എറണാകുളം: കൊച്ചിയിൽ ബിഎസ്എൻഎല്ലിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥയെ ഭർത്താവ് പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ചു. എറണാകുളം നോർത്തിൽ താമസിക്കുന്ന 51 കാരിയായ മോളി ജോർജിനാണ് മർദ്ദനമേറ്റത്. മോളിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തതിന് പിന്നാലെ ഭർത്താവ് ഒളിവിൽ പോയി.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഫോർട്ട് കൊച്ചിയിൽ മോളി സ്വന്തമായി ഒരു ഭക്ഷണ കേന്ദ്രം നടത്തുന്നുണ്ട്. ഇവിടേയ്ക്ക് പോയ മോളി തിരികെ വീട്ടിലെത്താൻ വൈകി. ഇതാണ് ഭർത്താവ് ജോസ് മോഹനെ പ്രകോപിതനാക്കിയത്.
ഇതിന് ശേഷം ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ അടുക്കളയിലുണ്ടായിരുന്ന പുതിയ കുക്കർ എടുത്ത് ജോസ് മോളിയുടെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. മോളിയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ അയൽവാസികളാണ് വിവരം പോലീസിനെ അറിയിച്ചതും ഇവരെ ആശുപത്രിയിലാക്കിയതും. ആക്രമണത്തിൽ മോളിയുടെ മുഖത്താണ് പരിക്കേറ്റിരിക്കുന്നത്.
ഒളിവിൽ പോയ ജോസ് മോഹനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിന് മുൻപും ഇയാൾ മോളിയെ ഉപദ്രവിക്കാറുണ്ട്. ഇതേ തുടർന്ന് 13 വർഷക്കാലം അകന്നു കഴിഞ്ഞിരുന്ന ഇവർ 2017 ലാണ് ഒന്നിച്ച് താമസമാക്കിയത്. സംഭവത്തിൽ വധശ്രമത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.












