ചെന്നൈ: വിയറ്റ്‌നാം കോളനിയിലെ ആജാനുബാഹുവായ വില്ലനെ മലയാളികൾ ആരും അത്രപെട്ടെന്ന് മറക്കില്ല. ആറരയടി പൊക്കത്തിൽ റാവുത്തർ നടന്നു വന്നത് കണ്ടപ്പോൾ, മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ മുഖത്ത് മിന്നി മറഞ്ഞ ഭയത്തോടൊപ്പം നിർത്താതെ മിടിച്ചത് നമ്മുടെ ഓരോരുത്തരുടെയും നെഞ്ചിടിപ്പ് കൂടെയായിരുന്നു.
‘വിയറ്റ്‌നാം കോളനി’ എന്ന സിനിമയിൽ വില്ലൻ കഥാപാത്രമായ ‘റാവുത്തറെ’ അവതരിപ്പിച്ച് മലയാളികൾക്കിടയിൽ ശ്രദ്ധനേടിയ തെന്നിന്ത്യന്‍ നടന്‍ വിജയ രംഗരാജു (ഉദയ് രാജ്കുമാർ) അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത് . 70 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
മഹാരാഷ്ട്ര സ്വദേശിയായ വിജയ രംഗരാജു ഹൈദരാബാദിലായിരുന്നു താമസം. ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയ്ക്കായി ചെന്നൈയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. മരണാനന്തര ചടങ്ങുകൾ ചെന്നൈയിൽ നടക്കും.ഹൈദരാബാദിൽ നടന്ന ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ഒരാഴ്ച മുൻപാണ് വിജയ രംഗരാജുവിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മഗരായുഡു, മാഡം, ഭൈരവ ദ്വീപ്, യജ്ഞം, വിശാഖ എക്സ്പ്രസ്, വീര തെലങ്കാന, ബാൻഡ് ബാജ, ശ്ലോകം തുടങ്ങിയവയാണ് ചിത്രങ്ങൾ. സിനിമാ അഭിനയത്തിന് പുറമേ ഭാരോദ്വഹനം, ബോഡി ബിൽഡിങ് എന്നീ മേഖലകളിലും സജീവമായിരുന്നു അദ്ദേഹം. ദീക്ഷിത, പത്മിനി എന്നിവർ മക്കളാണ്.











