ഇടുക്കി: ഇടുക്കി-ചിന്നക്കനാൽ-ശാന്തൻപാറ മേഖലകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാൻ രണ്ടാമത്തെ കുങ്കിയാനയേയും ചിന്നക്കനാലിലെത്തിച്ചു. സൂര്യൻ എന്ന ആനയെ ആണ് മുത്തങ്ങയിൽ നിന്ന് എത്തിച്ചത്. ഇന്ന് പുലർച്ചെയാണ് സൂര്യനെ ഇടുക്കിയിലെത്തിച്ചത്. ഇന്ന് ആനയ്ക്ക് പൂർണവിശ്രമമാണ് നിർദ്ദേശിച്ചിട്ടുള്ളത്. വനംവകുപ്പിന്റെ പല ദൗത്യങ്ങളിലും ഭാഗമായിട്ടുള്ള കുങ്കിയാനയാണ് സൂര്യൻ. ഭൂമിശാസ്ത്രപരമായ ബുദ്ധിമുട്ടുകൾ പരിഗണിച്ച് നാല് കുങ്കിയാനകളെയാണ് അരിക്കൊമ്പനെ പിടിക്കാൻ എത്തിക്കുന്നത്.
വിക്രം എന്ന കുങ്കിയാനയെ കഴിഞ്ഞ ദിവസം ഇവിടെ എത്തിച്ചിരുന്നു. കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കിയാനകളെ നാളെ ഇവിടെ എത്തിക്കും. ശനിയാഴ്ചയോടെ അരിക്കൊമ്പനെ പിടിക്കാൻ സാധിക്കും എന്നാണ് വനംവകുപ്പ് പ്രതീക്ഷിക്കുന്നത്. അരിക്കൊമ്പന്റെ സഞ്ചാരപഥം കൃത്യമായി നിരീക്ഷിക്കാൻ അഞ്ചംഗസംഘത്തെ വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്. ദേവികുളം റേഞ്ചിൽ ജോലി ചെയ്യുന്ന വാച്ചർമാരുടെ സംഘമാണ് അരിക്കൊമ്പനെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്.
പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയ ശേഷമായിരിക്കും ദൗത്യം നടപ്പാക്കുക. ആളുകൾ തടിച്ചു കൂടാനുള്ള സാഹചര്യം ഒഴിവാക്കാനാണ് തീരുമാനം. പെരിയകനാൽ മേഖലയിലാണ് ഇന്നലെ അരിക്കൊമ്പൻ ഉണ്ടായിരുന്നത്. അരിക്കൊമ്പനെ പിടികൂടാൻ തീരുമാനിച്ചിരിക്കുന്ന ദിവസം ചിന്നക്കനാൽ ഭാഗത്തേക്ക് ആനയെ എത്തിക്കാനാണ് വനംവകുപ്പിന്റെ ശ്രമം.












