്രം മാസം മൂന്നുലക്ഷത്തോളം രൂപ വേണം. സർക്കാർ ഫണ്ട് നൽകാതായതോടെ കുട്ടികൾക്ക് ഭക്ഷണം മുടങ്ങാതിരിക്കാൻ പ്രധാനാദ്ധ്യാപകൻ സ്വന്തം പോക്കറ്റിൽ നിന്നെടുത്ത് പണം നൽകുകയായിരുന്നു.
സാധനങ്ങൾ വാങ്ങിയ ഇനത്തിൽ ഇപ്പോൾ ഒൻപത് ലക്ഷത്തോളം രൂപ കുടിശ്ശികയായി. പാൽക്കാരനും മുട്ടക്കാരനും പണം കൊടുക്കാനുണ്ട്. കടംകയറി ഇല്ലാതായതോടെയാണ് അദ്ദേഹം സഹപ്രവർത്തകയുടെ മാല വായ്പ ചോദിച്ചത്. ഇത് സ്റ്റേറ്റ് ബാങ്കിന്റെ മഞ്ചേരി ശാഖയിൽ കൊണ്ടുപോയി പണയം വെച്ച് ഒരു ലക്ഷം രൂപ വാങ്ങി, ഇതുകൊണ്ടുപോയി പലചരക്ക് കടക്കാരന് നൽകി. ഇനി അദ്ധ്യാപികയ്ക്ക് പണം എങ്ങനെ തിരിച്ച് നൽകുമെന്ന ആശങ്കയിലാണ് അദ്ദേഹം.
വ്യക്തിപരമായി കടംവാങ്ങി മടുത്തു എന്നാണ് അദ്ദേഹം പറയുന്നത്. അവസാനം കടക്കെണിയിലേക്ക് തലവെച്ചുകൊടുക്കാൻതന്നെ തീരുമാനിച്ചു. ഒരു പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകന് ലഭിക്കുന്ന ശമ്പളത്തിൽനിന്ന് എങ്ങനെ ഈ കടം കൊടുത്തുതീർക്കും എന്നറിയില്ല. വീടുപണിപോലും നിർത്തിവെച്ചിരിക്കുകയാണ്. കുടുംബത്തിന്റെ സമാധാനം വരെ നഷ്ടപ്പെട്ടുവെന്ന് അദ്ധ്യാപകൻ സബ്ജില്ലാ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.












