തൊടുപുഴ : ഇടുക്കിയിൽ അദ്ധ്യാപികയായ അനുമോളെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായ ഭർത്താവ് വിജേഷ് പിടിയിൽ. കുമളിക്ക് സമീപം തമിഴ്നാട് അതിർത്തിയിലെ വനമേഖലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. വിജേഷിന്റെ മൊബൈൽ ഫോൺ ഏതാനും ദിവസങ്ങൾക്കു മുൻപ് വനമേഖലയിൽനിന്ന് പോലീസ് കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വീട്ടിലെ കിടപ്പ് മുറിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് ക്ഷതമേറ്റ് രക്തം വാർന്നാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് വിജേഷിനെ ഈ മാസം 21 മുതൽ കാണാനില്ലായിരുന്നു. ഏക മകളെ ബന്ധുവീട്ടിൽ ഏൽപ്പിച്ച ശേഷമാണ് വിജേഷ് ഒളിവിൽ പോയത്.
കാഞ്ചിയാർ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്കൂളിലെ അദ്ധ്യാപികയായിരുന്നു അനുമോൾ. അനുമോൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി എന്നാണ് യുവതിയുടെ വീട്ടുകാരെ വിജേഷ് വിളിച്ചറിയിച്ചത്.
വിവരമറിഞ്ഞ് മാതാപിതാക്കൾ വീട്ടിലെത്തിയെങ്കിലും കിടപ്പുമുറിയിലേക്ക് കയറാതിരിക്കാൻ വിജേഷ് ശ്രദ്ധിച്ചു. തുടർന്ന് കട്ടപ്പന പോലീസിൽ അനുമോളെ കാണാനില്ലെന്ന് പരാതിയും നൽകി.
അനുമോളെ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. വീണ്ടും വിളിച്ചപ്പോൾ ബെല്ലടിക്കുകയും കട്ടാക്കുകയും ചെയ്തു. പിറ്റേന്ന് സ്റ്റേഷനിലെത്തി അന്വേഷണത്തിന്റെ പുരോഗതി തിരക്കിയ ശേഷം വൈകീട്ടോടെ ഇവർ വിജേഷിന്റെ വീട്ടിലെത്തി. വീട് പൂട്ടിയിരുന്നതിനാൽ തള്ളിത്തുറന്ന് അകത്തുകയറിയപ്പോൾ ദുർഗന്ധം അനുഭവപ്പെടുകയായിരുന്നു. പരിശോധനയ്ക്കിടെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കമ്പിളിപുതപ്പ് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടത്.












