ന്യൂഡൽഹി : നാല് വേദങ്ങളിൽ ഒന്നായ സാമവേദം ഉർദു, ഹിന്ദി എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് എഴുത്തുകാരനും സംവിധായകനുമായ ഇഖ്ബാൽ ദുരാനി. പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതും മറ്റ് മുതിർന്ന നേതാക്കളായ കൃഷ്ണ ഗോപാൽ, രാം ലാൽ, ഇന്ദ്രേഷ് കുമാർ എന്നിവരും പങ്കെടുത്തു.
മുഗൾ ചക്രവർത്തിയായ ഷാജഹാന്റെ മൂത്ത പുത്രൻ ദാരാ ഷിക്കോ, നിരവധി ഗ്രന്ഥങ്ങൾ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ടെന്ന് ദുരാനി പറഞ്ഞു. വേദങ്ങളും വിവർത്തനം ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും അദ്ദേഹം കൊല്ലപ്പെട്ടു.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലഘട്ടത്തിൽ വേദങ്ങൾ വിവർത്തനംചെയ്യാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. അന്ന് മുഗൾ കാലഘട്ടത്തിൽ ചെയ്യാൻ സാധിക്കാതിരുന്നത് ഇന്ന് ഈ കാലഘട്ടത്തിൽ പൂർത്തീകരിച്ചു. അന്ന് ഔറംഗസീബ് പരാജയപ്പെടുകയാണ് ഉണ്ടായത്, എന്നാൽ ഇന്ന് നരേന്ദ്ര മോദി വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്ത ആരാധനാ രീതികളുണ്ടാകാം, എന്നാൽ ലക്ഷ്യം ഒന്നുതന്നെയാണെന്ന് മനസ്സിലാക്കണമെന്ന് സർസംഘചാലക് മോഹൻ ഭാഗവത് പറഞ്ഞു. ഒരേ സത്യം വിവിധ ആളുകൾക്ക് വ്യത്യസ്തമായി മനസ്സിലാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
നടന്മാരായ സുനിൽ ഷെട്ടി, മുകേഷ് ഖന്ന, ജയപ്രദ, ഗജേന്ദ്ര ചൗഹാൻ, ഗായകൻ അനൂപ് ജലോട്ട എന്നിവരും വിവിധ മതനേതാക്കളും ചടങ്ങിൽ പങ്കെടുത്തു.












