തൃശൂർ : തായ്ലൻഡിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ച മുന്തിയ ഇനം കഞ്ചാവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. തൃശൂർ മണ്ണുത്തിയിലുള്ള ലോഡ്ജിലാണ് സംഭവം. മുഹമ്മദ് ഫാസിൽ എന്ന യുവാവിനെയാണ് എക്സൈസ് പിടികൂടിയത്. ‘ഫാബുല്ലസോ’ എന്ന ഹൈബ്രിഡ് ഇനത്തിൽപ്പെട്ട 2.14കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. അന്തർദേശീയ വിപണിയിൽ ഗ്രാമിന് 3,000 രൂപയോളം വില വരുന്നുണ്ട്.
തായ്ലാൻഡിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് ഇയാൾ കഞ്ചാവ് കേരളത്തിൽ എത്തിച്ചത്. പാലക്കാട് എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തൃശൂർ സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടറും സംഘവും നടത്തിയ പരിശോധനയിലാണ് ലോഡ്ജിൽ നിന്ന് പ്രതി പിടിയിലായത്. എക്സൈസിനെ കണ്ട് ലോഡ്ജിന് മുന്നിലുണ്ടായിരുന്ന പ്രതിയുടെ കൂട്ടാളികൾ ഓടി രക്ഷപ്പെട്ടു.
ഇത് ആദ്യമായാണ് ഇത്തരം ഒരു കഞ്ചാവ് സംസ്ഥാനത്ത് പിടികൂടുന്നതെന്ന് എക്സൈസ് പറഞ്ഞു. സിന്തറ്റിക് ലഹരിയ്ക്ക് സമാനമായ ലഹരിയാണ് ഇത്. പിടിയിലായ ഫാസിൽ കാരിയറാണെന്നാണ് എക്സൈസിന്റെ നിഗമനം. ഇയാളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ഇവരുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












