കൊച്ചി: നടി അനിഖ വിക്രമന്റെ ആരോപണങ്ങളെ തള്ളി വ്യവസായി അനൂപ് പിള്ള. അനിഖ തന്നെ പണത്തിന് വേണ്ടി മാത്രമാണ് സ്‌നേഹിച്ചതെന്നും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന് അനൂപ് പിള്ള ആരോപിച്ചു. മുൻ കാമുകനായ അനൂപ് പിള്ള തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്ന് നടി അനിഖ സമൂഹമാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു, ഇത് ഏറെ ചർച്ചയായതിന് പിന്നാലെയാണ് അനൂപ് പിള്ള വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. മാദ്ധ്യമങ്ങൾക്ക് അദ്ദേഹം വിശദീകരണകുറിപ്പ് അയക്കുകയായിരുന്നു.
സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള വിവരങ്ങളാണ് അനിഖാ വിക്രമൻ എന്ന രൂപശ്രീ നായർ ചെയ്യുന്നതെന്ന് അനൂപ് പിള്ള പറയുന്നു. തനിക്കെതിരായി പലരും വിമർശനങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് തന്റെ ഭാഗം പറയാൻ നിർബന്ധിതനായത്. 2016 ലാണ് അനിഖയും താനും പരിചയപ്പെടുന്നതും സുഹൃദ്ബന്ധം ആരംഭിക്കുന്നതും. 45 വയസുകാരനായ താൻ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന് അനിഖയ്ക്ക് അറിയാമായിരുന്നുവെന്ന് അനൂപ് പിള്ള പറയുന്നു.
രണ്ട് വർഷത്തോളം ഡേറ്റിംഗ് നടത്തി ഒന്നിച്ച് താമസിച്ചു. ബിസിനസുകാരനായ തന്നോടൊപ്പം ഡേറ്റിങ്ങിലായിരുന്ന സമയത്തും അനിഖ നിരവധി പുരുഷന്മാരുമായി ബന്ധം സ്ഥാപിച്ചിരുന്നു. ഏറ്റവുമൊടുവിൽ ഒരു ഛായാഗ്രഹനുമായാണ് അവൾ ബന്ധം സ്ഥാപിച്ചത്. സിനിമയിൽ വേണ്ടത്ര ശ്രദ്ധിക്കുന്ന വേഷങ്ങൾ ലഭിക്കാതിരുന്നതോടെ ഒരു ആൽബം നിർമ്മിക്കണമെന്ന് അനിഖ ആവശ്യപ്പെട്ടു. ഇതോടെയാണ് തമിഴിൽ കനാ എന്ന ആൽബം നിർമ്മിച്ചത്. എന്നാൽ ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ സിനിമാമേഖലയിൽ നിന്നുള്ള ഒരാളുമായി ബന്ധം സ്ഥാപിക്കുന്നതാണ് ഉചിതമെന്ന് അനിഖ തീരുമാനിച്ചു. അങ്ങനെയാണ് അവസാന കാമുകനായ ഛായാഗ്രഹനുമായി നടി ബന്ധം സ്ഥാപിക്കുന്നതെന്ന് അനൂപ് പിള്ള പറയുന്നു.
എന്നാൽ അവൾ പ്രതീക്ഷിച്ച അത്ര സമ്പത്ത് അവനില്ലാത്തതിനാൽ ആ ബന്ധം അവസാനിപ്പിക്കാൻ നടി തീരുമാനിച്ചു. എന്നാൽ ഇയാളുടെ പക്കൽ അവളുടെ വീഡിയോകളും ഫോട്ടോകളും ഉള്ളതിനാൽ തന്റെ സഹാ.ം തേടിയെന്നും അയാളുടെ ഫോൺ തട്ടിയെടുത്തെന്നും അനൂപ് പിള്ള പറയുന്നു. ഈ സംഭവത്തിന് ശേഷം ഏറെ അസ്വസ്ഥയായ അവൾ ഒരു യാത്ര പോകണമെന്നും തന്നെ രക്ഷിക്കണമെന്നും കേണപേക്ഷിച്ചു. ഇതോടെ അവളെ കശ്മീരിലേക്കും മറ്റും യാത്ര കൊണ്ടുപോയി, ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലുണ്ട്. പണത്തിനും അവളുടെ നിലനിൽപ്പിനും വേണ്ടിയാണ് താനുമായി ബന്ധം സ്ഥാപിക്കുന്നതെന്ന് മനസിലായതോടെ അത് അവസാനിപ്പിക്കാൻ താൻ തീരുമാനിച്ചു. അവൾക്ക് സിനിമയിൽ അവസരങ്ങൾ ലഭിക്കാത്തതിനാൽ പണം നൽകി സഹായിക്കുകയും കുടുംബത്തിന് വേണ്ടി പണം നൽകുകയും ചെയ്തുവെന്ന് അനൂപ് പറയുന്നു. പണം നൽകുന്നത് നിർത്തിയതോടെ ശാരീരികമായും മാനസികമായും തന്നെ ഉപദ്രവിക്കുകയും ചെവിക്കല്ല് വരെ അടിച്ച് പൊട്ടിക്കുകയും ചെയ്തുവെന്ന് അനൂപ് പറയുന്നു.
ഇതിന് പിന്നാലെ താൻ വിദേശത്തേക്ക് പോവുകയും ഫ്‌ളാറ്റ് ഒഴിയാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അവൾ ചെന്നെയിലെ ഫ്‌ളാറ്റ് ഒഴിഞ്ഞ് സാധനങ്ങളുമായി തന്റെ ഫ്‌ളാറ്റിലെത്തി. ഡിസംബർ 12 നകം താൻ വരുമെന്ന് പറഞ്ഞതോടെ അതിനകം വേറെ താമസസ്ഥലം കണ്ടുപിടിക്കാമെന്ന് അവൾ ഉറപ്പ് നൽകി. താൻ ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ വീണ്ടും ഇതേ ആവശ്യം ഉയർത്തിയെപ്പോൾ എല്ലാം തകർക്കുമെന്ന് അവൾ ഭീഷണിപ്പെടുത്തി. അതിനുശേഷം, താൻ അവളോട് പലതവണ അപ്പാർട്ട്‌മെന്റ് ഒഴിയാൻ ആവശ്യപ്പെട്ടു, പക്ഷേ അവൾ നിരസിക്കുകയും ജനുവരി 30 വരെ അവിടെ താമസിക്കുകയും ചെയ്തു. പണമില്ലെന്നാണ് ഇതിന് കാരണമായി അനിഖ പറഞ്ഞത് അതിനാൽ താൻ അവളോടൊപ്പം ഹൈദരാബാദിലേക്ക് പോവുകയും അവിടെ ഒരു അപ്പാർട്ട്‌മെന്റ് കണ്ടെത്താൻ അവളെ സഹായിക്കുകയും ചെയ്തുവെന്ന് അനൂപ് പറഞ്ഞു.
പുതിയ താമസസ്ഥലം ലഭിച്ചിട്ടും അവൾ അങ്ങോട്ട് മാറാൻ സമ്മതിച്ചില്ല. ഇത് ചോദിച്ച ദിവസം അവൾ മദ്യലഹരിയിലായിരുന്നു. ചോദ്യം ഇഷ്ടപ്പെടാഞ്ഞതോടെ അവൾ മാറിടങ്ങളിൽ സ്വയം മുറിവുകളുണ്ടാക്കി. മാനസികാവസ്ഥ ശരിയല്ലെന്ന് മനസിലായതോടെ ആ അപ്പാർമെന്റ് വിട്ട് പോകുന്നതാണ് ബുദ്ധിയെന്ന് മനസിലായെന്ന് അനൂപ് പിള്ള പറയുന്നു. അവൾ ആരോപിക്കുന്നത് പോലെ, താൻ അവളെ ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ, ജനുവരി പകുതിക്ക് ശേഷം അവൾ തിരികെ വന്ന് വീണ്ടും തന്നോടൊപ്പം താമസിച്ചത് എന്തുകൊണ്ടെന്ന് അനൂപ് പിള്ള ചോദിക്കുന്നു.












